മനുഷ്യാവകാശലംഘനങ്ങള്‍ വ്യാപകം

ഡോ. ടി വി മുഹമ്മദലി

സിറിയയില്‍ നിന്നും മറ്റുമായി പതിനായിരക്കണക്കിനു മനുഷ്യര്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് അഭയാര്‍ഥികളായി ഒഴുകിക്കൊണ്ടിരിക്കുമ്പോഴും സിറിയ, ഇറാഖ്, അഫ്ഗാനിസ്താന്‍ എന്നിവിടങ്ങളിലെ 14 മില്യന്‍ കുട്ടികള്‍ യുദ്ധങ്ങളും സംഘട്ടനങ്ങളും മൂലമുള്ള അനീതികള്‍ക്കു നിത്യവും ഇരകളായിക്കൊണ്ടിരിക്കുമ്പോഴും ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ച് ലോകം മനുഷ്യാവകാശദിനം കൊണ്ടാടുകയാണ്. ആണ്ടോടാണ്ട് മനുഷ്യാവകാശദിനം ആചരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് അതിക്രൂരമാം വിധം മനുഷ്യാവകാശലംഘനങ്ങള്‍ ലോകത്തെമ്പാടും വര്‍ധിച്ചുകൊണ്ടിരിക്കുന്നതും.
ഐക്യരാഷ്ട്രസഭ 1948ല്‍ പുറപ്പെടുവിച്ച ചാര്‍ട്ടര്‍, ഓരോ രാജ്യത്തെയും മനുഷ്യാവകാശ നിയമങ്ങള്‍, അവരവരുടെ ഭരണഘടനകളിലെ മൗലികാവകാശങ്ങളും മാര്‍ഗനിര്‍ദേശക തത്ത്വങ്ങളുമെല്ലാം ഏട്ടിലെ പശുവായി, ജീവനില്ലാത്ത അക്ഷരങ്ങളായി സ്ഥിതിചെയ്യുന്നു. പ്രയോഗത്തില്‍ ഈ നിയമങ്ങള്‍ പുലരാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന് മനുഷ്യാവകാശ വിദ്യാഭ്യാസം പൗരന്മാര്‍ക്കു ലഭിക്കാതെ പോയതാണ്. ഭരണാധികാരികളും പൗരന്മാരും മനുഷ്യാവകാശങ്ങളെപ്പറ്റി ബോധവാന്മാരല്ലെങ്കില്‍പ്പിന്നെ മനുഷ്യാവകാശപാലനമോ ലംഘനമോ പ്രശ്‌നമാവില്ലല്ലോ. ലംഘനങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുക.
മനുഷ്യാവകാശങ്ങളിലെ പ്രഥമപടിയാണ് മൗലികാവകാശങ്ങള്‍. പരിഷ്‌കൃത ലോകം ഈ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റുകയും പങ്കിടുകയും ചെയ്യുന്നതില്‍ പറ്റെ പരാജയമാണെന്നാണ് ആംനസ്റ്റി ഇന്റര്‍നാഷനല്‍, ഹ്യൂമന്റൈറ്റ്‌സ് വാച്ച്, യുഎന്‍ റിപോര്‍ട്ടുകള്‍, മറ്റ് സര്‍വേകളും പഠനങ്ങളുമൊക്കെ വെളിപ്പെടുത്തുന്ന വസ്തുതകള്‍. 100 മില്യന്‍ ജനങ്ങള്‍ക്ക് ലോകത്ത് തലചായ്ക്കാന്‍ ഭവനങ്ങളില്ല. യൂറോപ്പില്‍ മാത്രം മൂന്നു മില്യന്‍ ജനങ്ങള്‍ തെരുവുകളിലാണ് അന്തിയുറങ്ങുന്നത്. ലോകത്ത് ഭവനങ്ങളുള്ളവരില്‍ തന്നെ ഒരു മില്യന്‍ ജനങ്ങളുടേത് രാപാര്‍ക്കാന്‍ യോഗ്യമായ വീടുകളല്ല.
