Editorial

മനുഷ്യാവകാശ കമ്മീഷനെ വിമര്‍ശിക്കുന്നതെന്തിന്?

മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് ചെയര്‍മാന്‍ പി മോഹനദാസ് കമ്മീഷന്റെ പണിയെടുത്താല്‍ മതിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി ഉപദേശിച്ചിരിക്കുന്നു. സൈബര്‍ പോരാളികളെപ്പോലെ എന്തും വിളിച്ചുപറയുന്ന മാനസികാവസ്ഥയിലാണ് ചെയര്‍മാനെന്നും മുഖ്യമന്ത്രി ആരോപിക്കുന്നു. തൊട്ടുപിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കമ്മീഷനു നേരെ വിമര്‍ശനവുമായി രംഗത്തുവന്നിട്ടുണ്ട്.
വിമര്‍ശനങ്ങള്‍ സഹിക്കാനുള്ള സന്നദ്ധത ഭരണകര്‍ത്താക്കള്‍ക്ക് കുറഞ്ഞുവരുന്നതിന്റെ സൂചനയാണോ ഈ പ്രതികരണം? വരാപ്പുഴയിലെ ശ്രീജിത്ത് പോലിസ് കസ്റ്റഡിയിലുണ്ടായ അതിക്രൂരമായ മര്‍ദനംമൂലം കൊല്ലപ്പെട്ടതു സംബന്ധിച്ചാണ് കമ്മീഷന്‍ ചെയര്‍മാന്‍ പ്രതികരിച്ചത്. ശ്രീജിത്തിന്റെ കൊലപാതകം സംബന്ധിച്ച് ഇനിയും ഒരുപാട് ദുരൂഹതകള്‍ ബാക്കിനില്‍ക്കുന്ന പശ്ചാത്തലത്തില്‍ അത് സിബിഐക്ക് വിടണമെന്ന് കമ്മീഷന്‍ ആവശ്യപ്പെടുന്നതില്‍ അസ്വാഭാവികതയൊന്നുമില്ല. ശ്രീജിത്തിന്റെ കുടുംബം തന്നെ ഉന്നയിക്കുന്ന ഒരാവശ്യമാണിത്. വരാപ്പുഴയില്‍ ലോക്കപ്പ് മുറി ഇടിമുറിയാക്കി പോലിസുകാര്‍ കസ്റ്റഡിയിലുള്ളവരുടെ നേരെ നടത്തിയ കൈയേറ്റത്തെക്കുറിച്ച് ഓരോ ദിവസവും വരുന്ന പുതിയ വാര്‍ത്തകള്‍, ഇടതുപക്ഷത്തിന് നിര്‍ണായക സ്വാധീനമുള്ള സംസ്ഥാനത്ത് ഇപ്പോഴും മൂന്നാംമുറയാണ് നിയമപാലകര്‍ക്ക് പഥ്യം എന്നു തെളിയിക്കുന്നുണ്ട്. സര്‍ക്കാരിനു വേണ്ടി എന്തു നിയമലംഘനത്തിനും മടിയില്ലാത്ത എറണാകുളം മുന്‍ റൂറല്‍ എസ്പിക്കും മറ്റു ചില ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ക്കും ശ്രീജിത്തിന്റെ മരണത്തില്‍ പങ്കുണ്ടെന്നു സംശയമുള്ള സ്ഥിതിക്ക് കൂടുതല്‍ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം വേണമെന്നു പറയുന്നത് മനുഷ്യാവകാശപ്രവര്‍ത്തനത്തിന്റെ പരിധിക്കു പുറത്തല്ല.
എന്നാല്‍, അതേ പോലിസ് ഉദ്യോഗസ്ഥനെ പോലിസ് ട്രെയിനിങ് കോളജിലേക്ക് സ്ഥലം മാറ്റിയതിനെ കമ്മീഷന്‍ വിമര്‍ശിച്ചതില്‍ അനൗചിത്യമുണ്ടെന്ന കാര്യം നിസ്തര്‍ക്കമാണ്. പക്ഷേ, മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും മനുഷ്യാവകാശ കമ്മീഷന്‍പോലുള്ള സ്വയംഭരണ സ്ഥാപനങ്ങള്‍ തങ്ങള്‍ ഉദ്ദേശിക്കുന്നപോലെ പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിക്കുകയും തങ്ങള്‍ക്കെതിരേ വിമര്‍ശനമുയരുമ്പോള്‍ പ്രകോപിതരാവുകയും ചെയ്യുന്നതു ശരിയല്ല. സംസ്ഥാന വനിതാ കമ്മീഷന്‍, ഹാദിയ വിഷയംപോലെ കേരളത്തെ പിടിച്ചുകുലുക്കിയ മനുഷ്യാവകാശ ലംഘനങ്ങളുണ്ടായപ്പോള്‍ മൗനത്തിന്റെ മാളത്തിലൊളിച്ചത് പാര്‍ട്ടി നേതൃത്വത്തെ ഭയപ്പെട്ടിട്ടാണെന്നു വ്യക്തമായിരുന്നു. കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈനും കമ്മീഷന്‍ അംഗങ്ങളായ മറ്റു മഹതികളും പ്രായപൂര്‍ത്തിയായ ഒരു യുവതിയെ അച്ഛനമ്മമാരും സംഘപരിവാര നേതാക്കളും വീട്ടുതടങ്കലിലാക്കിയപ്പോള്‍ ഫലപ്രദമായി ഇടപെടുന്നതിനു പകരം നിയമവ്യാഖ്യാനങ്ങളുടെ തണലില്‍ തലസ്ഥാനത്ത് സസുഖം വാഴുകയായിരുന്നു. എല്ലാ കമ്മീഷനുകളും അങ്ങനെ പെരുമാറണമെന്നായിരിക്കണം ഒരുപക്ഷേ, മുഖ്യമന്ത്രിയും സിപിഎം നേതാക്കളും ആഗ്രഹിക്കുന്നത്. ജനാധിപത്യ വ്യവസ്ഥിതിയില്‍ എന്തുചെയ്യാം, വിമര്‍ശനങ്ങളും പ്രതികരണങ്ങളുമാണ് പൗരാവകാശങ്ങള്‍ രക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it