മദ്യനയം: എല്‍ഡിഎഫ് പുനപ്പരിശോധനയ്ക്കില്ല: വി എസ്

പാലക്കാട്: ഇടതുമുന്നണി അധികാരത്തില്‍ വന്നാല്‍ ബാറുകള്‍ തുറക്കുമെന്നത് ഉമ്മന്‍ചാണ്ടി നടത്തുന്ന കുപ്രചാരണം മാത്രമാണെന്നും മദ്യവര്‍ജനമെന്നതാണ് ഇടതുമുന്നണിയുടെ നയമെന്നും എല്‍ഡിഎഫ് അധികാരത്തില്‍ വന്നാലും മദ്യനയം പുനപ്പരിശോധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ .
ഘട്ടംഘട്ടമായി മദ്യത്തിന്റെ ഉപയോഗം കുറച്ചുകൊണ്ടുവരുകയാണ് ലക്ഷ്യം. മലമ്പുഴ നിയോജക മണ്ഡലത്തില്‍നിന്ന് തുടര്‍ച്ചയായി നാലാമതും ജനവിധിതേടുന്ന വി എസ് ഒന്നാംഘട്ട പ്രചാരണ പരിപാടിയുടെ ഭാഗമായി വിവിധ പഞ്ചായത്തുതല കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കുകയായിരുന്നു. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലായാണ് വിഎസിന്റെ ആദ്യഘട്ട പ്രചാരണ പരിപാടി ക്രമീകരിച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലെയും ലോക്കല്‍ കമ്മിറ്റി കണ്‍വന്‍ഷനുകളില്‍ വി എസ് പങ്കെടുക്കും.
കനത്ത ചൂട് കാരണം അതിരാവിലെയും വൈകീട്ടുമായാണ് വിഎസിന്റെ പ്രചാരണ പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. ചൂട് കൂടിയ സമയങ്ങളില്‍ പാര്‍ട്ടി മീറ്റിങുകളില്‍ പങ്കെടുക്കുകയും പ്രചാരണ പരിപാടികള്‍ വിലയിരുത്തുകയും ചെയ്യുന്നുണ്ട്. ഇന്നലെ എലപ്പുള്ളി, കല്ലേപ്പുള്ളി, മരുതറോഡ്, വാളയാര്‍ എന്നിവിടങ്ങളിലെ ലോക്കല്‍ കമ്മിറ്റി തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകളില്‍ വിഎസ് പങ്കെടുത്തു.

പി ബിയുടെ പ്രഖ്യാപനം ആത്മാര്‍ഥത ഇല്ലാത്തതെന്ന് ചെന്നിത്തല
തിരുവനന്തപുരം: മദ്യനയം സംബന്ധിച്ച പോളിറ്റ് ബ്യൂറോയുടെ പ്രഖ്യാപനം ആത്മാര്‍ഥതയില്ലാത്തതാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
മദ്യനിരോധനമല്ല മദ്യവര്‍ജനമാണ് എല്‍ഡിഎഫിന്റെ ലക്ഷ്യമെന്ന പിണറായി വിജയന്റെയും കോടിയേരിയുടെയും നിരന്തരപ്രസ്താവന ജനഹിതത്തിനെതിരാകുമെന്നു കണ്ടാണ് പോളിറ്റ്ബ്യൂറോ പൂട്ടിയ ബാറുകള്‍ തുറക്കില്ലെന്ന പ്രസ്താവനയുമായി എത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാന നേതൃത്വത്തിന്റെയും പോളിറ്റ് ബ്യൂറോയുടെയും ഈ വിഷയത്തിലെ കള്ളക്കളിയാണ് പുറത്തായിരിക്കുന്നത്. ഇത് കേരളജനത തിരിച്ചറിയുമെന്നും ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it