malappuram local

മണ്ണിടിച്ചിലില്‍ കേടായ വീട് പൊളിക്കുന്നത് വൈകുന്നു

കൊണ്ടോട്ടി: കാലവര്‍ഷത്തെത്തുടര്‍ന്ന് മണ്ണിടിഞ്ഞുവീണ് തകര്‍ന്ന വീടിന്റെ ഭാഗങ്ങള്‍ പൊളിച്ചുനീക്കാത്തത് പുതിയ അപകടം വിളിച്ചുവരുത്തുമെന്ന് ആശങ്ക. ചെറുകാവ് പഞ്ചായത്തിലെ ഐക്കരപ്പടിക്കടുത്ത പൂച്ചാലില്‍ കഴിഞ്ഞ 15നുണ്ടായ മണ്ണിടിച്ചിലില്‍ കണ്ണനാരി അബ്ദുല്‍ അസീസും കുടുംബവും താമസിച്ചിരുന്ന വീടാണ് ഏത് നിമിഷവും തകര്‍ന്നു വീഴാനായി നില്‍ക്കുന്നത്. ദുരന്തത്തില്‍ അബ്ദുല്‍ അസീസ്, ഭാര്യ സുനീറ, ഇളയ മകന്‍ മുഹമ്മദ് ഉബൈദ് എന്നിവര്‍ മരണപ്പെട്ടിരുന്നു. അപകടത്തില്‍നിന്ന് രക്ഷപ്പെട്ട അസീസിന്റെ രണ്ട് മക്കള്‍ വീടിന്റെ തകര്‍ച്ച കാരണം കുടുംബ വീട്ടിലാണ് താമസിക്കുന്നത്. അപകടം നടന്ന് ഇരുപത് ദിവസം പിന്നിട്ടിട്ടും ഇതുവരെവീട് പൊളിച്ചുനീക്കിയിട്ടില്ല. വീടിന്റെ പിന്‍ഭാഗം മണ്ണിടിച്ചിലില്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ചുമരും ടെറസ്സുമടക്കം ഏത് നിമിഷവും വീഴുന്ന അപകടാവസ്ഥയിലാണ്. അപകടത്തിന് ശേഷവും കനത്ത മഴയായതിനാലണ് വീട് പൂര്‍ണമായി പൊളിച്ചുനീക്കുന്നതിന് റവന്യൂ അധികൃതര്‍ തടസ്സം പറഞ്ഞിരുന്നത്. എന്നാല്‍, പൂച്ചാലിലെ ദുരന്ത ദിവസം തന്നെ മണ്ണിടിഞ്ഞുവീണ് ഒമ്പതുപേര്‍ മരണപ്പെട്ട പെരിങ്ങാവ് കൊടപ്പുറത്ത് അപകടാവസ്ഥയിലായ വീട്, തൊട്ടടുത്ത ദിവസം തന്നെ റവന്യു അധികാരികളുടെ നേതൃത്വത്തില്‍ പൊളിച്ചുനീക്കിയിരുന്നു. എന്നാല്‍, അപകടം നടന്ന് മൂന്നാഴ്ച പിന്നിട്ടിട്ടും കാലാവസ്ഥ അനുകൂലമായിട്ടും ഇവിടെ വീടിന്റെ അപകടാവസ്ഥ ഒഴിവാക്കാനായിട്ടില്ല. റവന്യൂ വകുപ്പിന് കീഴിലെ ദുരന്ത നിവാരണ വിഭാഗമാണ് നടപടികള്‍ സ്വീകരിക്കേണ്ടത്. വീടിന് ചുറ്റും കയറുകെട്ടി അപകട സൂചന നല്‍കിയിരിക്കുകയാണ് നാട്ടുകാര്‍. എന്നാല്‍, ദിനേന വീട് കാണുന്നതിനും ഫോട്ടോ എടുക്കുന്നതിനുമായി വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ എത്തുന്നത് വന്‍ അപകടത്തിന് ഇടയാക്കുമെന്ന് നാട്ടുകാര്‍ പറയുന്നു. തകര്‍ന്ന വീടിന്റെ ഭാഗങ്ങള്‍ ഏതു നിമിഷവും തൊട്ടടുത്തുള്ള വീടുകളില്‍ വന്നുപതിക്കുമെന്ന ഭീതിയില്‍ സമീപത്തുള്ളവര്‍ വീടുകളില്‍ നിന്ന് മാറി താമസിക്കുന്നുമുണ്ട്. റവന്യൂ ഉദ്യോഗസ്ഥരെ ദിനേനെയെന്നോണം ഇക്കാര്യത്തില്‍ ബന്ധപ്പെട്ടിട്ടും യാതൊരുവിധ നടപടിയും ഇതുവരെയുണ്ടായിട്ടില്ല. പൂച്ചാലിലെ തകര്‍ന്ന വീടിന്റെ അപകടാവസ്ഥ ഒഴിവാക്കി ജനങ്ങളുടെ ആശങ്കയകറ്റണമെന്ന് ചെറുകാവ് ഗ്രാമപ്പഞ്ചായത്ത് അംഗം ബഷീര്‍ പൂച്ചാല്‍ റവന്യൂ അധികാരികളോട് ആവശ്യപ്പെട്ടു. അധികൃതര്‍ കാലതാമസം വരുത്തുന്ന പക്ഷം നാട്ടുകാര്‍ വീട് പൊളിച്ച് നീക്കുമെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it