ലോകത്തെ 7.3 ബില്യന്‍ ജനങ്ങളില്‍ മൂന്നിലൊന്നു പേര്‍ക്കും കുടിനീരിനു ശുദ്ധജലം ലഭ്യമല്ല. 795 മില്യന്‍ ജനങ്ങളും- അതായത് ലോകത്തെ ഒമ്പതു പേരില്‍ ഒരാള്‍ വീതം- പോഷകാഹാരക്കുറവുമൂലം നിത്യരോഗികളാണ്. ഇവരില്‍ 789 മില്യന്‍ പേര്‍ വികസ്വര രാജ്യങ്ങളിലും ബാക്കി ജനങ്ങള്‍ വികസിത രാജ്യങ്ങളിലുമാണ്. പട്ടിണിയില്‍ കഴിയുന്ന 780 മില്യന്‍ ജനങ്ങളും വികസ്വര രാഷ്ട്രങ്ങളില്‍ തന്നെയാണ്. അതായത് ലോകജനതയില്‍ എട്ടിലൊന്നു പേര്‍. ലോകത്ത് നിരക്ഷരര്‍ 49 ശതമാനമാണ്. ഇവരില്‍ മൂന്നില്‍ രണ്ടു ഭാഗവും സ്ത്രീകളാണ്. 98 ശതമാനം അക്ഷരജ്ഞാനമില്ലാത്തവരും വികസ്വര രാജ്യങ്ങളിലാണ്. ധനികരും ദരിദ്രരും തമ്മിലെ വിദ്യാഭ്യാസ അന്തരം ഭീമമാണെന്നാണ് യുഎന്‍ റിപോര്‍ട്ട്.
ഓരോ ദിവസവും ലോകത്ത് പട്ടിണിഗ്രാമങ്ങളില്‍ 22,000 കുട്ടികള്‍ വിശപ്പു മൂലം മരിച്ചുകൊണ്ടിരിക്കുന്നുവെന്നാണ് യൂനിസെഫ് പറയുന്നത്. 2.2 ബില്യന്‍ കുട്ടികളാണ് ലോകത്താകമാനമുള്ളത്. ഇവരില്‍ ഒരു ബില്യന്‍ പേര്‍ പട്ടിണിക്കാരാണ്. 640 മില്യന്‍ കുട്ടികള്‍ക്ക് അന്തിയുറങ്ങാന്‍ പാകത്തിലുള്ള വീടുകളില്ല.
ലോകജനതയില്‍ പകുതിയും (മൂന്നു ബില്യനിലധികം) രണ്ടര ഡോളറില്‍ താഴെ നിത്യവരുമാനക്കാരാണ്. 80 ശതമാനം ജനങ്ങളും 10 ഡോളറില്‍ താഴെ നിത്യവരുമാനക്കാരുമാണ്.
അധിനിവേശങ്ങളിലൂടെ മനുഷ്യാവകാശലംഘനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നവര്‍ സ്വന്തം രാജ്യങ്ങളിലെ പൗരന്മാരെത്തന്നെ കരിനിയമങ്ങള്‍ ഉപയോഗിച്ചു തുറുങ്കിലിടുന്നു. ഭീകരാക്രമണങ്ങളും മറ്റും ആരോപിച്ച് ജയിലിലടച്ച വിചാരണത്തടവുകാരുടെ കേസുകള്‍ അനിശ്ചിതമായി നീട്ടിക്കൊണ്ടുപോകുന്നു. തടവറകളില്‍ ഉള്ളവരോട് ക്രൂരത കാട്ടിക്കൊണ്ടിരിക്കുന്നു. രാജ്യത്ത് 80,000 പേര്‍ ഏകാന്ത തടവറകളിലാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് ഈയിടെ റിപോര്‍ട്ട് ചെയ്യുകയുണ്ടായി. തങ്ങളെ ഉദ്യോഗസ്ഥര്‍ അടിക്കുകയും കഴുത്തു ഞെരിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി 60 ജയില്‍പ്പുള്ളികള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയതായും റിപോര്‍ട്ടില്‍ പറയുന്നു. ഗ്വണ്ടാനമോ പോലുള്ള അമേരിക്കന്‍ തടവറകള്‍ കുപ്രസിദ്ധമാണല്ലോ.
ഭക്ഷണം, പാര്‍പ്പിടം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നീ അടിസ്ഥാന ആവശ്യങ്ങള്‍ പൗരന്മാര്‍ക്ക് യഥാര്‍ഹം ലഭ്യമാക്കാത്ത മറ്റ് മനുഷ്യാവകാശങ്ങള്‍ ലംഘിച്ചുകൊണ്ടിരിക്കുന്ന രാജ്യങ്ങളില്‍ മുന്‍പന്തിയിലാണ് ഇന്ത്യ എന്നാണ് ഐക്യരാഷ്ട്ര സഭയുടെ വിലയിരുത്തല്‍. ലോകരാഷ്ട്രങ്ങളില്‍ പട്ടിണിയില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യക്ക്. ഇവിടെ 68.7 ശതമാനം ആളുകളും ദരിദ്രരാണ്. 32.7 ശതമാനം ദാരിദ്ര്യരേഖയ്ക്കു താഴെയാണ് ജീവിക്കുന്നത്. 28.6 ശതമാനം പേര്‍ കൊടുംപട്ടിണിയിലും.
യൂനിസെഫിന്റെ റിപോര്‍ട്ട് പ്രകാരം ലോകത്ത് പോഷകാഹാരക്കുറവുള്ള കുട്ടികളില്‍ മൂന്നിലൊന്നു കുട്ടികളും നമ്മുടെ രാജ്യത്താണ്. ഇവിടെ അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ 42 ശതമാനം പേരും നല്ല ഭക്ഷണം ലഭിക്കാത്തതിനാല്‍ ഭാരക്കുറവുള്ളവരാണ്. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ 58 ശതമാനം പേരും പോഷകാഹാരക്കുറവു മൂലം വളര്‍ച്ച മുരടിച്ചവരാണ്. ലോകത്തെ ഏറ്റവും വലിയ നിരക്ഷര ജനതയുള്ള രാജ്യമാണ് ഇന്ത്യ- 287 മില്യന്‍.
നമ്മുടെ ജയിലറകളിലെ പീഡനങ്ങളുടെ കഥ ബോധ്യപ്പെടാന്‍ ഈയിടെ ഇന്ത്യാടുഡേ പ്രസിദ്ധീകരിച്ച ഒരു റിപോര്‍ട്ട് മതിയാവും. യുപിയിലെ മുറാദാബാദ് സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് ഉറങ്ങണമെങ്കില്‍ മനുഷ്യന്റെ മേല്‍ മനുഷ്യന്‍ മേല്‍ക്കുമേല്‍ അട്ടിയായി കിടന്നു വേണം ഉറങ്ങാന്‍. 2200 പേര്‍ താമസിക്കുന്ന ജയിലറയില്‍ 650 പേര്‍ക്കുള്ള സ്ഥലസൗകര്യമേയുള്ളൂ. അതിനാല്‍ ഇവര്‍ ഉറങ്ങാന്‍ ഷിഫ്റ്റ് സമ്പ്രദായം സ്വീകരിച്ചിരിക്കുകയാണ്. ഓരോ ദിവസവും 600 പേരെങ്കിലും രാവിലെ കേസ് വിചാരണയ്ക്ക് കോടതിയില്‍ പോവും. അപ്പോള്‍ സെല്ലുകളിലുള്ളവരില്‍ കുറേ പേര്‍ ഉറങ്ങും. കേസ് വിചാരണയ്ക്കു ശേഷം തിരിച്ചെത്തുന്നവര്‍ ഉറങ്ങാത്ത മറ്റുള്ളവരുമായി തങ്ങളുടെ 6-2 ഫീറ്റ് സെല്ലുകള്‍ പങ്കിടുകയും ചെയ്യും.
