Idukki local

മണക്കാട് കവലയിലെ വെള്ളക്കെട്ടിന് പരിഹാരമായില്ല

തൊടുപുഴ: മഴ പെയ്താല്‍ മണക്കാട് കവലയും നഗരസഭാ ബസ് സ്റ്റാന്‍ഡിന് മുന്നിലുള്ള തൊടുപുഴ പാലാ റോഡിന്റെ ഭാഗവും വെള്ളത്തില്‍ മുങ്ങും. വെള്ളം ഇരച്ചുകയറുന്നതോടെ കടകളുടെ ഷട്ടറുകള്‍ വീഴും. കാല്‍നടക്കാര്‍ക്കുപോലും സഞ്ചരിക്കാനാവാത്തവിധം റോഡ് തോടാകും.
ബസ് സ്റ്റാന്‍ഡ് പരിസരവും പുതുതായി നിര്‍മിച്ച മണക്കാട് ബൈപാസിന് സമാന്തരമായി നേരത്തെയുണ്ടായിരുന്ന പഴയ റോഡും വെള്ളക്കെട്ടില്‍ മുങ്ങുന്നത് പതിവാണിപ്പോള്‍. ലക്ഷങ്ങള്‍ ചെലവിട്ട് പൊതുമരാമത്ത്ത വകുപ്പ് നടത്തിയ നിര്‍മ്മാണജോലികളെല്ലാം പാഴായെന്നാണ് ഈ വെള്ളക്കെട്ട് ചൂണ്ടിക്കാട്ടുന്നത്. നേരത്തെ വയലായിരുന്ന പ്രദേശം ഉയര്‍ത്തി നിര്‍മിച്ച പുതിയ ബൈപാസില്‍ ഓട ഉയര്‍ത്തി നിര്‍മിച്ച പരിഷ്‌കാരമാണ് അടുത്ത കാലത്തുണ്ടായത്.
റോഡ് കുറകെ വെട്ടിപ്പൊളിച്ച് 25 ലക്ഷം രൂപ ചെലവഴിച്ച് നടത്തിയ നിര്‍മാണംകൊണ്ട് എന്ത് ഫലമുണ്ടായെന്ന ചോദ്യമാണ് കടകളില്‍ നിരന്തരം വെള്ളം കയറുന്നതിന്റെ ദുരിതമനുഭവിക്കുന്ന കച്ചവടക്കാരും കാല്‍നട വാഹന യാത്രക്കാരും ചോദിക്കുന്നത്.
ബൈപാസ് നിര്‍മിക്കുന്നതിനുമുമ്പ് തൊടുപുഴയില്‍ നിന്ന് മണക്കാട് ഭാഗത്തേക്ക് പോകുന്ന എം ജിനദേവന്‍ സ്മാരക മന്ദിരത്തിന് മുന്നിലൂടെയുള്ള റോഡിലായിരുന്നു വെള്ളക്കെട്ട് ഒഴിവാക്കാനെന്ന വ്യാജേനയുള്ള ആദ്യനിര്‍മിതി. കലുങ്ക് പൊളിച്ചുപണിതു. റോഡിന്റെ ചില ഭാഗങ്ങള്‍ ഉയര്‍ത്തിയുള്ള അശാസ്ത്രിയ നിര്‍മിതിയായി പിന്നീട്്. എന്നിട്ടും നല്ല മഴ പെയ്താല്‍ റോഡില്‍ വെള്ളം കെട്ടുന്നതിനും സഞ്ചാരം തടസ്സപ്പെടുന്നതിനും അറുതിയുണ്ടായില്ല.
അടുത്ത ഘട്ടത്തില്‍ മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡിനു മുന്നിലെ തൊടുപുഴ പാലാ റോഡിന്റെ ഭാഗത്ത് ടൈല്‍സ് വിരിച്ചു. എന്നിട്ടും മഴ പെയ്താല്‍ കടകളിലെല്ലാം വെള്ളം കയറുന്ന അവസ്ഥ തുടരുന്നു. രണ്ട് മാസത്തോളം ഗതാഗതം തടസ്സപ്പെടുത്തിയാണ് മണക്കാട് ബൈപാസിന്റെ തൊടുപുഴ പാലാ റോഡുമായി സന്ധിക്കുന്ന ഭാഗത്തെ ഓട ഉയര്‍ത്തിയത്.
അതോടെ സമീപത്തെ മറ്റൊരു ഓടയില്‍നിന്നുള്ള ജലപ്രവാഹത്തിന് ശക്തിയേറി. എന്നാല്‍, ഉയര്‍ത്തി നിര്‍മിച്ച ഓടയില്‍നിന്ന് താഴേക്ക് വെള്ളമൊഴുകുന്ന ഭാഗം ഇടുങ്ങിയതായതിനാല്‍ മഴവെള്ളം റോഡില്‍ നിറയുകയാണ്.
സ്വകാര്യവ്യക്തികള്‍ ഓട കൈയേറി നടത്തുന്ന നിര്‍മിതികള്‍ സംബന്ധിച്ച് ഏറെക്കാലമായി പരാതികളുണ്ട്. മുനിസിപ്പല്‍ ഭരണസമിതിയുടെ അമരക്കാരില്‍ ചിലരും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി നിരീക്ഷണം നടത്തി മടങ്ങിയതല്ലാതെ തുടര്‍നടപടിയൊന്നുമെടുത്തില്ല. വെള്ളക്കെട്ട് രൂക്ഷമായതോടെ എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് ചില ഭാഗങ്ങളില്‍ സ്ലാബിട്ട് മൂടിയ ഓടയിലെ മണ്ണ് നീക്കിയിരുന്നു.
എങ്കിലും മണക്കാട് കവലയിലെയും ബസ് സ്റ്റാന്‍ഡ് ഭാഗത്തെയും ഓടകളിലേക്ക് വെള്ളം കുത്തിയൊഴുകുമ്പോള്‍ സ്ലാബിനിടയിലൂടെ അത് റോഡിലേക്ക് കവിഞ്ഞൊഴുകും. ഓടകള്‍ കൈയേറി നടത്തിയ നിര്‍മിതികള്‍ ഒഴിവാക്കിയില്ലെങ്കില്‍ വെള്ളക്കെട്ട് തുടരും. െ
Next Story

RELATED STORIES

Share it