Flash News

മതേതര രാഷ്ട്രമെന്ന് ഇന്ത്യ ; യുഎന്നില്‍ നിലപാട് വ്യക്തമാക്കി അറ്റോര്‍ണി ജനറല്‍



ജനീവ: രാജ്യത്തിന്റെ മതേതര നിലപാട് ഉയര്‍ത്തിപ്പിടിച്ച് യുഎന്നില്‍ ഇന്ത്യ. യുഎന്‍ മനുഷ്യാവകാശ സമിതിയിലാണ് രാജ്യത്തിന് ഔദ്യോഗിക മതമില്ലെന്നും മതേതര രാഷ്ട്രമാണെന്നും ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കു നേരെ അക്രമങ്ങള്‍ കൂടുന്നെന്ന പാക് വിമര്‍ശനത്തിനു മറുപടി പറയുകയായിരുന്നു ഇന്ത്യ. ന്യൂനപക്ഷ സംരക്ഷണം ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്തയാണെന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗി വ്യക്തമാക്കി. ജനീവയില്‍ യുഎന്‍ മനുഷ്യാവകാശ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനീവയില്‍ നടന്ന യുഎന്‍ മനുഷ്യാവകാശ സമിതിയുടെ 27ാമത് യോഗത്തില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ചത് അറ്റോര്‍ണി ജനറലാണ്. ജാതി, മത, വര്‍ഗ, വര്‍ണ വ്യത്യാസത്തിന്റെ പേരില്‍ രാജ്യം ഒരു പൗരനോടും വിവേചനം കാട്ടുന്നില്ല. ഏത് മതത്തിലും വിശ്വസിക്കാന്‍ ഇന്ത്യന്‍ ഭരണഘടന പൗരന്മാര്‍ക്ക് സ്വാതന്ത്യം നല്‍കുന്നു-അദ്ദേഹം പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാരസ്വാതന്ത്ര്യവും എല്ലാവര്‍ക്കുമുണ്ട്. ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്ന ബോധ്യം ഉള്‍ക്കൊണ്ടാണ് രാജ്യത്തിന്റെ പ്രവര്‍ത്തനം. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ രാജ്യത്തെ നീതിന്യായവ്യവസ്ഥ വഹിക്കുന്ന പങ്ക് വലുതാണെന്നും രോഹത്ഗി പറഞ്ഞു. അതേസമയം, കശ്മീര്‍ വിഷയം ഉന്നയിച്ച പാക് പ്രതിനിധി, ഇന്ത്യന്‍ സൈന്യം പെല്ലറ്റ് തോക്കുകള്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്കു നേരെ ആള്‍ക്കൂട്ട ആക്രമണം ഇന്ത്യയില്‍ വ്യാപകമാണെന്നും പാകിസ്താന്‍ ആരോപിച്ചു. ഒബിസി പദവിയോടെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് തുല്യപരിഗണന നല്‍കുന്നതും ഭിന്നശേഷിയുള്ളവര്‍ക്കായി 'ആക്‌സസബിള്‍ ഇന്ത്യ കാംപയിന്‍' ആരംഭിച്ചതും എടുത്തുപറഞ്ഞ രോഹത്ഗി, സ്വച്ഛ് ഭാരത് അഭിയാന്‍, ക്ലീന്‍ ഇന്ത്യ കാംപയിന്‍, ഡിജിറ്റല്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ, തുടങ്ങിയ പദ്ധതികളിലൂടെ സര്‍ക്കാര്‍ പുരോഗമനപരമായി രാജ്യത്തെ നയിക്കുകയാണെന്നും വിശദീകരിച്ചു.
Next Story

RELATED STORIES

Share it