മഠത്തില്‍വരവും ഇലഞ്ഞിത്തറമേളവും; സ്വരലയം തീര്‍ത്ത് പൂരങ്ങളുടെ പൂരം

തൃശൂര്‍: മഠത്തില്‍വരവും ഇലഞ്ഞിത്തറമേളവും ഘടകപൂരങ്ങളുടെ വാദ്യ അകമ്പടിയും. മേളങ്ങളുടെ വിസ്മയമാണ് തൃശൂര്‍ പൂരം. പതികാലത്തില്‍ തിരുമധുരം വിളമ്പി തിരുവമ്പാടിയുടെ പ്രശസ്തമായ മഠത്തില്‍വരവും പാണ്ടിമേളത്തില്‍ ചെണ്ടയുടെ രൗദ്രതയില്‍ പെരുവനം കുട്ടന്‍മാരാരും കൂട്ടരും കൊട്ടിത്തകര്‍ത്ത ഇലഞ്ഞിത്തറമേളവും പതിനായിരങ്ങളെ ആവേശത്തേരിലേറ്റി.
തിരുവമ്പാടി ഭഗവതിക്ക് ബ്രഹ്മസ്വം മഠത്തിലെ പ്രത്യേക പൂജ കഴിഞ്ഞ് മേളപ്രമാണി കോങ്ങാട് മധുവും കൂട്ടരും തിമിലയില്‍ ആദ്യ താളമിടുമ്പോള്‍ കൃത്യം 11.30. അന്നമനട പരമേശ്വരമാരാര്‍ക്ക് അസുഖം മൂലം പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ തുടര്‍ച്ചയായി രണ്ടാംതവണയാണ് കോങ്ങാട് മധു മഠത്തില്‍വരവിന് മേളപ്രമാണിയാവുന്നത്. മേളം കലാശങ്ങള്‍ പിന്നിട്ട് നാദഗോപുരം തീര്‍ക്കുമ്പോള്‍ വാനില്‍ വിരല്‍ത്തുമ്പുയര്‍ത്തി താളംപിടിക്കുന്ന ആയിരങ്ങള്‍ക്കു മുകളില്‍ തണല്‍വിരിച്ചു നില്‍ക്കുന്ന ആലിലകള്‍ക്കും ഒരേ ആവേശം.
ചെണ്ടയുടെ രൗദ്രതയില്‍ പെരുവനം കുട്ടന്‍മാരാരും കൂട്ടരും കൊട്ടിത്തകര്‍ത്തപ്പോള്‍ വിശ്വപ്രസിദ്ധമായ ഇലഞ്ഞിത്തറമേളം ഒരിക്കല്‍ക്കൂടി പതിനായിരങ്ങളുടെ മനംകവര്‍ന്നു. ഉച്ചയ്ക്ക് 2.45ന് 15 ആനകളുടെ അകമ്പടിയോടെ പാറമേക്കാവ് ഭഗവതി വടക്കോട്ട് തിരിഞ്ഞ് അണിനിരന്നു. തുടര്‍ന്ന് പെരുവനവും കൂട്ടരും ചെണ്ടയില്‍ ആദ്യ കോലിട്ടതോടെ കൂടിനിന്ന പതിനായിരങ്ങള്‍ ഹര്‍ഷാരവം പൊഴിച്ചു.
പതികാലം കഴിഞ്ഞ് കുഴകള്‍ മറിഞ്ഞ് മേളം കാലങ്ങള്‍ പിന്നിട്ടതോടെ ഇലഞ്ഞിത്തറമേളം ആവേശപ്പെരുമഴയായി. ചൂടിനെ വകവയ്ക്കാതെ കൈയുയര്‍ത്തി മേളത്തിന്റെ താളത്തിനൊപ്പം ആള്‍ക്കൂട്ടം അലിഞ്ഞുചേര്‍ന്നതോടെ അവര്‍ക്കൊപ്പം കുഞ്ഞിലഞ്ഞിയും പൂവിട്ടു തുള്ളിക്കളിക്കുന്നു.
ഇലഞ്ഞിത്തറമേളത്തില്‍ തുടര്‍ച്ചയായി 20ാം വര്‍ഷം പ്രമാണിയായ പെരുവനത്തിന്റെ വലത്തു ഭാഗത്ത് കേളത്ത് അരവിന്ദാക്ഷനും ഇടത്ത് പെരുവനം സതീശനും അണിനിരന്ന ഇലഞ്ഞിത്തറമേളം കാണാന്‍ പതിവില്‍ കവിഞ്ഞ ആള്‍ക്കൂട്ടമാണ് ഒഴുകിയെത്തിയത്.
Next Story

RELATED STORIES

Share it