malappuram local

മണ്ഡലാടിസ്ഥാനത്തില്‍ ആരോഗ്യ ജാഗ്രതാ യോഗം ചേരും

മലപ്പുറം: നിപാ വൈറസ് ഭീതിയുടെയും ഡെങ്കിപ്പനി വ്യാപനത്തിന്റെയും പശ്ചാതലത്തില്‍ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ആരോഗ്യജാഗ്രതാ യോഗം നടത്താന്‍ ജില്ലാ വികസന സമിതിയില്‍ തീരുമാനം. നിപാ വൈറസ് ബാധ ജില്ലയില്‍ നിയന്ത്രണ വിധേയമായെങ്കിലും മറ്റ് പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാഹചര്യം കണക്കിലെടുത്താണിത്.
മെയ് 28ന് ഏറനാട്, കൊണ്ടോട്ടി മണ്ഡലങ്ങളില്‍ യോഗം ചേരും. തുടര്‍ന്ന് മറ്റ് മണ്ഡലങ്ങളിലും യോഗം ചേരും. കൊതുകു നശീകരണ മുള്‍പ്പെടെയുള്ള രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമാക്കും. ജില്ലയില്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരെ അടിയന്തരമായി നിയമിക്കണമെന്ന് പി അബ്ദുല്‍ ഹമീദ് എംഎല്‍എ ആവശ്യപ്പെട്ടു. കുടിവെള്ള പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ടി വി ഇബ്രാഹീം എംഎല്‍എ ആവശ്യപ്പെട്ടു.
തൃപ്രങ്ങോട് പഞ്ചായത്തിലെ കുടിവെള്ള പദ്ധതിയുടെ പൂര്‍ത്തീകരണത്തിനുള്ള തടസ്സങ്ങള്‍ നീക്കാന്‍ വി അബ്ദുര്‍റഹ്മാന്‍ എംഎല്‍എ ആവശ്യപ്പെട്ടു. പാണ്ടിക്കാട് തമ്പാനങ്ങാടിയില്‍ കുടിവെള്ള വിതരണം തടസ്സപ്പെട്ടത് പുനരാംരഭിക്കണമെന്ന് എം ഉമ്മര്‍ എഎല്‍എ ആവശ്യപ്പെട്ടു. ജില്ലയിലെ എല്‍പിഎസ്എ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്ക് തിരുവനന്തപുരത്ത് പിഎസ്‌സി ആസ്ഥാനത്ത് ഇന്റര്‍വ്യൂ നടത്തുന്നത് ഗര്‍ഭിണികളും ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് എംഎല്‍എമാര്‍ പറഞ്ഞു.
സ്‌കൂള്‍ തുറക്കാനായിട്ടും വിദ്യാദ്യാസ ഉപഡയറക്ടര്‍, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളില്‍ ആളില്ലാത്തത് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രയാസമുണ്ടാക്കുമെന്നും എംഎല്‍മാര്‍ അഭിപ്രായപ്പെട്ടു.
ജൂണ്‍ അഞ്ചിനകം ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കണമെന്നും ജൂണ്‍ 10നകം ഇതിന്റെ റിപോര്‍ട്ടും ഫോട്ടോയും ശുചിത്വമിഷന് നല്‍കണമെന്നും ശുചിത്വമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ അറിയിച്ചു. യോഗത്തില്‍ ജില്ലാ കലക്ടര്‍ അമിത് മീണ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it