Flash News

മധുവിനെ മര്‍ദിച്ചു കൊന്ന കേസ് ; പ്രതികള്‍ക്ക് കര്‍ശന ഉപാധികളോടെ ജാമ്യം

കൊച്ചി: പാലക്കാട് അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവിനെ പിടികൂടി മര്‍ദിച്ചു കൊന്നുവെന്ന കേസിലെ എല്ലാ പ്രതികള്‍ക്കും കര്‍ശനമായ ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു. മുക്കാലി സ്വദേശികളായ പൊതുവച്ചോലയില്‍ ഷംസുദ്ദീന്‍, മണ്ണംപറ്റയില്‍ ജെയ്ജു മോന്‍, കുറ്റിക്കല്‍ സിദ്ദീഖ്, തൊടിയില്‍ ഉബൈദ്, പള്ളിശേരില്‍ രാധാകൃഷ്ണന്‍, ചോലയില്‍ അബ്ദുല്‍കരീം, കുന്നത്തുവീട്ടില്‍ അനീഷ്, കിളയില്‍ മരക്കാര്‍ ഉണ്ണിയാല്‍, വറുതിയില്‍ നജീബ്, പുത്തന്‍പുരയ്ക്കല്‍ സജീവ്, ആനമുളി പുതുവച്ചോലയില്‍ അബൂബക്കര്‍, ഹുസയ്ന്‍ മേച്ചേരില്‍, മൂരിക്കടയില്‍ സതീഷ്, ചരിവില്‍ ഹരീഷ്, ചരിവില്‍ ബിജു, വിരുത്തിയില്‍ മുനീര്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യം, മണ്ണാര്‍ക്കാട് റവന്യൂ താലൂക്കില്‍ പ്രവേശിക്കരുത്, വിചാരണ കഴിയുംവരെ കേരളം വിട്ടു പോവരുത്, നേരിട്ടോ അല്ലാതെയോ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥ. പ്രതികള്‍ 90 ദിവസത്തിലധികമായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും കേസില്‍ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചുകഴിഞ്ഞതായും ചൂണ്ടിക്കാട്ടിയാണ് ജാമ്യം അനുവദിച്ചത്.
പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ പ്രദേശത്ത് ആദിവാസികളും മറ്റുള്ളവരും തമ്മില്‍ സംഘര്‍ഷമുണ്ടാവും, പ്രതികളുടെ ജീവന് ഭീഷണിയാവുന്ന സംഭവങ്ങളുണ്ടായേക്കാം, തെളിവുകള്‍ നശിപ്പിക്കപ്പെട്ടേക്കാം, സാക്ഷികളെ സ്വാധീനിക്കും, പൈശാചികമായ കുറ്റം ചെയ്തവര്‍ക്ക് ജാമ്യം നല്‍കരുത് തുടങ്ങിയവയായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഈ വാദങ്ങളെല്ലാം കേട്ട ശേഷമാണ് കോടതി വിധി. ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാവുകയാണെങ്കില്‍ പോലിസിന് അതിനെ നേരിടാനാവുമെന്ന് ഉത്തരവില്‍ കോടതി വ്യക്തമാക്കി. സാക്ഷികളെ സ്വാധീനിക്കുന്നത് തടയാന്‍ കര്‍ശനമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയാല്‍ മതിയാവും. ഏതെങ്കിലും സാക്ഷി മൊഴി മാറ്റിയാല്‍ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാവുന്നതാണെന്നും കോടതി വ്യക്തമാക്കി.
ഫെബ്രുവരി 22നാണ് അട്ടപ്പാടിയില്‍ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ മധുവിനെ പിടികൂടി മര്‍ദിച്ച ശേഷം പോലിസില്‍ ഏല്‍പ്പിച്ചത്. തലയ്ക്ക് മര്‍ദനമേറ്റ മധു പോലിസ് ജീപ്പില്‍ വച്ച് മരിക്കുകയായിരുന്നു. തുടര്‍ന്നാണ് ഹരജിക്കാരടക്കമുള്ളവരെ പ്രതികളാക്കി അറസ്റ്റ് ചെയ്തത്. കേസില്‍ ഈ മാസം 22ന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it