മതനിരപേക്ഷത സംരക്ഷിക്കുന്നത് പൊതുവിദ്യാലയങ്ങള്‍: മുഖ്യമന്ത്രി

നെടുമങ്ങാട്: ഒരു പൗരന്റെ വ്യക്തിത്വ രൂപീകരണം പ്രാഥമിക വിദ്യാലയങ്ങളില്‍ നിന്ന് ആരംഭിക്കുമെന്നും സഹജീവിസ്‌നേഹവും മറ്റുള്ളവരോടുള്ള ദയയും പ്രകൃതിയെ അറിയാനുള്ള ശ്രമവും വിദ്യാര്‍ഥികള്‍ക്ക് ഉണ്ടാവണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
സ്‌കൂള്‍ പ്രവേശനോല്‍സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നെടുമങ്ങാട് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സമൂഹത്തിലെ മതനിരപേക്ഷത സംരക്ഷിക്കുന്നതും പ്രോല്‍സാഹിപ്പിക്കുന്നതും പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരുവിധത്തിലുള്ള ഭിന്നതയും കുട്ടികളുടെ ഇടയില്‍ ഈ സ്ഥാപനങ്ങളില്‍ ഇല്ല. ദരിദ്രരും സമ്പന്നരും തമ്മില്‍ വ്യത്യാസവുമില്ല. വിദ്യാര്‍ഥികള്‍ വെറും പുസ്തകപ്പുഴുക്കള്‍ മാത്രമാവരുതെന്നും സമൂഹത്തിനു കൂടി തങ്ങളുടെ ജീവിതം സമര്‍പ്പിക്കണമെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു.
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ വേണ്ടതെല്ലാം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ടെന്നും എല്ലാവരും നന്നായി പഠിച്ച് മിടുക്കരാവണമെന്നും തന്റെ മുന്നിലിരുന്ന കുരുന്നുകളോട് അദ്ദേഹം പറഞ്ഞു. പുതുതായി എത്തിയ കുട്ടികളുടെ അരികിലെത്തി കുശലം പറഞ്ഞ ശേഷമാണ് മുഖ്യമന്ത്രി വേദിയിലെത്തിയത്.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായി സ്‌കൂള്‍ പ്രവേശനോല്‍സവത്തെ കണ്ടാ ല്‍ മതിയെന്ന് പരിപാടിയില്‍ അധ്യക്ഷനായിരുന്ന വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ് പറഞ്ഞു. പഠനം കളിയും ചിരിയുംപോലെ സ്വാഭാവികമായ പ്രക്രിയയാവണമെന്നും പാല്‍പ്പായസംപോലെ മധുരമുള്ളതാവട്ടെ ഈ അധ്യയനവര്‍ഷമെന്നും അദ്ദേഹം ആശംസിച്ചു.ഡെപ്യൂട്ടി സ്പീക്കര്‍ വി ശശി മുഖ്യാതിഥിയായി.
രക്ഷിതാക്കള്‍ക്കായി എസ്‌സിഇആര്‍ടി തയ്യാറാക്കിയ ബോധവല്‍ക്കരണ കൈപ്പുസ്തകം “നന്മ പൂക്കുന്ന നാളേക്ക്‌ഡോ. എ സമ്പത്ത് എംപി പ്രകാശനം ചെയ്തു. പഠനോപകരണങ്ങളുടെ വിതരണം സി ദിവാകരന്‍ എംഎല്‍എയും പുതിയ അക്കാദമിക കലണ്ടറിന്റെ പ്രകാശനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി കെ മധുവും നിര്‍വഹിച്ചു. ശിശുസൗഹൃദ ഫര്‍ണിച്ചറിന്റെ വിതരണോദ്ഘാടനം നെടുമങ്ങാട് നഗരസഭാ ചെയര്‍മാന്‍ ചെറ്റച്ചല്‍ സഹദേവനും “ഗണിതവിജയം’ കൈപ്പുസ്തകത്തിന്റെ പ്രകാശനം പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാറും നിര്‍വഹിച്ചു.
Next Story

RELATED STORIES

Share it