മധുവിന്റെ കൊലപാതകം അന്വേഷണ ചുമതലയില്‍ നിന്ന് നിലവിലെ ഉദ്യോഗസ്ഥനെ മാറ്റിയിട്ടില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ കൊലപ്പെടുത്തിയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയെങ്കിലും അന്വേഷണ ചുമതലയില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ടി കെ സുബ്രഹ്മണ്യനെ സ്ഥലം മാറ്റിയത് ചോദ്യം ചെയ്ത് അട്ടപ്പാടി ആദിവാസി ആക്ഷന്‍ സമിതി നേതാവ് പി വി സുരേഷ് സമര്‍പ്പിച്ച ഹരജിയിലാണ് വിശദീകരണം. അന്വേഷണം അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കെയാണ് ഉദ്യോഗസ്ഥനെ തൃശൂര്‍ സ്‌പെഷ്യല്‍ ബ്രാഞ്ചിലേക്ക് സ്ഥലം മാറ്റി സര്‍ക്കാര്‍ ഉത്തരവുണ്ടായത്.
ഈ നടപടി കേസ് അട്ടിമറിക്കാനും പ്രതികളെ രക്ഷിക്കാനുമാണെന്ന് ആരോപിച്ചാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്. രാഷ്ട്രീയ ഇടപെടലുകളാണ് സ്ഥലംമാറ്റത്തിനു പിന്നിലെന്നും ആരോപിച്ചു. ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് പോലിസ് ഉദ്യോഗസ്ഥരുടെ പൊതു സ്ഥലംമാറ്റത്തിന്റെ ഭാഗമായാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അന്വേഷണം അട്ടിമറിക്കാന്‍ ഉദ്ദേശ്യമില്ല. സ്ഥലം മാറ്റിയെങ്കിലും അന്വേഷണത്തിന്റെ ചുമതല സുബ്രഹ്മണ്യനു തന്നെ നല്‍കി സര്‍ക്കാര്‍ ഉത്തരവുണ്ട്.
അദ്ദേഹം തന്നെ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. ഇതു ഡിജിപിയും ഉത്തരവായി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഹരജിയിലെ ആരോപണം നിലനില്‍ക്കുന്നതല്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ഇതു രേഖപ്പെടുത്തിയ കോടതി ഹരജി തീര്‍പ്പാക്കി.
Next Story

RELATED STORIES

Share it