kasaragod local

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് : ഹൈക്കോടതിയില്‍ ഹാജരായത് 22 പേര്‍



മഞ്ചേശ്വരം: പി ബി അബ്ദുര്‍റസാഖ് എംഎല്‍എയുടെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്തുകൊണ്ട് എതിര്‍സ്ഥാനാര്‍ഥിയായിരുന്ന ബിജെപിയിലെ കെ സുരേന്ദ്രന്‍ ഫയല്‍ ചെയ്ത കേസില്‍ കള്ളവോട്ട് ആരോപിച്ച് നല്‍കിയ സത്യവാങ്മൂലത്തില്‍ ഇതേവരെ ഹൈക്കോടതിയില്‍ ഹാജരായത് 22 പേര്‍. മൂന്നുപേര്‍ അഫ്ഡവിറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. പരേതാന്മാക്കളുടേയും ഗള്‍ഫിലുള്ള പ്രവാസികളുടേയും കള്ളവോട്ട് ചെയ്തുവെന്നാരോപിച്ചാണ് സുരേന്ദ്രന്‍ കേസ് ഫയല്‍ ചെയ്തത്. ഇങ്ങനെ 254 പേരുടെ കള്ളവോട്ടുകള്‍ രേഖപ്പെടുത്തിയെന്നാണ് ആരോപണം. എന്നാല്‍ സുരേന്ദ്രന്‍ മരിച്ചതായി ആരോപിച്ച് നല്‍കിയ ആറുപേരില്‍ അഞ്ചുപേരും ജീവിച്ചിരുന്നതായി കോടതി അയച്ച സമന്‍സ് കൈപ്പറ്റിയതോടെ സ്ഥിരീകരിച്ചു. ഇതില്‍ മഞ്ചേശ്വരം ബാക്രബയലിലെ ഹമീദ് കുഞ്ഞി ഒരാഴ്ചമുമ്പ് കോടതിയില്‍ നേരിട്ട് ഹാജരായി താന്‍ ജീവിച്ചിരിക്കുന്നുവെന്നും തന്റെ വോട്ട് താന്‍ തന്നെയാണ് അടുത്തുള്ള സ്‌കൂളിലെ ബൂത്തില്‍ രേഖപ്പെടുത്തിയതെന്നും മൊഴി നല്‍കി. മഞ്ചേശ്വരത്തെ 22ഓളം ആളുകള്‍ തങ്ങളുടെ സമ്മതിദാനാവകാശം സ്വയം വിനിയോഗിച്ചതാണെന്നും കള്ളവോട്ട് അല്ലെന്നും തങ്ങള്‍ പ്രവാസികളല്ലെന്നും കോടതിയെ ബോധിപ്പിച്ചു. സാങ്കേതിക കാരണങ്ങളാല്‍ കോടതിയില്‍ ഹാജരാവാന്‍ കഴിയാതിരുന്ന മൂന്നുപേര്‍ സര്‍ട്ടിഫിക്കറ്റ് കോടതിയില്‍ ഹാജരാക്കി. പെരുന്നാളിന് ശേഷം മഞ്ചേശ്വരം മണ്ഡലത്തിലെ 200ല്‍പരം ആളുകള്‍ വിവിധ ദിവസങ്ങളിലായി സമന്‍സ് കൈപറ്റുന്ന മുറയ്ക്ക് കോടതിയില്‍ ഹാജരായി തെളിവ് നല്‍കും. അതേസമയം മഞ്ചേശ്വരം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച കേസിനെ ചൊല്ലി ബിജെപിയില്‍ ഭിന്നത രൂക്ഷമാവുന്നു. മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പ് കേസ് ഫയല്‍ ചെയ്യുന്നതിനെതിരേ നേരത്തേ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പരാജയം സമ്മതിച്ച് കേസ് ഫയല്‍ ചെയ്യാതെ മാറി നില്‍ക്കണമെന്നായിരുന്നു മണ്ഡലം കമ്മിറ്റിയുടെ തീരുമാനം. എന്നാല്‍ കെ സുരേന്ദ്രന്‍ ജില്ലാ കമ്മിറ്റിയിലെ ചിലരെ കൂട്ടിപിടിച്ചാണ് കേസ് ഫയല്‍ ചെയ്തത്. ഇത് ജില്ലാ കമ്മിറ്റിയിലും വിഭാഗീയതക്കും കാരണമായി. കഴിഞ്ഞ ആഴ്ച ചേര്‍ന്ന ബിജെപി ജില്ലാ കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടിയെ ബഹുജന മധ്യത്തില്‍ ഇടിച്ചുകാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തിരഞ്ഞെടുപ്പ് കേസെന്ന് ഒരു വിഭാഗം ആരോപിച്ചു. പരേതാന്മാക്കള്‍ വോട്ടുചെയ്തുവെന്ന് ആരോപിച്ചുള്ള ഹരജിയില്‍ നോട്ടീസ് ലഭിച്ചവര്‍ മുഴുവന്‍ ജീവിച്ചിരിക്കെ വ്യാജ സത്യവാങ്മൂലം നല്‍കിയത് പാര്‍ട്ടിക്ക് തിരിച്ചടിയാണെന്നും പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്. അതിനിടെ ന്യൂനപക്ഷ മോര്‍ച്ച പ്രവര്‍ത്തകനും പ്രവാസിയുമായ ബന്തിയോട്ടെ അഷ്‌റഫിന്റെ വോട്ടും കള്ളവോട്ട് ചെയ്തുവെന്ന സുരേന്ദ്രന്റെ ആരോപണത്തെ തുടര്‍ന്ന് ഇയാള്‍ക്ക് കോടതി സമന്‍സ് നല്‍കിയിട്ടുണ്ട്. ഈ മാസം 29ന് ഇയാള്‍ കോടതിയില്‍ ഹാജരായി മൊഴി നല്‍കും. ഇത് പാര്‍ട്ടിയില്‍ കൂടുതല്‍ ഭിന്നിപ്പിന് ഇടയാക്കിയിട്ടുണ്ട്. പാര്‍ട്ടി പ്രവര്‍ത്തകന് തന്നെ പാര്‍ട്ടി നേതാവ് നോട്ടീസ് അയച്ചതാണ് വിഭാഗീയതക്ക് കാരണമായത്.
Next Story

RELATED STORIES

Share it