മതേതരത്വവും കോണ്‍ഗ്രസ്സും

ടി  ജി  ജേക്കബ്
നിലവില്‍ ഏറ്റവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ രാഷ്ട്രപതിയും മന്‍മോഹന്‍ സിങ് മന്ത്രിസഭയില്‍ രണ്ടാമനും കോണ്‍ഗ്രസ്സിലെ പ്രധാന ബുദ്ധികേന്ദ്രവുമായ പ്രണബ് മുഖര്‍ജി ആര്‍എസ്എസ് ആസ്ഥാനത്തു പോയി പ്രചാരകരുടെ പാസിങ്ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് മുഖ്യാതിഥിയായി അവതരിച്ച വാര്‍ത്ത കോണ്‍ഗ്രസ്സുകാരെ മാത്രമല്ല, എല്ലാ മതേതരവാദികളെയും ചിന്താക്കുഴപ്പത്തിലാക്കിയിരിക്കുന്നു. മതേതരത്വം മോദി സര്‍ക്കാരിനും പാര്‍ട്ടിക്കും എതിരായ പ്രധാന മുദ്രാവാക്യമായി ഉയര്‍ത്തപ്പെടുന്ന സാഹചര്യത്തിലാണിതു നടക്കുന്നത്. അദ്ദേഹം അവിടെ നടത്തിയ പ്രസംഗത്തില്‍ ഗാന്ധിവധവുമായി ബന്ധമുള്ള ആര്‍എസ്എസിന്റെ സ്ഥാപകനേതാവിനെ 'ഭാരതത്തിന്റെ വീരപുത്രന്‍' എന്നാണ് വിശേഷിപ്പിച്ചത്. ആര്‍എസ്എസിന്റെ നേതാക്കളും അംഗങ്ങളും സാധാരണ ഉപയോഗിക്കുന്ന പദപ്രയോഗം തന്നെയാണിത്. മാത്രമല്ല, അദ്ദേഹം അര്‍ധ ആര്‍എസ്എസ് യൂനിഫോമിലും ആയിരുന്നു. തൊട്ടടുത്തു നിന്ന് സല്യൂട്ട് സ്വീകരിച്ചത് ആര്‍എസ്എസിന്റെ പരമോന്നത നേതാവും ഇന്നത്തെ ഇന്ത്യയിലെ ഏറ്റവും ശക്തനായ കിങ്‌മേക്കറും. ഈ വാര്‍ത്ത ഇത്ര ചിന്താക്കുഴപ്പം ഉണ്ടാക്കേണ്ട കാര്യം വല്ലതുമുണ്ടോ എന്നതിലാണ് സംശയം.
1915ല്‍ മഹാരാഷ്ട്രയിലെ ചിത്പവന്‍ ബ്രാഹ്മണ നേതൃത്വത്തില്‍ ഹിന്ദു മഹാസഭയുടെ രൂപീകരണം പ്രഖ്യാപിക്കുന്നതിനു മുമ്പേതന്നെ കോണ്‍ഗ്രസ് പ്രധാനമായും ബ്രാഹ്മണ നേതൃത്വത്തില്‍ അധിഷ്ഠിതമായിരുന്നു. ഗാന്ധിയുടെ വരവോടെയാണ് ഇതിനു കുറച്ചെങ്കിലും മാറ്റം ഉണ്ടാവുന്നത്. ജാതിവ്യവസ്ഥ കൊളോണിയല്‍ വിരുദ്ധ ദേശീയ പ്രസ്ഥാനത്തെ ആന്തരികമായി തന്നെ വളരെ ദുര്‍ബലമാക്കുന്നു എന്ന തിരിച്ചറിവാണ് ഗാന്ധിയെ ജാതിവിരുദ്ധ നിലപാടിലേക്കു കൊണ്ടുവരുന്നത്. കോണ്‍ഗ്രസ് ഒരു വിശാല മുന്നണിയാകുന്നതു കണ്ടാണ് ഹിന്ദുത്വവാദികള്‍ സ്വന്തം സംഘടനയ്ക്കു രൂപം