Flash News

മന്ത്രി രവീന്ദ്രനാഥിനെതിരേ അനില്‍ അക്കര എംഎല്‍എ വക്കീല്‍ നോട്ടീസ് അയച്ചു



തൃശൂര്‍: സംഘപരിവാര പശ്ചാത്തലം തുറന്നു കാട്ടിയതിനു മറുപടിയായി മന്ത്രി സി രവീന്ദ്രനാഥ് ഇട്ട ഫേസ്ബുക്ക് പോസ്റ്റിനെതിരേ അനില്‍ അക്കര എംഎല്‍എ വക്കീല്‍ നോട്ടീസ് നല്‍കി. നേരത്തെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അത് ഔദ്യോഗിക ലെറ്റര്‍ പാഡില്‍ വാര്‍ത്താ മാധ്യമങ്ങളിലൂടെയും ഫേസ്ബുക്ക് പോസ്റ്റിലൂടെയും നിഷേധിച്ച മന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നും ആരോപിച്ചാണു തൃശൂര്‍ അയ്യന്തോള്‍ ജില്ലാ കോടതി അഭിഭാഷകന്‍ അഡ്വ. സി ആര്‍ ജെയ്‌സണ്‍ മുഖേന ഇന്നലെ സി രവീന്ദ്രനാഥിനു വക്കീല്‍ നോട്ടീസ് നല്‍കിയത്. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം ക്ഷമാപണം നടത്തി എംഎല്‍എയ്ക്കുണ്ടായ മാനഹാനി പരിഹരിക്കണമെന്നും 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അല്ലാത്തപക്ഷം നിയമ നടപടികളിലേക്കു നീങ്ങുമെന്നും നോട്ടീസില്‍ പറയുന്നു. മന്ത്രിയുടെ സംഘപരിവാര ബന്ധം പരാമര്‍ശിച്ച അനില്‍ അക്കര എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിലെ കാര്യങ്ങള്‍ മന്ത്രി സി രവീന്ദ്രനാഥ് ലെറ്റര്‍ പാഡില്‍ നിഷേധിച്ചിരുന്നു. എംഎല്‍എയുടെ പോസ്റ്റ് വസ്തുതാവിരുദ്ധമാണെന്നും സംഘപരിവാര സംഘടനകളുമായി ഒരുകാലത്തും ബന്ധമുണ്ടായിരുന്നില്ലെന്നുമാണു മന്ത്രി അറിയിച്ചത്. അതിനു പിറകെ എംഎല്‍എയെ അപമാനിക്കുന്ന രീതിയിലുള്ള ഫേസ്ബുക്ക് പോസ്റ്റുകള്‍ സിപിഎം പ്രവര്‍ത്തകരില്‍ നിന്നും അനുഭാവികളില്‍ നിന്നും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതു മന്ത്രിയുടെ അറിവോടെയാണെന്നു കരുതുന്നതായും അതു മാനഹാനി ഉണ്ടാക്കിയതായും വക്കീല്‍ നോട്ടീസില്‍ പറയുന്നുണ്ട്.
Next Story

RELATED STORIES

Share it