kannur local

മട്ടന്നൂര്‍ നഗരസഭാ തിരഞ്ഞെടുപ്പ് സപ്തംബറില്‍ നടത്താന്‍ ധാരണ



കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭാ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയകക്ഷി പ്രതിനിധികളുടെ യോഗം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്‌കരന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരം ഗവ. ഗസ്റ്റ് ഹൗസില്‍ ചേര്‍ന്നു. 2017 സപ്തംബര്‍ 10നകം തിരഞ്ഞെടുപ്പ് നടത്തുന്നതു സംബന്ധിച്ച് സ്വീകരിച്ച നടപടികള്‍ കമ്മീഷന്‍ ധരിപ്പിച്ചു. 2015ലെ അസംബ്ലി വോട്ടര്‍പ്പട്ടിക അടിസ്ഥാനമാക്കി ജൂണ്‍ അഞ്ചിനകം കരട് പ്രസിദ്ധീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. 2015ലെ അസംബ്ലി വോട്ടര്‍പട്ടികയ്ക്ക് പകരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ 2017ല്‍ പ്രസിദ്ധീകരിച്ച പട്ടിക അടിസ്ഥാനമാക്കുന്നത് നന്നായിരിക്കുമെന്ന് കോണ്‍ഗ്രസ് പ്രതിനിധി ചന്ദ്രന്‍ തില്ലങ്കേരി അഭിപ്രയപ്പെട്ടു. എന്നാല്‍, ഉരുവച്ചാല്‍ വാര്‍ഡില്‍ അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പിലേക്ക് വോട്ടര്‍പട്ടിക പുതുക്കേണ്ടി വന്ന സാഹചര്യത്തില്‍ 2017ലെ കേന്ദ്ര തിരഞ്ഞെടുപ്പ് പട്ടിക അടിസ്ഥാനമാക്കുന്നത് പ്രായോഗികല്ലെന്നായിരുന്നു കമ്മീഷന്റെ മറുപടി. യാതൊരു ആക്ഷേപങ്ങള്‍ക്കും ഇടനല്‍കാതെ കുറ്റമറ്റരീതിയില്‍ വോട്ടര്‍പട്ടിക പരിഷ്‌കരിക്കും. ഇതുസംബന്ധിച്ച പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ അവസരമൊരുക്കും. പ്രവാസികള്‍ക്ക് നേരിട്ടു ഹാജരായി വോട്ട് ചെയ്യുന്നതിന് പ്രത്യേകം പട്ടികയാവും തയ്യാറാക്കുക. ഡീലിമിറ്റേഷന്‍ കമ്മീഷന്‍ അതിര്‍ത്തി നിര്‍ണയത്തിലൂടെ നിലവിലെ 34 വാര്‍ഡുകളെ  35 വാര്‍ഡുകളാക്കിക്കൊണ്ട് വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കി. തിരഞ്ഞടുപ്പ് സുഗമമായും സമാധാനപരമായും നടത്തുന്നതിന് എല്ലാ സഹകരണവും ഉണ്ടാവുമെന്ന് രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ ഉറപ്പുനല്‍കി. അതേസമയം, തിരഞ്ഞെടുപ്പ് സുതാര്യമായിരിക്കണമെന്നും ജനങ്ങള്‍ക്ക് ധൈര്യമായി വോട്ട് ചെയ്യാനുള്ള സാഹചര്യമൊരുക്കണമെന്നും ബിജെപി പ്രതിനിധി അഡ്വ. പത്മകുമാര്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു. അതീവ സുരക്ഷയുള്ള മള്‍ട്ടി പോസ്റ്റ് ഇവിഎം ആണ് പൊതുതിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. പോളിങ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ് ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിശോധിക്കും. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കാന്‍ ശ്രമിക്കണം. നഗരസഭയിലെ മുഴുവന്‍ പ്രദേശത്തും പെരുമാറ്റച്ചട്ടം ബാധകമായിരിക്കും. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും സ്ഥാനാര്‍ഥികളും മാതൃകാ പെരുമാറ്റച്ചട്ടം പാലിച്ചുവേണം പ്രചാരണം നടത്താന്‍. 30000 രൂപയാണ് ഒരു സ്ഥാനാര്‍ഥിക്ക് ചെലവാക്കാവുന്ന പരമാവധി തുക. പ്രചാരണം സമാധാനപരമായി നടത്താന്‍ പാര്‍ട്ടികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും കമ്മീഷന്‍ അഭ്യര്‍ഥിച്ചു. എം വി ഗോവിന്ദന്‍ മാസ്റ്റര്‍ (സിപിഎം), ജി സുഗുണന്‍ (സിഎംപി), കെ ജയകുമാര്‍ (ആര്‍എസ്പി) എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it