kannur local

മണ്ണിടിച്ചില്‍ അപകടത്തിനു കാരണം അധികൃതരുടെ ജാഗ്രതക്കുറവ്

ഇരിട്ടി: തലശ്ശേരി-വളവുപാറ അന്തര്‍സംസ്ഥാന പാതയുടെ നവീകരണത്തിനിടെ ഉണ്ടായ മണ്ണിടിച്ചിലും അപകടവും വെളിപ്പെടുത്തുന്നത് റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയും ജാഗ്രതക്കുറവും. ഇതരസംസ്ഥാന തൊഴിലാളി മരിച്ച അപകടത്തില്‍ മണ്ണിനടിയില്‍ അകപ്പെട്ട തൊഴിലാളികളെ ഒന്നരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്താനായത്. പാതയോരത്ത് ഉയരത്തില്‍ സ്ഥിതിചെയ്യുന്ന മാടത്തില്‍ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ചിനു മുമ്പില്‍ സുരക്ഷാഭിത്തി നിര്‍മിക്കുന്നതിനായി അടിഭാഗം കോണ്‍ക്രീറ്റ് ചെയ്യുന്നതിന് മണ്ണു നീക്കവെയാണ് സംഭവം. പൊടുന്നനെ 30 മീറ്ററോളം ഉയരത്തിലുള്ള കുന്നിടിഞ്ഞ് തൊഴിലാളികള്‍ മണ്ണിനടിയില്‍ അകപ്പെടുകയായിരുന്നു. മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് യാതൊരു മുന്‍കരുതല്‍ നടപടിയും റോഡ് നിര്‍മാണം ഏറ്റെടുത്തവര്‍ സ്വീകരിച്ചിരുന്നില്ല. എന്‍ജിനീയറിങ് വൈഭവത്തിലെ കാര്യക്ഷതമ ഇല്ലായ്മ പ്രകടമായി. സാധാരണ വന്‍കിട റോഡ് നിര്‍മാണ പ്രവൃത്തികളില്‍ അവലംബിക്കാറുള്ള സുരക്ഷാ മാര്‍ഗങ്ങളാണ് അധികൃതര്‍ ഗൗനിക്കാതെ വിട്ടത്. ഇതാണ് അപകടത്തിന് വഴിവച്ചതും. മണ്ണിനോടൊപ്പം ചര്‍ച്ചിന്റെ മുമ്പിലെ കൂറ്റന്‍ കൊടിമരം കടപുഴകി വീഴുന്ന ശബ്ദം കേട്ടാണ് സമീപവാസികള്‍ ഓടിയെത്തിയത്. കുന്നിടിക്കുന്ന ഭാഗത്തുനിന്ന് അല്‍പം മാറി ജോലി ചെയ്യുകയായിരുന്ന കൊല്‍ക്കത്ത സ്വദേശി സോമനാഥ് ദാസ് നിസാര പരിക്കുകളോടെ ഓടിമാറി കൂടുതല്‍ തൊഴിലാളികള്‍ മണ്ണിനടിയില്‍ അക—പ്പെട്ടതായി അറിയിച്ചു. നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനും പോലിസിനും വിവരം കൈമാറി. റോഡ് നിര്‍മാണ ചുമതലയുള്ള ഇകെകെ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പ് ഉപകരാര്‍ നല്‍കിയ കമ്പനിയുടെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. എത്രപേര്‍ മണ്ണിനടിയില്‍ അകപ്പെട്ടെന്ന കാര്യത്തില്‍ വ്യക്തതയില്ലാത്തത് ആശങ്കയ്ക്കിടയാക്കി. ഇതിനാല്‍ എക്‌സ്‌കവേറ്റര്‍ കൂടുതലായി ഉപയോഗിക്കാതെ മണ്‍വെട്ടി കൊണ്ടാണു മണ്ണ് നീക്കിയത്. സണ്ണി ജോസഫ് എംഎല്‍എ, തഹസില്‍ദാര്‍ കെ കെ ദിവാകരന്‍, നഗരസഭാ ചെയര്‍മാന്‍ പി പി അശോകന്‍, പഞ്ചായത്ത് പ്രസിഡന്റ് എന്‍ അശോകന്‍, തോമസ് വര്‍ഗീസ്, ബിനോയ് കുര്യന്‍, കെ ശ്രീധരന്‍, ഡിവൈഎസ്പി പ്രജീഷ് തോട്ടത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it