രാജ്യത്തെ മഹാഭൂരിപക്ഷം ജനത്തിനും മനുഷ്യാവകാശങ്ങളെപ്പറ്റി അറിയില്ല. അതുകൊണ്ടുതന്നെ തങ്ങള്‍ക്കു ലഭിക്കേണ്ട അവകാശങ്ങളെപ്പറ്റിയോ തങ്ങളില്‍ നിന്നു കവര്‍ന്നെടുക്കുന്നതെന്തെന്നോ ഇവര്‍ അറിയുന്നില്ല. വാസ്തവത്തില്‍ മനുഷ്യാവകാശങ്ങളെപ്പറ്റി ബോധവാന്മാരാവുമ്പോഴാണ് പൗരന്മാര്‍ക്ക് വ്യക്തിത്വവികാസമുണ്ടാവുന്നത്; സ്വാതന്ത്ര്യബോധവും സ്വാശ്രയശീലവുമുണ്ടാകുന്നത്. സാമൂഹികബോധവും സാമുദായികസൗഹാര്‍ദവും മനുഷ്യാവകാശങ്ങളെപ്പറ്റിയുള്ള ബോധത്തില്‍ നിന്നാണ് സാധ്യമാവുക. പരസ്പരധാരണയും സഹിഷ്ണുതയും ഈ ബോധം വഴി ഉണ്ടാവേണ്ടതാണ്.
നമ്മുടെ ഭരണഘടനാനുസൃതം ഓരോ വ്യക്തിക്കും വിദ്യാഭ്യാസം എന്നതുപോലെ മനുഷ്യാവകാശ വിദ്യാഭ്യാസവും മൗലികാവകാശമാണ്. നാഷനല്‍ ഹ്യൂമന്റൈറ്റ്‌സ് കമ്മീഷന്‍ ചില കമ്മിറ്റികള്‍ രൂപീകരിക്കുകയും യുജിസി നേതൃപരമായ പങ്കുവഹിക്കുകയും ചെയ്തതിന്റെ ഫലമായി ചില യൂനിവേഴ്‌സിറ്റികളില്‍ ഹ്യൂമന്റൈറ്റ്‌സ് എജ്യൂക്കേഷന്‍ കോഴ്‌സുകള്‍ തുടങ്ങിയിട്ടുണ്ട്. പക്ഷേ, സാധാരണ ജനങ്ങളിലേക്ക് ഈ വിദ്യാഭ്യാസം എത്തുന്നില്ല.
സ്‌കൂള്‍തലം മുതല്‍ തീര്‍ച്ചയായും മനുഷ്യാവകാശങ്ങളെപ്പറ്റി പഠനം നടക്കേണ്ടിയിരിക്കുന്നു. എങ്കിലേ മനുഷ്യന്, മറ്റുള്ളവര്‍ക്ക് അനുവദിച്ചുകൊടുക്കേണ്ടത് എന്തെന്നു തിരിച്ചറിയാനും തനിക്ക് അവകാശപ്പെട്ടതിനെപ്പറ്റി ബോധവാനാകാനും കഴിയൂ. ഇപ്പോള്‍ സമൂഹത്തില്‍ മനുഷ്യാവകാശ ബോധവല്‍ക്കരണം നടത്തിക്കൊണ്ടിരിക്കുന്നത് സന്നദ്ധ സംഘടനകളാണ്. അവര്‍ക്ക് ധാരാളം പരിമിതികളുണ്ടുതാനും. $
Next Story

RELATED STORIES

Share it