മന്ത്രി ജി സുധാകരന്‍ വേദിയില്‍ നിന്നിറങ്ങിപ്പോയി

അമ്പലപ്പുഴ: സിപിഐ വനിതാ നേതാവും കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സനുമായ ജെ ചിഞ്ചുറാണിയോട് കയര്‍ത്ത് പൊതുമരാമത്ത് രജിസ്‌ട്രേഷ ന്‍ മന്ത്രി ജി സുധാകരന്‍ വേദിയില്‍ നിന്നിറങ്ങിപ്പോയി. ഇന്നലെ അമ്പലപ്പുഴ കെകെ കുഞ്ചുപിള്ള മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന കെപ്‌കോയുടെ ആശ്രയ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങിലാണ് മന്ത്രിയുടെ ഇറങ്ങിപ്പോക്ക്. ചടങ്ങിന്റെ അധ്യക്ഷ ജെ ചിഞ്ചുറാണിയും ഉദ്ഘാടനം മന്ത്രിയുമായിരുന്നു. കെപ്‌കോ ചെയര്‍പേഴ്‌സണിന് പകരം പഞ്ചായത്ത് പ്രസിഡന്റിനെ അധ്യക്ഷനാക്കിയില്ലെങ്കില്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ജി സുധാകരന്‍ പറഞ്ഞു. പഞ്ചായത്ത് നടത്തുന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റാണ് അധ്യക്ഷത വഹിക്കേണ്ടതെന്നും കെപ്‌കോ ചെയര്‍പേഴ്‌സണ്‍ എന്നത് ഒരു ഉദ്യോഗസ്ഥയായതിനാല്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കാന്‍ ആവില്ലെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന്  മന്ത്രി ചടങ്ങ് ബഹിഷ്‌കരിച്ചു. എന്നാല്‍ പരിപാടിയുടെ സംഘാടകര്‍ പൗള്‍ട്രി വികസന കോര്‍പറേഷന്‍ ആണെന്നും ചെയര്‍പേഴ്‌സണ്‍ ആയ താന്‍ ഉദ്യോഗസ്ഥയല്ലെന്നും ജെ ചിഞ്ചുറാണി പറഞ്ഞു. പൊതുവേദിയില്‍ മന്ത്രി കയര്‍ത്തതിനെതിരേ മുഖ്യമന്ത്രി പിണറായി വിജയനും മൃഗസംരക്ഷണ മന്ത്രി കെ രാജുവിനും പരാതി നല്‍കുമെന്ന് ചിഞ്ചുറാണി അറിയിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്തിലെ അശരണരായ വിധവകള്‍ക്ക് 10 കോഴിയും 10 കിലോ കോഴിത്തീറ്റയും മരുന്നും പൗള്‍ട്രി വികസന കോര്‍പറേഷന്റെ നേതൃത്വത്തി ല്‍ വിതരണം ചെയ്യുന്നതായിരുന്നു പരിപാടി. ചടങ്ങ് ബഹിഷ്‌കരിച്ച മന്ത്രിയെ പിന്നീട് സംഘാടകരും നേതാക്കളും അനുനയിപ്പിച്ചതിനെ തുടര്‍ന്ന് ഉദ്ഘാടനം ചെയ്ത ശേഷമാണ് മടങ്ങിയത്.ചടങ്ങില്‍ പ്രോട്ടോകോള്‍ സംബന്ധിച്ച് മന്ത്രി അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തുകയായിരുന്നുവെന്ന് സിപിഐ അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി വി സി മധു പ്രസ്താവനയില്‍ പറഞ്ഞു. എംഎല്‍എയും മന്ത്രിയും ഒരാള്‍ തന്നെയായതിനാലാണ് കോര്‍പറേഷന്‍ ചെയര്‍മാന്‍ അധ്യക്ഷയായത്. പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് മന്ത്രിയെ തന്നെയാണ് ഉദ്ഘാടകനായി തീരുമാനിച്ചത്. എന്നാല്‍ ചടങ്ങില്‍ സ്വാഗതപ്രസംഗകനായി തീരുമാനിച്ചിരുന്ന ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിനെ അധ്യക്ഷനാക്കണമെന്ന് മന്ത്രി വാശിപിടിക്കുകയും കോര്‍പറേഷന്‍ ചെയര്‍മാനായ ചിഞ്ചുറാണിയുടെ നേരെ പരസ്യമായി കയര്‍ക്കുകയും ചെയ്താണു മന്ത്രി വേദി വിട്ടത്. അതേസമയം ജില്ലയില്‍ നിലനില്‍ക്കുന്ന സിപിഎം- സിപിഐ പോരാണ് ഇന്നലെ നടന്ന സംഭവങ്ങള്‍ക്കു കാരണമെന്ന് ആക്ഷേപമുണ്ട്.
Next Story

RELATED STORIES

Share it