wayanad local

മടക്കിമലയിലെ കള്ളുഷാപ്പ് അടച്ചുപൂട്ടാന്‍ ആവശ്യപ്പെട്ട് കലക്ടറേറ്റ് ധര്‍ണ ഇന്ന്



കല്‍പ്പറ്റ: മടക്കിമല ജനവാസകേന്ദ്രത്തിലെ കള്ളുഷാപ്പ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഇന്ന് കലക്ടറേറ്റ് ധര്‍ണ നടത്തുമെന്ന് കള്ളുഷാപ്പ് സമരസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇന്നു രാവിലെ 10ന് നടക്കുന്ന ധര്‍ണ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. മുട്ടില്‍ പഞ്ചായത്തിലെ മടക്കിമല കെല്‍ട്രോണ്‍ മുക്കിലെ ജനവാസ കേന്ദ്രത്തില്‍ കള്ളുഷാപ്പ് ആരംഭിക്കുന്നതിന് മുന്‍പ്തന്നെ പ്രദേശവാസികള്‍ വാര്‍ഡ് അംഗം ബബിത രാജീവിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് കള്ളുഷാപ്പ് ആരംഭിക്കരുതെന്ന് ആവശ്യപ്പെട്ട് ഇതുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്രത്തിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും ചെവിക്കൊള്ളാതെയാണ് മേലധികാരികളുടെ അനുവാദത്തോടെ ഈ പ്രദേശത്ത് കള്ള്ഷാപ്പ് ആരംഭിച്ചത്. കള്ളുഷാപ്പ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഉടമയും കള്ളുഷാപ്പ് കോണ്‍ട്രാക്ടറും പ്രദേശവാസികളെ ബേക്കറി ആരംഭിക്കുന്നു എന്ന് തെറ്റിധരിപ്പിച്ചാണ് ഓഗസ്റ്റ് 21ന് അര്‍ധരാത്രിയോടെ കള്ളുഷാപ്പ് ആരംഭിച്ചത്. അന്നേ ദിവസംതന്നെ പ്രദേശവാസികള്‍ ജനകീയ സമരസമിതി രൂപീകരിച്ച് സമരം ആരംഭിച്ചത്. കള്ള്ഷാപ്പ് ആരംഭിച്ചതോടെ മദ്യപര്‍ പ്രദേശവാസികളോട് വഴക്കിടുന്നതുകാരണം പ്രദേശത്തെ ജനജീവിതം ദുരിതപൂര്‍ണമായിരിക്കുകയാണ്. നാളിതുവരെയായിട്ടും അധികാരികളുടെ ഭാഗത്തുനിന്നും ചര്‍ച്ചയോ കള്ളുഷാപ്പ് മാറ്റി സ്ഥാപിക്കുന്നതിനോ ആവശ്യമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പ്രദേശവാസികളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് എംഎല്‍എമാര്‍, മറ്റ് ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, സമീപ പ്രദേശങ്ങളിലെ മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക നേതാക്കള്‍, മദ്യവിരുദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചിരുന്നു. കള്ളുഷാപ്പ് പ്രദേശത്തുനിന്നും മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍, സ്ഥലം എംഎല്‍എ, എക്‌സൈസ് കമ്മീഷണര്‍, വനിതാ കമ്മീഷന്‍, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, മുട്ടില്‍ പഞ്ചായത്ത് സെക്രട്ടറി എന്നിവര്‍ക്ക് പ്രദേശവാസികള്‍ ഒന്നടങ്കം ഒപ്പിട്ട നിരവധി പരാതികള്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന ഗ്രാമസഭായോഗത്തിലും കള്ളുഷാപ്പ് അടച്ചുപൂട്ടണമെന്ന പ്രമേയം പാസാക്കുകയും ചെയ്തിട്ടുണ്ട്. സമരം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇന്നു രാവിലെ 10ന് കലക്ടറേറ്റ് പടിക്കല്‍ പ്രദേശവാസികള്‍ ധര്‍ണ നടത്തുന്നത്. വാര്‍ത്താസമ്മേളനത്തില്‍ വാര്‍ഡ് അംഗം ബബിത രാജീവന്‍, സമര സമിതി നേതാക്കളായ മുസ്തഫ പാറാത്തൊടിക, അബ്ദുള്‍ കാദര്‍ മടക്കിമല, അഷ്‌റഫ് ചിറക്കല്‍  പങ്കെടുത്തു.
Next Story

RELATED STORIES

Share it