നല്‍കുന്നത്. അതേസമയം തന്നെ, ഗാന്ധി കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ എത്തിക്കഴിഞ്ഞ ശേഷവും ഹിന്ദുത്വവാദികളുടെ ഒരു പ്രബല നിര കോണ്‍ഗ്രസ്സിനുള്ളില്‍ പ്രവര്‍ത്തിച്ചു. സര്‍ദാര്‍ പട്ടേല്‍ ഈ വിഭാഗത്തിന്റെ തലവനായി അറിയപ്പെടുകയും ചെയ്തു. നെഹ്‌റു പാശ്ചാത്യ ജനാധിപത്യരീതികളുടെയും ജീവിതശൈലികളുടെയും ആരാധകനായിരുന്നപ്പോള്‍ പട്ടേല്‍ ജാതിവ്യവസ്ഥയുടെയും ആര്‍ഷഭാരത സിദ്ധാന്തത്തിന്റെയും വക്താവായിരുന്നു. ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം സൃഷ്ടിക്കുന്നതില്‍ പട്ടേലിന്റെ പങ്ക് വലുതാണ്. അതുകൊണ്ടുതന്നെയാണ് അദ്ദേഹം 'ഉരുക്കു മനുഷ്യന്‍' എന്നറിയപ്പെട്ടതും അദ്ദേഹത്തിന്റെ ഭീമാകാര പ്രതിമ ഹിന്ദുത്വവാദികള്‍ സ്ഥാപിക്കുന്നതും.
ഗാന്ധിയുടെ കൊലപാതക അന്വേഷണം തികച്ചും അപര്യാപ്തമായിരുന്നു എന്ന നിലപാട് അന്നും ഇന്നുമുണ്ട്. അതുകൊണ്ടാണ് വീണ്ടും അന്വേഷണം നടത്തണമെന്ന് ഇപ്പോഴും പല കോണുകളില്‍ നിന്നും ആവശ്യങ്ങള്‍ ഉയരുന്നത്. ഗോഡ്‌സെയെയും ആപ്‌തെയെയും തൂക്കിലിട്ട് കേസ് അവസാനിപ്പിക്കുകയാണ് ചെയ്തത്. ഗോഡ്‌സെ ഒരിക്കലും കുറ്റം നിഷേധിച്ചിട്ടില്ല. മറിച്ച്, എന്തുകൊണ്ട് ഗാന്ധിജിയെ വധിച്ചുവെന്ന് വിശദമായി കോടതിയില്‍ വിശദീകരിക്കുകയും ചെയ്തു. കേസിലെ മറ്റൊരു പ്രതിയായിരുന്ന നാഥുറാമിന്റെ സഹോദരന്‍ ഗോപാല്‍ ഗോഡ്‌സെ ജയില്‍മോചിതനായതിനു ശേഷം ഈ വിശദീകരണം പുസ്തകരൂപത്തില്‍ (വൈ ഐ അസാസിനേറ്റഡ് ഗാന്ധിജി) പ്രസിദ്ധീകരിക്കുകയും ചെയ്തു. സംക്ഷിപ്തമായി പറഞ്ഞാല്‍, ഗാന്ധി മുസ്‌ലിം പ്രീണനമാണ് ചെയ്യുന്നതെന്നും അതുകൊണ്ട് ഹിന്ദുക്കളുടെ നിലനില്‍പിനുതന്നെ ഭീഷണിയാണെന്നും ഗാന്ധിയെ തുടച്ചുമാറ്റേണ്ടത് ഹിന്ദുക്കളുടെയും ഹിന്ദുരാഷ്ട്രത്തിന്റെയും കര്‍ത്തവ്യമാണെന്നും അതുകൊണ്ടാണ് ഗാന്ധിയെ കൊല്ലേണ്ടിവന്നത് എന്നുമാണ് ഗോഡ്‌സെയുടെ വാദം. കള്ളങ്ങള്‍ അക്കമിട്ടു നിരത്തി അന്യോന്യം ബന്ധിപ്പിച്ചായിരുന്നു ഈ വാദം.
