wayanad local

മദ്യവില്‍പനശാലയ്‌ക്കെതിരേ ആദിവാസികള്‍ സമരം ശക്തമാക്കുന്നു

കല്‍പ്പറ്റ: മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡിലെ വിദേശമദ്യഷാപ്പിനു മുമ്പില്‍ നടത്തുന്ന സമരം ഇന്നു മുതല്‍ ഉപരോധ സമരമാക്കി മാറ്റുമെന്ന് കേരളാ ആദിവാസി ഫോറം പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സമരം തുടങ്ങി ഒരു മാസത്തിലേറെയായെങ്കിലും അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. മദ്യശാലയിലെ ജീവനക്കാരെയുള്‍പ്പെടെ തടയുമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു.
ജില്ലയിലെ മുഴുവന്‍ ആദിവാസി ഊരുകളെയും പട്ടികവര്‍ഗ പ്രദേശമായി അംഗീകരിച്ച് പെസ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
ആദിവാസി സ്വയംഭരണം യാഥാര്‍ഥ്യമാക്കാനും, മറ്റുള്ളവരുടെ ചൂഷണത്തില്‍ നിന്ന് വിമുക്തമാവാനും, ആദിവാസി പാരമ്പര്യ ആവശ്യങ്ങള്‍ സംരക്ഷിക്കാനും പെസ നിയമം നടപ്പിലാക്കേണ്ടത് ആവശ്യമാണ്.
സംസ്ഥാന നിയമസഭയിലേക്കുള്ള ജില്ലയിലെ ആദിവാസി സംവരണ സീറ്റുകളില്‍ ഒന്ന് പണിയ സമുദായത്തിന് നല്‍കണം.
നാളിതുവരെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളൊന്നും പ്രധാന പട്ടികവര്‍ഗ വിഭാഗമായ പണിയരെ നിയമസഭാ സ്ഥാനാര്‍ഥികളാക്കാന്‍ തയ്യാറായിട്ടില്ല.
വാര്‍ത്താസമ്മേളനത്തില്‍ കേരളാ ആദിവാസി ഫോറം ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് മുണ്ടേരി, സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം രാജഗോപാല്‍ മുള്ളന്തറ, മാനന്തവാടി താലൂക്ക് പ്രസിഡന്റ് മാക്കമ്മ പയ്യമ്പള്ളി, താലൂക്ക് സെക്രട്ടറി പ്രീത വഞ്ഞോട്, വെള്ള പയ്യമ്പള്ളി, സജിത പുതിയടം തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it