Flash News

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് ഹരജി : സമന്‍സ് മെസഞ്ചര്‍ക്ക് പോലിസ് സംരക്ഷണം നല്‍കണം



കൊച്ചി: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലത്തെ ചോദ്യംചെയ്തുകൊണ്ടുള്ള ഹരജിയുമായി ബന്ധപ്പെട്ട് നാല് വോട്ടര്‍മാര്‍ക്ക് സമന്‍സ് നല്‍കാന്‍ മെസഞ്ചര്‍ക്ക് പോലിസ് സംരക്ഷണം നല്‍കി ഹൈക്കോടതി ഉത്തരവ്. നാല് പേര്‍ക്ക് സമന്‍സ് നല്‍കാന്‍ മുതിര്‍ന്നപ്പോള്‍ ചിലരില്‍ നിന്നു ഭീഷണിയുണ്ടായെന്ന മെസഞ്ചറുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു കോടതി പോലിസ് സംരക്ഷണത്തിന് ഉത്തരവിട്ടത്. ബിജെപി സ്ഥാനാര്‍ഥിയായിരുന്ന കെ സുരേന്ദ്രന്‍ നല്‍കിയ ഹരജിയാണു കോടതിയുടെ പരിഗണനയിലുള്ളത്. സ്ഥലത്തില്ലാതിരുന്ന 259 വോട്ടര്‍മാരുടെ പേരില്‍ കള്ളവോട്ടു ചെയ്തിട്ടുണ്ടെന്നു പരാതിയുള്ള സാഹചര്യത്തില്‍ ഇവരെ സമന്‍സ് അയച്ച് വിളിച്ചുവരുത്തി തെളിവെടുക്കാന്‍ കോടതി  ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് ഇന്നലെ മുതല്‍ ഇവരില്‍ നിന്നു മൊഴിയെടുക്കാനും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇന്നലെ ഹാജരാവാനായി 10 പേര്‍ക്ക് പ്രത്യേക ദൂതന്‍ (മെസഞ്ചര്‍) മുഖേന സമന്‍സ് അയച്ചെങ്കിലും അഞ്ച് പേര്‍ക്ക് മാത്രമേ കൈമാറാനായുള്ളൂ. അഞ്ചു പേര്‍ സ്ഥലത്തില്ലായിരുന്നെന്നും അതില്‍ രണ്ടുപേരുടെ മേല്‍വിലാസം പോലും ഇല്ലായിരുന്നുവെന്നും മെസഞ്ചര്‍ കോടതിയെ അറിയിച്ചു. ഇന്ന് ഹാജരാവേണ്ടവരില്‍ ചിലരും സ്ഥലത്തില്ലാതിരുന്നതിനാല്‍ എല്ലാവര്‍ക്കും സമന്‍സ് നല്‍കാനായില്ല. തുടര്‍ന്നാണ് പോലിസ് സംരക്ഷണയോടെ സമന്‍സ് നല്‍കാന്‍ കോടതി ഉത്തരവായത്. ഇപ്രകാരം സമന്‍സ് ലഭിക്കുന്നവര്‍ ജൂണ്‍ 16നാണു കോടതിയില്‍ ഹാജരാവേണ്ടത്. ഇതിനിടെ മരണപ്പെട്ട നാലുപേരുടെ പേരില്‍ മഞ്ചേശ്വരം മണ്ഡലത്തില്‍ വോട്ട് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയുള്ള രേഖകള്‍ സുരേന്ദ്രന്റെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it