യഥാര്‍ഥത്തില്‍ ഹിന്ദു മഹാസഭ വിഭജനത്തെ എതിര്‍ത്തിരുന്നില്ല. അവര്‍ അതിനെ പിന്താങ്ങുകയായിരുന്നു. വെറുതെ പിന്താങ്ങുക മാത്രമല്ല. 1939ല്‍ ഹിന്ദു മഹാസഭയുടെ അഖിലേന്ത്യാ പ്രതിനിധി സമ്മേളനത്തില്‍ സവര്‍ക്കര്‍ ആയിരുന്നു ദ്വിരാഷ്ട്ര തിസീസ് ആദ്യമായി അവതരിപ്പിച്ചത്. പ്രസിഡന്റിന്റെ പ്രസംഗമായിരുന്നു അത്. അതു കഴിഞ്ഞാണ് ജിന്ന ഈ തിസീസ് അവതരിപ്പിക്കുന്നത്. സവര്‍ക്കറുടെ തിസീസ് ഒരു രാജ്യത്ത് രണ്ടു രാഷ്ട്രങ്ങള്‍ (ഹിന്ദു രാഷ്ട്രവും മുസ്‌ലിം രാഷ്ട്രവും) എന്നതായിരുന്നു. ഭരണഘടനാപരമായി ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷത്തിനു വിധേയപ്പെട്ടൊരു സംവിധാനം. ജിന്ന പറഞ്ഞത് സ്വതന്ത്ര ഹിന്ദു രാഷ്ട്രവും സ്വതന്ത്ര മുസ്‌ലിം രാഷ്ട്രവും എന്നതായിരുന്നു. സര്‍ദാര്‍ പട്ടേലും വിഭജനത്തെ എതിര്‍ത്തില്ല. ഗാന്ധിയാണ് വിഭജനത്തെ എതിര്‍ത്തത്. ഗാന്ധി അറിയാതെയാണ് നെഹ്‌റുവും പട്ടേലും മൗണ്ട് ബാറ്റണിനു മുന്നില്‍ പൂര്‍ണ സമ്മതം അറിയിച്ചത്. ഇതൊന്നും ഗോഡ്‌സെ പറയുന്നില്ല. ഗോഡ്‌സെയെയും ആപ്‌തെയെയും മറ്റുള്ളവരെയും മസ്തിഷ്‌ക പ്രക്ഷാളനം ചെയ്തത് ദാമോദര്‍ സവര്‍ക്കറാണ്. അദ്ദേഹമായിരുന്നു ഇവരുടെയൊക്കെ കാണപ്പെട്ട ദൈവം. കേസ് വിസ്താരത്തില്‍ പല സുപ്രധാന സാക്ഷികളെയും വിസ്തരിച്ചില്ല. സവര്‍ക്കറെ വിട്ടയച്ചു. സവര്‍ക്കറെ ഒഴിവാക്കിക്കിട്ടാന്‍ വേണ്ടിയാണ് ഗോഡ്‌സെ കള്ളങ്ങള്‍ നെയ്തത്. ഇതൊക്കെ ഉപപ്രധാനമന്ത്രിക്ക് അറിയാമായിരുന്നു. യഥാര്‍ഥ കുറ്റവാളി ഗോഡ്‌സെയല്ല, ഗോഡ്‌സെക്ക് ഉത്തരവ് കൊടുത്തവരാണെന്ന് ഭരണകര്‍ത്താക്കള്‍ക്ക് അറിയാമായിരുന്നു എന്നു വേണം കരുതാന്‍. അതാണ് യുക്തിഭദ്രമായ നിഗമനം. ഗാന്ധിവധ അന്വേഷണം ഈ രീതിയില്‍ അട്ടിമറിച്ചതിന്റെ ഉത്തരവാദിത്തം തീര്‍ച്ചയായും ഭരിച്ചിരുന്ന പാര്‍ട്ടിക്കാണ്. കോണ്‍ഗ്രസ്സില്‍ ഹിന്ദുത്വ സ്വാധീനം എത്രമാത്രം ശക്തമാണെന്നതിന്റെ തെളിവാണ് ഗാന്ധിവധ അന്വേഷണം. ഒരു ബോംബ് ആക്രമണം നടന്ന് അധികം താമസിയാതെയാണ് കൊലപാതകം അനായാസമായി നടത്തിയതെന്ന വസ്തുതയും, സവര്‍ക്കറെ കുറ്റവിമുക്തനാക്കിയതും പല സാക്ഷികളെയും വിസ്തരിക്കാതിരുന്നതും ഒക്കെ കോണ്‍ഗ്രസ്സിനുള്ളിലെ ഹിന്ദുത്വത്തിന്റെ ശക്തിയെയാണ് ചൂണ്ടിക്കാട്ടുന്നത്. ഒരു പൂര്‍ണ അന്വേഷണം കോണ്‍ഗ്രസ്സിന്റെ പങ്ക് പുറത്തുകൊണ്ടുവരും. ഗോഡ്‌സെ, ആപ്‌തെ തൂക്കിക്കൊലകള്‍ കേസ് അവസാനിച്ചുവെന്നു വരുത്തിത്തീര്‍ക്കുകയും ചെയ്തു.
ഗാന്ധി മുസ്‌ലിം പ്രേമിയാണെന്നും ഹിന്ദുക്കളുടെ ചെലവിലാണീ പ്രേമം എന്നുമാണ് ഗോഡ്‌സെ ന്യായീകരിച്ചത്. വിഭജനം കോണ്‍ഗ്രസ്സിലെ തന്നെ ഒരു പ്രബല വിഭാഗവും ഹിന്ദു മഹാസഭയും മുസ്‌ലിം ലീഗും ഒരേപോലെ പിന്താങ്ങിയിരുന്നെന്നും ഗാന്ധിയാണ് അതിനെ എതിര്‍ത്തതെന്നുമുള്ള ചരിത്ര യാഥാര്‍ഥ്യം മറച്ചുവച്ച് ഒരു കഥ നിര്‍മിക്കുകയായിരുന്നു സവര്‍ക്കറും ശിഷ്യരും ചെയ്തത്. അതേസമയം തന്നെ, കോണ്‍ഗ്രസ് കാലഹരണപ്പെട്ടുകഴിഞ്ഞു എന്ന ഗാന്ധിയുടെ നിലപാട് കോണ്‍ഗ്രസ്സിലെ അധികാരമോഹികള്‍ക്ക് ഒട്ടും പഥ്യമല്ലായിരുന്നു. അതേപോലെ തന്നെ ഗാന്ധിയുടെ ജാതിവിരുദ്ധ നിലപാടും മതസൗഹാര്‍ദവും ഹിന്ദുത്വ വര്‍ഗീയവാദികള്‍ക്ക് തികച്ചും അരോചകവും ശത്രുതാപരവുമായിരുന്നു. കൊലപാതകത്തിനു പിന്നിലെ യഥാര്‍ഥ കാരണങ്ങള്‍ ഇതൊക്കെയായിരുന്നുവെന്നു മനസ്സിലാക്കാന്‍ ആ കാലത്തിന്റെ ചരിത്രം പഠിക്കുന്നവര്‍ക്കു കഴിയും. രണ്ടു കൂട്ടരുടെയും ആവശ്യമായിരുന്നു ഗാന്ധിയുടെ തിരോധാനം.
