kasaragod local

മണ്ണിനടിയില്‍പ്പെട്ട തൊഴിലാളിയെ പുറത്തെടുക്കാന്‍ രാത്രി വൈകിയും തിരച്ചില്‍

മധൂര്‍: ഉളിയത്തടുക്ക ചേനക്കോടിലെ സ്വകാര്യ വ്യക്തിയുടെ കുളം വൃത്തിയാക്കാന്‍ ഇറങ്ങി മണ്ണിനടിയില്‍പെട്ട തൊഴിലാളിയെ പുറത്തെടുക്കാന്‍ രാത്രി വൈകിയും തിരച്ചില്‍ തുടരുന്നു. ഇന്നലെ രാവിലെ പത്തോടെയാണ് ദുരന്തം.
കര്‍ണാടക സ്വദേശികളായ ഏഴ് തൊഴിലാളികളാണ് കുളം വൃത്തിയാക്കാന്‍ ഇറങ്ങിയത്. ഇതിനിടയില്‍ കുളത്തിന്റെ അരികിലുള്ള മണ്ണ് തൊഴിലാളികളുടെ ദേഹത്ത് ഇളകി വീഴുകയായിരുന്നു. മണ്ണ് വീഴുന്നത് കണ്ട് മറ്റുള്ളവര്‍ മുകളിലേക്ക് കയറിയെങ്കിലും കര്‍ണാടക സ്വദേശി മോഹനന്റെ ദേഹത്ത് മണ്ണ് വീഴുകയായിരുന്നു.
ചേനക്കോട്, ഈശ്വരനായക്, ചേനക്കോട് നാരായണ പാട്ടാളി, അശോകന്‍, മധൂരിലെ ബാബു, കൊല്ല്യയിലെ കൊറഗപ്പ, ശിവപ്പ, കോടിമജലിലെ ബാലകൃഷ്ണന്‍ എന്നീ തൊഴിലാളികളാണ് കുളം വൃത്തിയാക്കാനിറങ്ങിയത്. തൊഴിലാളികളുടെ ബഹളം കേട്ട് വീട്ടുകാരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. ഫയര്‍ഫോഴ്‌സിനെ വിവരം അറിയിച്ചു. വിവരമറിഞ്ഞ് വിദ്യാനഗര്‍ പോലിസും എത്തി. ഫയര്‍ഫോഴ്‌സെത്തി മണ്ണിനടിയില്‍പെട്ട മോഹനനെ രക്ഷപ്പെടുത്താന്‍ കയറിട്ട് ഇറങ്ങിയെങ്കിലും മണ്ണ് വീണ്ടും ഇടിയുന്നത് കണ്ട് ഫയര്‍ഫോഴ്‌സ് ജീവനക്കാര്‍ മുകളില്‍ കയറി രക്ഷപ്പെടുകയായിരുന്നു. കല്ലുംമണ്ണും വീണ്ടും വീണത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി.
ഫയര്‍ഫോഴ്‌സും നാട്ടുകാരും കൈമൈ മറന്ന് മണ്ണിനടയില്‍ പെട്ട മോഹനനെ പുറത്തെടുക്കാന്‍ പരിശ്രമിച്ചെങ്കിലും മണ്ണില്‍ പൂഴ്ന്നനിലയില്‍ ശരീരത്തിന്റെ ചില ഭാഗങ്ങള്‍ കണ്ടെത്തിയതായി പോലിസ് അറിയിച്ചു. അപകടവിവരം അറിഞ്ഞ് നിരവധി പേര്‍ സ്ഥലത്തെത്തി. ഏറെ പഴക്കമുള്ള കുളമാണിത്.
Next Story

RELATED STORIES

Share it