മനുഷ്യരെ ഭിന്നിപ്പിക്കുന്ന നീക്കത്തിന് ഭരണകൂടം കൂട്ടുനില്‍ക്കരുത്: ഇമാം മഹ്ദി അസ്സലഫി

സലഫിനഗര്‍ (കൂരിയാട്): ഭക്ഷണം, വസ്ത്രം, ചിന്ത, വിശ്വാസം എന്നിവയുടെ പേരില്‍ മനുഷ്യരെ ഭിന്നിപ്പിക്കുന്ന നീക്കത്തിന് ഭരണകൂടം കൂട്ടുനില്‍ക്കരുതെന്ന് ഓള്‍ ഇന്ത്യ ജംഇയ്യത്ത് അഹ്‌ലെ ഹദീസ് പ്രസിഡന്റ് മൗലാനാ അസ്ഗര്‍ ഇമാം മഹ്ദി അസ്സലഫി അഭിപ്രായപ്പെട്ടു. മുജാഹിദ് ഒമ്പതാം സംസ്ഥാന സമ്മേളനം കൂരിയാട് സലഫിനഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ആത്മാവില്‍ ഉള്‍ച്ചേര്‍ന്ന ബഹുസ്വരത ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് അസ്സലഫി പറഞ്ഞു. രാജ്യത്തിന്റെ ചരിത്ര പൈതൃകങ്ങള്‍ മായ്ച്ചുകളയാനും വര്‍ഗീയവല്‍ക്കരിക്കാനുമുള്ള ശ്രമം പരാജയപ്പെടുത്തണം. ആഗോള ഭീകരസംഘടനയായ ഐഎസ് അതിന്റെ ജന്മസ്ഥലത്തു തന്നെ അന്ത്യശ്വാസം വലിക്കുമ്പോള്‍ അവരുടെ ദുഷ്പ്രചാരണത്തില്‍ വഞ്ചിതരാവുന്നവര്‍ അവിവേകികളാണ്. ഇസ്്‌ലാമിക സംജ്ഞകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് വിഭാഗീയത പരത്തുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് ടി കെ മുഹ്‌യുദ്ദീന്‍ ഉമരി അധ്യക്ഷത വഹിച്ചു. കെഎന്‍എം പ്രസിഡന്റ് ടി പി അബ്ദുല്ലക്കോയ മദനി, വൈസ് പ്രസിഡന്റ് ഡോ. ഹുസയ്ന്‍ മടവൂര്‍, ജനറല്‍ സെക്രട്ടറി പി പി ഉണ്ണീന്‍കുട്ടി മൗലവി, വൈസ് പ്രസിഡന്റ് പി കെ അഹ്മദ്, എം സ്വലാഹുദ്ദീന്‍ മദനി, പ്രഫ. എന്‍ വി അബ്ദുറഹ്മാന്‍, നൂര്‍ മുഹമ്മദ് നൂര്‍ഷ, സ്വാഗതസംഘം ചെയര്‍മാന്‍ വി കെ സകരിയ്യ, ഐഎസ്എം പ്രസിഡന്റ് ഡോ. എ ഐ അബ്ദുല്‍ മജീദ് സ്വലാഹി പങ്കെടുത്തു.
Next Story

RELATED STORIES

Share it