1947 കഴിഞ്ഞുള്ള ചരിത്രം നോക്കിയാല്‍ ന്യൂനപക്ഷങ്ങളുടെ നേര്‍ക്കുള്ള പീഡനം ഒരു തുടര്‍ക്കഥയാണെന്നു കാണാം. പ്രത്യേകിച്ചും വടക്കേ ഇന്ത്യയില്‍ സ്ഥിരമായി വര്‍ഗീയ കലാപങ്ങള്‍ അരങ്ങേറുന്ന സ്ഥലങ്ങള്‍ (ഡല്‍ഹി, ആഗ്ര, മുറാദാബാദ്, മീറത്ത്, കാണ്‍പൂര്‍, സൂറത്ത്, അഹ്മദാബാദ്) അടയാളപ്പെടുത്താന്‍ കഴിയും. ഹിന്ദുത്വവാദികള്‍ 'അപരനെ' അപരനായിത്തന്നെ നിലനിര്‍ത്തുന്നതു കാണാം. 'മതേതര' കോണ്‍ഗ്രസ് ന്യൂനപക്ഷങ്ങളുടെയും ദലിതുകളുടെയും രക്ഷകനായി സ്വയം അവരോധിക്കുന്നതിന്റെ ഒപ്പം തന്നെ ഈ പീഡനങ്ങള്‍ക്ക് ഒത്താശ ചെയ്യുകയും ചെയ്യുന്ന ഇരട്ട മുഖമാണ് പ്രകടിപ്പിക്കുന്നത്. ഈ ഇരട്ട മുഖം പൊളിയുന്നത് 1984ലെ സിഖ് കൂട്ടക്കൊലകളോടെയാണ്. അതില്‍ പാര്‍ട്ടി നേതാക്കള്‍ തന്നെ സര്‍ക്കാര്‍ സംവിധാനങ്ങളുടെ പിന്‍ബലത്തില്‍ വടക്കേ ഇന്ത്യയില്‍- പ്രത്യേകിച്ചും ഡല്‍ഹിയില്‍- വ്യാപകമായി സിഖുകാരെ ചുട്ടുകരിക്കുകയും ബലാല്‍സംഗം ചെയ്യുകയും കൊള്ളയടിക്കുകയും ചെയ്തു. ആഴ്ചകളോളം ഇതു തുടര്‍ന്നു. പ്രധാനമന്ത്രി രാജീവ് ഗാന്ധി അതിനെയൊക്കെ ന്യായീകരിക്കുകയും ചെയ്തു. അതിനു മുമ്പ് 'ഓപറേഷന്‍ ബ്ലൂ സ്റ്റാര്‍' സമയത്ത് പഞ്ചാബില്‍ മൊത്തമായും സിഖുകാരെ ഒന്നടങ്കം അടിച്ചമര്‍ത്തുകയും അധിക്ഷേപിക്കുകയും ചെയ്തു. അവരുടെ കേന്ദ്രങ്ങള്‍ പട്ടാളത്തെയും ടാങ്കുകളും ഉപയോഗിച്ച് നിരത്തുകയും കത്തിക്കുകയും ചെയ്തു. മൊത്തം ജനസംഖ്യയില്‍ കേവലം ഒരു ശതമാനം പോലും തികയാത്ത ഒരു മതന്യൂനപക്ഷത്തിനു നേരെയായിരുന്നു കോണ്‍ഗ്രസ് പാര്‍ട്ടിയും അവരുടെ സര്‍ക്കാരും ഈ യുദ്ധം നടത്തിയത് എന്നോര്‍ക്കുക. സിഖ് കൂട്ടക്കൊലകള്‍ക്ക് ഉത്തരവാദികള്‍ ആരെന്ന അന്വേഷണ റിപോര്‍ട്ട് പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ലമെന്റില്‍ ആക്രോശിച്ചത് 'അവനെയെല്ലാം ജയിലിലടക്കൂ' എന്നായിരുന്നു.
