malappuram local

മഞ്ചേരി പഴയ ബസ്സ്റ്റാന്റ് : തലതിരിഞ്ഞ ഗതാഗത നിയമം യുവാവിന്റെ ജീവനെടുത്തു



മഞ്ചേരി: അടിക്കടി മാറ്റുന്ന ഗതാഗത നിയമമാണ് ഇന്നലെ സക്കീര്‍ ഹുസൈനെന്ന യുവാവിന്റെ മരണത്തിന് കാരണമായതെന്ന് ആരോപണം.  മഞ്ചേരി പഴയ ബസ് സ്റ്റാന്റില്‍ നിന്നു പുറത്തിറങ്ങുകയായിരുന്ന സ്വകാര്യ ബസ്സാണ് യുവാവിനെ ഇടിച്ചിട്ടത്. ബസ്സുകള്‍ സ്റ്റാന്റില്‍ കയറുന്നതും പുറത്തിറങ്ങുന്നതും ഒരേ വഴിയായതാണ് ഇന്നലെ അപകടത്തിന്റെ കാരണമായി കണക്കാക്കപ്പെടുന്നത്. ഒരു മാസം മുമ്പ് ചില ബസ്സുകള്‍ പുറത്തിറങ്ങുന്നത് മലപ്പുറം റോഡിലേക്കായിരുന്നു. എന്നാല്‍, സീതിഹാജി ബസ് സ്റ്റാന്റില്‍ നിര്‍മാണ പ്രവൃത്തി നടന്നതോടെയാണ് ബസ്സുകള്‍ തോന്നിയ പോലെ പുറത്തിറങ്ങാന്‍ തുടങ്ങിയത്. കയറാനുള്ള വഴിയും പുറത്തിറങ്ങാനുള്ള വഴിയും പലര്‍ക്കും ഇപ്പോഴും അറിയില്ല. ട്രാഫിക് പോലിസ് ഒരു നിയമം കൊണ്ടുവരും. ജില്ലാ കലക്ടറുള്‍പെടുന്ന ആര്‍ടിഎ സംഘം മറ്റൊരു നിയമം പുറത്തിറക്കും. ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയും വേറെ നിയമവുമായി രംഗത്തെത്തും. ഇതിനെല്ലാം ഹൈക്കോടതിയിലെത്തിക്കാന്‍ മറ്റൊരു വിഭാഗവും. ഇങ്ങനെ വര്‍ഷങ്ങളായി മഞ്ചേരിയിലെ ട്രാഫിക് നിയമം ബാലികേറാ മലയായി തുടരുകയാണിപ്പോഴും. ഇതിനിടയിലാണ് യുവാവിന്റെ ദാരുണാന്ത്യം സംഭവിച്ചത്. പഴയ ബസ് സ്റ്റാന്റ് പരിസരത്ത് നിന്നു റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ വൈകീട്ട് ആറിനാണ്  സക്കീറിനെ ബസ് ഇടിച്ചിട്ടത്. ആളുകള്‍ ഒച്ചവച്ചതോടെ ബസ് പിന്നോട്ടെടുത്തു. തുടര്‍ന്നാണ് യുവാവിന്റെ ദേഹത്തിലൂടെ ബസ് കയറിയിറങ്ങിയത്. 25 വര്‍ഷമായി പിതാവ് അബൂബക്കറിന്റെകൂടെ കപ്പ കച്ചവടം നടത്തി വരികയായിരുന്നു സക്കീര്‍. പിതാവിന് അസുഖമായതോടെ ഒറ്റയ്ക്കായിരുന്നു കട നടത്തിയിരുന്നത്. വൈകീട്ട് പിതാവിന്റെ സഹോദരനായ അസീസിന്റെ കടയില്‍ സഹായിയായും നില്‍ക്കാറുണ്ട്.
Next Story

RELATED STORIES

Share it