മധ്യപ്രദേശില്‍ ഹിന്ദു സന്ന്യാസിമാര്‍ക്ക് സഹമന്ത്രി പദവി നല്‍കി ബിജെപി

ഭോപാല്‍: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ഹിന്ദു സന്ന്യാസിമാര്‍ക്ക് സഹമന്ത്രി പദവി നല്‍കി ബിജെപി സര്‍ക്കാര്‍. ബാബാ നര്‍മദാനന്ദജി, ബാബ ഹരിഹരാനന്ദജി, കംപ്യൂട്ടര്‍ ബാബ, ഭയ്യുജി മഹാരാജ്, പണ്ഡിറ്റ് യോഗേന്ദ മഹന്ത് എന്നിവര്‍ക്കാണ് സഹമന്ത്രി പദവി നല്‍കി സര്‍ക്കാര്‍ ഉത്തരവായത്.
നര്‍മദാ നദി വിഷയത്തില്‍ സര്‍ക്കാരിനെതിരേ പ്രതിഷേധം സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കിയ സന്ന്യാസിമാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ജലസംരക്ഷണം, വൃത്തിശീലം, നര്‍മദാ തീരത്തെ വനവല്‍ക്കരണം എന്നീ വിഷയങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കുന്നതിനായി രൂപീകരിച്ച പ്രത്യേക കമ്മിറ്റിയില്‍ അംഗങ്ങളാക്കിയാണ് ഇവര്‍ക്ക് സഹമന്ത്രി പദവി നല്‍കിയിരിക്കുന്നത്. അതേസമയം, ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരിന്റെ നടപടിക്കെതിരേ സാമുദായിക പ്രീണനമാണെന്നാരോപിച്ച് മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ് രംഗത്തെത്തി.
നടപടി ചൗഹാന്‍ മന്ത്രിസഭയുടെ തന്ത്രമാണ്. മതനേതാക്കള്‍ക്ക് സഹമന്ത്രി പദവി നല്‍കിയതോടെ ഈ വര്‍ഷാവസാനം വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അതത് സമുദായങ്ങളില്‍ നിന്നു ലഭിക്കുന്ന വോട്ടുകളിലാണ് ബിജെപി കണ്ണുനട്ടിരിക്കുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. രാഷ്ട്രീയ നാടകമാണ് പുതിയ നടപടിയെന്ന കോണ്‍ഗ്രസ് ആരോപണത്തോട് സന്ന്യാസിമാരുമായി ബന്ധപ്പെട്ട ഏതു കാര്യത്തിനും കോണ്‍ഗ്രസ് എതിരാണെന്നു ബിജെപി വക്താവ് രജനീഷ് അഗര്‍വാള്‍ പ്രതികരിച്ചു. ഏപ്രില്‍ മൂന്നിനാണ് ഉത്തരവ് പ്രാബല്യത്തില്‍ വന്നത്. ഇതോടെ, സഹമന്ത്രിമാര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഇനിമുതല്‍ സന്ന്യാസിമാര്‍ക്ക് ലഭിക്കും.
Next Story

RELATED STORIES

Share it