ആഭ്യന്തര അടിയന്തരാവസ്ഥക്കാലം ഇതിലും കൂടുതല്‍ വെളിപാടുകള്‍ പുറത്തുകൊണ്ടുവന്നിരുന്നു. ഡല്‍ഹിയില്‍ നടന്ന മൂന്നു സംഭവങ്ങള്‍ കോണ്‍ഗ്രസ്സിലെ ഹിന്ദുത്വം ഒരു മറയുമില്ലാതെ അവതരിപ്പിച്ചു. തുര്‍ക്മാന്‍ ഗേറ്റ്, ഡിലൈറ്റ് സിനിമ, മെഹറോളി ഗ്രാമം എന്നിവയാണവ. ഡല്‍ഹി ഓഹരിവിപണി ആസ്ഥാനത്തിനും രാംലീല മൈതാനത്തിനും അടുത്തുള്ള, മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടമാണ് തുര്‍ക്മാന്‍ ഗേറ്റ്. അന്നത്തെ കോണ്‍ഗ്രസ്സിന്റെയും സര്‍ക്കാരിന്റെയും ഏകാധിപതിയായിരുന്ന പ്രധാനമന്ത്രിയുടെ മകന്‍ സഞ്ജയ് ഗാന്ധി നേരിട്ട് നയിച്ച ഓപറേഷനായിരുന്നു തുര്‍ക്മാന്‍ ഗേറ്റ്. അദ്ദേഹം സമീപത്തുള്ള ഒരു ഹോട്ടലിന്റെ മുകള്‍നില ക്യാംപ് ഓഫിസാക്കി വയര്‍ലസ് മുഖേന ഉത്തരവുകള്‍ പുറപ്പെടുവിക്കുകയായിരുന്നു. ബുള്‍ഡോസറുകള്‍ക്കും തോക്കുകള്‍ക്കും മുന്നില്‍ ജനങ്ങള്‍ ഓടിപ്പോകാതിരുന്നപ്പോള്‍ അവരുടെ ശരീരത്തിലൂടെ കയറ്റി ചതച്ചരയ്ക്കാനായിരുന്നു ഉത്തരവ്. അങ്ങനെത്തന്നെ നടക്കുകയും ചെയ്തു. സമീപത്തുള്ള മറ്റൊരു മുസ്‌ലിം ആവാസ-ബിസിനസ് തെരുവാണ് ധരിയാഗഞ്ച്. അവിടെയാണ് ഡിലൈറ്റ് സിനിമ. ഒരു ദിവസം മാറ്റിനി കണ്ട് ഇറങ്ങിയ ജനങ്ങള്‍ വന്‍ പോലിസ് വലയത്തിലേക്കായിരുന്നു വീണത്. അതില്‍ നിന്നു 15നും 60നും ഇടയ്ക്ക് പ്രായമുള്ള എല്ലാ ആണുങ്ങളെയും സമീപത്തു സംഘടിപ്പിച്ച താല്‍ക്കാലിക വന്ധ്യംകരണ ക്യാംപിലേക്ക് പോലിസ് വണ്ടികളില്‍ കുത്തിനിറച്ചു കൊണ്ടുപോയി ഷണ്ഡന്‍മാരാക്കിയിട്ട് ഓടിച്ചുവിട്ടു.
മെഹറോളിയില്‍ തിരക്കഥ മാറി. മുസ്‌ലിം ഗ്രാമം വളഞ്ഞ് കുടുംബാസൂത്രണം നടത്താനുള്ള ശ്രമം പാളിപ്പോയി. പാളിപ്പോയെന്നു മാത്രമല്ല, തിരിഞ്ഞുകടിക്കുകയും ചെയ്തു. ജനങ്ങളുടെ സ്വീകരണ കമ്മിറ്റി ഡോക്ടര്‍മാരും നഴ്‌സുമാരും പോലിസുകാരും കുട്ടിനേതാക്കളും സാമൂഹിക സേവകരും ഉള്‍പ്പെടുന്ന സംഘത്തെ വളഞ്ഞിട്ട് ഉന്‍മൂലനം നടത്തി. ഒരാളെ പോലും രക്ഷപ്പെടാന്‍ അനുവദിച്ചില്ല. അതായിരുന്നു ഖുത്ബ് മിനാറിന്റെ അടുത്തുള്ള ചരിത്രമുറങ്ങുന്ന ആ ഗ്രാമത്തില്‍ അന്നു നടന്നത്. അടിയന്തരാവസ്ഥ കൈവിട്ടുപോകുന്നു എന്നതിന്റെ ശക്തമായ സൂചന കൊടുത്ത ഗ്രാമമാണ് മെഹറോളി.
