malappuram local

മഞ്ചേരി മെഡിക്കല്‍ കോളജില്‍ സമരം ശക്തമാക്കി വിദ്യാര്‍ഥികള്‍



മഞ്ചേരി: മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ സമരം ശക്തമായി. സര്‍ജറി വിഭാഗത്തില്‍ അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് ആരംഭിച്ച നിരാഹാരം നടത്തുന്നവരുടെ എണ്ണം വര്‍ധിച്ചു. ഇന്നലെ മൂന്നുപേര്‍ നിരാഹാരം ആരംഭിച്ചു. ഇതോടെ നിരാഹാരം കിടക്കുന്നവരുടെ എണ്ണം എട്ടായി. വിനായക്, അല്‍ഷാന, ആരിഫ ലുലു തുടങ്ങിയവരാണ് ഇന്നലെ നിരാഹരം തുടങ്ങിയത്. ശരത് കെ ശശി, പി സമീര്‍, കെ ആര്‍ ഉത്തര, സുനീറ, സരിത തുടങ്ങിയവരാണ് ആദ്യം നിരാഹാരം നടത്തിയത്. പ്രിന്‍സിപ്പല്‍ ചാര്‍ജുള്ള ഡോ. സിറിയക് ജോബും വിദ്യാര്‍ഥി പ്രതിനിധികളും ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. സര്‍ജറിയില്‍ മുന്നുപേരെ നിയമിക്കാന്‍ ശ്രമിക്കാമെന്നാണ് അധികൃതര്‍ അറിയിച്ചത്. എന്നാല്‍, രേഖാമൂലം ഉറപ്പുകിട്ടാതെ സമരത്തില്‍ നിന്നു പിന്മാറില്ലെന്നായിരുന്നു വിദ്യാര്‍ഥികളുടെ നിലപാട്. കഴിഞ്ഞ ദിവസം നിരാഹാരമിരുന്ന സുനീറ, ഉത്തര തുടങ്ങിയവരുടെ നില വഷളായിത്തുടങ്ങിയിട്ടുണ്ട്.  എന്നിട്ടും ആരോഗ്യവകുപ്പ് അധികൃതര്‍ കാര്യമായി ഇടപെട്ടിട്ടില്ല. അതേസമയം, ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ക്ലാസ് നടന്നത്. രണ്ടും മൂന്നും വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അവസാനവര്‍ഷക്കാര്‍ക്കും ക്ലാസ് നടന്നില്ല. പ്രശ്‌നം പരിഹരിക്കുംവരെ സമരം തുടരുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇന്നലെ മെഡിക്കല്‍ കോളജിന്റെ പേരെഴുതി പ്രതീകാത്മകമായി നിര്‍മിച്ച ശവപ്പെട്ടിയില്‍ വിദ്യാര്‍ഥികള്‍ റീത്ത് സമര്‍പ്പിച്ചു. അതേസമയം, സമരത്തില്‍ ഡിഎംഇ ഇടപെട്ടു. ചുമതലയുള്ള വൈ.പ്രിന്‍സിപ്പലുമായി ബന്ധപ്പെട്ടാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഇടപടാന്‍ ശ്രമിച്ചത്. രണ്ട് അധ്യാപകരെ നിയമിക്കാമെന്നായിരുന്നു ഡിഎംഇ പ്രിന്‍സിപ്പലിനെ അറിയിച്ചത്. എന്നാല്‍, രേഖാമൂലം ഉറപ്പുതരാതെ പിന്മാറുന്ന പ്രശ്‌നമില്ലെന്ന വിദ്യാര്‍ഥികള്‍ അറിയിച്ചതോടെ പ്രിന്‍സിപ്പല്‍ വീണ്ടും ഡിഎംഇയുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ വിശദമായി എഴുതി അറിയിക്കാന്‍ ഡോ. സിറിയക് ജോബിനോട് ആവശ്യപ്പെടുകയായിരുന്നു. തല്‍ക്കാലം രണ്ട് അധ്യാപകരെയെങ്കിലും നിയമിച്ച് താല്‍ക്കാലികമായി പ്രശ്‌നം പരിഹരിക്കാനാണ് അധികൃതരുടെ ശ്രമം. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ (ഡിഎംഇ), ആരോഗ്യമന്ത്രി എന്നിവര്‍ ഉറപ്പുനല്‍കിയെങ്കില്‍ മാത്രമേ സമരം പിന്‍വലിക്കൂയെന്ന നിലപാടിലാണ് സമരക്കാര്‍. സമരത്തിലുള്ള മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കൂടുതല്‍ സംഘടനകള്‍ രംഗത്തെത്തി. എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിപിഎം ഒഴികെയുള്ള മുഴുവന്‍ സംഘടനകളും സമരപ്പന്തല്‍ സന്ദര്‍ശിച്ചു. കാംപസ്ഫ്രണ്ട്, എംഎസ്എഫ്, എസ്‌കെഎസ്എസ്എഫ്, എസ്‌ഐഒ, വെല്‍ഫെയര്‍ പാര്‍ട്ടി, വ്യാപാരി വ്യവസായി ഏകോപനസമിതി എന്നിവര്‍ സമരക്കാരെ സന്ദര്‍ശിച്ചു. മഞ്ചേരി യൂനിറ്റ് പ്രസിഡന്റ് എം പി എ ഹമീദ് കുരിക്കള്‍, ഖജാഞ്ചി പി സക്കീര്‍, ഗദ്ദാഫി കോര്‍മത്ത്, ആല്‍ബര്‍ട്ട് കണ്ണമ്പുഴ, സി കുഞ്ഞുമുഹമ്മദ്, ബാലകൃഷ്ണന്‍, ഒ അലിക്കുട്ടി, അബ്ദുര്‍റഹ്മാന്‍, കെ ടി ബാപ്പുട്ടി, സി ഫൈസല്‍, കെ സി നൗഷാദ് നേതൃത്വം നല്‍കി. എസ്‌കെഎസ്എസ്എഫ് ജില്ലാ കാംപസ് വിംഗ് ഐക്യദാര്‍ഢ്യ സംഗമം നടത്തി. പ്രിന്‍സിപ്പലിന് നിവേദനം നല്‍കി. റഫീഖ് പൂക്കൊളത്തൂര്‍, ജാസിര്‍ പടിഞ്ഞാറ്റുമുറി, ശുഹൈബ് കുറ്റിയാടി, ഫയാസ് മോങ്ങം എന്നിവര്‍ നേതൃത്വം നല്‍കി. ജവഹര്‍ ബാലജനവേദിയും സമരക്കാരെ സന്ദര്‍ശിച്ചു.
Next Story

RELATED STORIES

Share it