Alappuzha local

മന്ത്രിയും പ്രവാസികളും തുണച്ചു; എണ്‍പത്തെട്ടുകാരിക്ക് വീടായി

ആലപ്പുഴ: മന്ത്രി ജി സുധാകരന്റെ  ഇടപെടലും ബഹ്‌റൈന്‍ കേരളീയ സമാജം, സാംസ്‌കാരിക സംഘടന ബഹ്‌റൈന്‍ പ്രതിഭ എന്നിവയുടെ അകമഴിഞ്ഞ പിന്തുണയും ചേര്‍ന്നപ്പോള്‍    തലചായ്ക്കാന്‍ വീട് എന്ന എണ്‍പത്തെട്ട്കാരി കൊച്ചുപെണ്ണിന്റെ  ആഗ്രഹത്തിന് സ്വപ്‌നസാഫല്യം.
പൊതുമരാമത്ത് വകുപ്പുമന്ത്രി ജി.സുധാകരന്‍ ബഹ്‌റൈന്‍ സന്ദര്‍ശിച്ചപ്പോഴാണ് ബഹ്‌റൈന്‍ മലയാളികളുടെ സംഘടന കേരളത്തിലെ ഓരോ ജില്ലയിലും  ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന വിവരം അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് അദ്ദേഹം ബഹ്‌റൈന്‍ കേരളീയ സമാജം നേതൃത്വവുമായി ബന്ധപ്പെടുകയും  തന്റെ മണ്ഡലത്തിലെ വീടില്ലാത്ത കളകര്‍കോട് ചെന്നയ്ക്കല്‍വെളി കൊച്ചുപെണ്ണിന് വീട് നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയുമായിരുന്നു. ബഹ്‌റൈനില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായ ഖത്തര്‍ എന്‍ജിനിയറിങ്ങിലെ തിരുവനന്തപുരം പേട്ട സ്വദേശി  ബാബുരാജ് വീട് വച്ച് നല്‍കാന്‍ സ•നസ്സ് കാട്ടുകയും ചെയ്തു.  ഇദ്ദേഹം അഞ്ചരലക്ഷം രൂപ നല്‍കി.
ആര്‍ക്കിട്ടെക്ട് ശങ്കറിന്റെ രൂപ കല്‍പ്പനയോടെ കുളിമുറികളോടുകൂടിയ രണ്ടുകിടപ്പുമുറി, ഒരു ഹാള്‍, അടുക്കള, സിറ്റ് ഔട്ട് എന്നിവയോടുകുടിയ വീടാണ് നിര്‍മ്മിച്ച് കൈമാറിയത്. കൊച്ചുപെണ്ണിന്റെ രണ്ടുപെണ്‍മക്കളും ഒരു മകളുടെ ഭര്‍ത്താവുമാണ് ഈ വീട്ടിലെ താമസക്കാര്‍.
വീട്ടിലെ ഒരംഗം രോഗബാധിതനായതോടെ ഇവരുടെ വീട് എന്ന സ്വപ്‌നം മരീചികയായി മാറുകയായിരുന്നു. മത-രാഷ്ട്രീയ-സാമുദായിക ചിന്തകള്‍ക്ക് അതീതമായി പ്രവാസികളില്‍ ഒരു വിഭാഗം കാട്ടുന്ന കാരുണ്യസ്പര്‍ശം ഏവര്‍ക്കും മാതൃകയാണെന്ന് ഗൃഹപ്രവേശനച്ചടങ്ങില്‍ പങ്കെടുത്ത് മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാല്‍, ആര്‍ക്കിടെക്ട് ജി.ശങ്കര്‍, പഞ്ചായത്ത് പ്രസിഡന്റ് സുവര്‍ണ പ്രതാപന്‍, പ്രവാസി കമ്മീഷന്‍ മെമ്പര്‍ സുബീര്‍ കണ്ണൂര്‍, സഹായ ഹസ്തവുമായി വന്ന ബാബുരാജ്, തിരുവനന്തപുരത്ത് ആര്‍ക്കിടെക്ടായ അദ്ദേഹത്തിന്റെ ഭാര്യ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രവേശനത്തിന് എത്തിയിരുന്നു.   മന്ത്രിയുടെ സാന്നിധ്യത്തില്‍ കൊച്ച് പെണ്ണ് വീട് തുറന്ന് ഉള്ളില്‍ പ്രവേശിച്ചതോടെ ചടങ്ങുകള്‍ക്ക് സമാപനമായി.
Next Story

RELATED STORIES

Share it