വോട്ട് രാഷ്ട്രീയത്തില്‍ ജയിക്കാന്‍ വേണ്ടി 'ന്യൂനപക്ഷങ്ങളുടെ രക്ഷകന്‍' എന്ന റോളില്‍ അറിയപ്പെടാന്‍ ആഗ്രഹമുണ്ടെങ്കിലും കോണ്‍ഗ്രസ് പണ്ടും ഇന്നും ഹിന്ദുത്വ വര്‍ഗീയതയ്ക്ക് മുന്‍തൂക്കം കൊടുക്കുന്ന പാര്‍ട്ടിയാണ്. പ്രണബ് മുഖര്‍ജി അതിന്റെ തല മൂത്ത നേതാവാണ്. അദ്ദേഹം വെറും പ്രണബല്ല; മുഖോപാധ്യായ എന്ന ഉന്നത ബ്രാഹ്മണ വിഭാഗത്തില്‍ നിന്നാണ്. നരേന്ദ്ര മോദി വന്‍ ഭൂരിപക്ഷം നേടി അധികാരത്തില്‍ വന്ന തിരഞ്ഞെടുപ്പില്‍ സ്വാഭാവികമായി കോണ്‍ഗ്രസ്സിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകേണ്ടിയിരുന്നത് പ്രണബ് ആയിരുന്നു. അന്നങ്ങനെ വ്യാപകമായ പ്രതീക്ഷയും ഉണ്ടായിരുന്നു. നെഹ്‌റു കുടുംബവും അവരുടെ സില്‍ബന്തികളും പ്രശ്‌നം പരിഹരിച്ചത് പ്രണബിനെ രാഷ്ട്രപതി ആക്കിയാണ്. അപ്പോള്‍ പിന്നെ പ്രധാനമന്ത്രിപദത്തിനു വേണ്ടി രാജീവ് ഗാന്ധിയുടെ മകനു വഴി തെളിഞ്ഞുകിട്ടും. ആ തിരഞ്ഞെടുപ്പ് ഓട്ടിസവും സൈക്കോപ്പതിയും തമ്മിലുള്ള മല്‍സരമായി കണക്കാക്കിയിരുന്നു. രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മുന്നോട്ടുവയ്ക്കുന്നത് നരേന്ദ്ര മോദിയെയും തീവ്രഹിന്ദുത്വത്തെയും വളരെയധികം സഹായിക്കും എന്ന് നിരവധി രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിച്ചിരുന്നുതാനും. അതങ്ങനെത്തന്നെ നടക്കുകയും ചെയ്തു. മോദി വന്‍ വിജയം നേടി. രാഹുല്‍ ഗാന്ധി മുഖ്യ പ്രതിപക്ഷ നേതാവായി മണ്ടത്തരങ്ങള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. മോദിഭരണത്തിന്റെ ജനവിരുദ്ധത കൂടുതല്‍ കൂടുതല്‍ പ്രകടമാകുന്തോറും പിന്നെയും അദ്ദേഹം പ്രധാനമന്ത്രിയാകാനുള്ള പുറപ്പാടിലാണ്. കോണ്‍ഗ്രസ്സിനെ കുഴിച്ചുമൂടുക മാത്രമല്ല, പിണ്ഡവും വച്ചേ അടങ്ങൂ എന്നാണീ പുറപ്പാടിന്റെ അര്‍ഥം. ആ സമയത്താണ് മുന്‍ രാഷ്ട്രപതി ആര്‍എസ്എസിന്റെ ഉപദേഷ്ടാവായി അവതരിച്ചിരിക്കുന്നത്. ഇതില്‍ അസ്വാഭാവികമായി ഒന്നുംതന്നെയില്ല. കൂടുതല്‍ മുഖര്‍ജിമാര്‍ ഉണ്ടായില്ലെങ്കിലേ അസ്വാഭാവികതയുള്ളൂ.          ി
Next Story

RELATED STORIES

Share it