മരണം 11 ആയിരാജസ്ഥാനില്‍ ദലിത് എംഎല്‍എയുടെ വീടിന് തീവച്ചു

ന്യൂഡല്‍ഹി: പട്ടികവിഭാഗ നിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ ഭാരതബന്ദിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്നു. രാജസ്ഥാനിലെ കരൗളി ജില്ലയിലെ ഹിന്ദുണ്‍ മേഖലയില്‍  അക്രമാസക്തരായ ഒരു സംഘം ഇന്നലെ ദലിത് എംഎല്‍എയുടെ വീടിന് തീവച്ചു. ദലിത് വിഭാഗത്തില്‍പ്പെട്ട മുന്‍ എംഎല്‍എയുടെ വീടിനു നേരെയും അതിക്രമമുണ്ടായി. ബിജെപി സിറ്റിങ് എംഎല്‍എ ജാദ്കുമാരി ജാദവ്, മുന്‍ കോണ്‍ഗ്രസ് എംഎല്‍എയും മന്ത്രിയുമായ ബറോഷിലാല്‍ ജാദവ് എന്നിവരുടെ വീടുകളാണ് ആക്രമിക്കപ്പെട്ടതെന്ന് കരൗളി കലക്ടര്‍ അഭിമന്യു കുമാര്‍ അറിയിച്ചു. അക്രമിസംഘത്തില്‍ 5000ഓളം പേര്‍ ഉണ്ടായിരുന്നു. പ്രദേശത്ത് കര്‍ഫ്യൂ പ്രഖ്യാപിച്ചതായി അധികൃതര്‍ അറിയിച്ചു.
ദലിത് പ്രക്ഷോഭകര്‍ക്കെതിരായി സവര്‍ണ വിഭാഗങ്ങള്‍ സംഘടിച്ച് അക്രമം നടത്തുകയായിരുന്നു. അക്രമാസക്തരായ ജനക്കൂട്ടത്തിനു നേരെ പോലിസ് കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. അതിക്രമങ്ങളില്‍ പങ്കാളികളായ 40 പേരെ അറസ്റ്റ് ചെയ്തതായും ഡിജിപി എന്‍ ആര്‍ കെ റെഡ്ഡി പറഞ്ഞു.
അതേസമയം, വിവിധ സംസ്ഥാനങ്ങളില്‍ രണ്ടു ദിവസമായി തുടരുന്ന അക്രമങ്ങളില്‍ മരിച്ചവരുടെ എണ്ണം 11 ആയി. പ്രക്ഷോഭം തുടരുന്ന മധ്യപ്രദേശില്‍ കഴിഞ്ഞദിവസം നടന്ന പോലിസ് വെടിവയ്പില്‍ പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചതോടെ സംസ്ഥാനത്തു മാത്രം ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 8 ആയി. ഉത്തര്‍പ്രദേശിലും രണ്ടുപേര്‍ ഇന്നലെ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്. രാജസ്ഥാനില്‍ പരിക്കേറ്റ പോലിസുകാരന്‍ മരിച്ചതായും റിപോര്‍ട്ടുണ്ട്. പ്രക്ഷോഭം ശക്തിപ്പെട്ട 10ഓളം സംസ്ഥാനങ്ങളില്‍, തിരഞ്ഞെടുപ്പ് അടുത്ത രാജസ്ഥാനിലും മധ്യപ്രദേശിലുമാണ് കൂടുതല്‍ അക്രമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് കൂടുതല്‍ അക്രമങ്ങള്‍.
Next Story

RELATED STORIES

Share it