malappuram local

മഞ്ചേരിയില്‍ പകല്‍വീട്, സായംപ്രഭ കേന്ദ്രങ്ങള്‍ അടുത്ത മാസം സമര്‍പ്പിക്കും



മഞ്ചേരി: മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമവും സംരക്ഷണവും ഉറപ്പാക്കാന്‍ മഞ്ചേരിയില്‍ പകല്‍വീട്, സായംപ്രഭ പദ്ധതികള്‍ ഒരുമിച്ചു നടപ്പാക്കുന്നു. ഇതിനായി നഗരസഭ മംഗലശ്ശേരിയില്‍ ഒരുക്കുന്ന സ്വന്തം കെട്ടിടം അടുത്ത മാസം യാഥാര്‍ഥ്യമാവും. 40 ലക്ഷം രൂപ ചെലവില്‍ കെട്ടിടത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. വയോജനങ്ങള്‍ക്ക് ആരോഗ്യ പരിചരണമുള്‍പ്പെടെയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്ന സാമൂഹിക നീതി വകുപ്പിന്റെ പദ്ധതിയാണ് സായംപ്രഭ. മംഗലശ്ശേരിയില്‍ കുഞ്ഞിമുഹമ്മദ് കുരിക്കള്‍ സൗജന്യമായി നല്‍കിയ പത്തു സെന്റ് സ്ഥാലത്താണ് കെട്ടിട നിര്‍മാണം. വിനോദങ്ങള്‍ക്കുള്ള മുറി, വായനശാല, വിശ്രമ മുറി, പാചകശാല, ശുചിമുറി, അലക്കു കേന്ദ്രം തുടങ്ങിയ സൗകര്യങ്ങളാണ് കെട്ടിടത്തിലുണ്ടാവുക. ഇതിനു പുറമെ ആരോഗ്യ സംരക്ഷണ ക്യാംപുകളും മറ്റു നടത്തുന്നതിനുള്ള സൗകര്യവും ഒരുക്കുന്നുണ്ട്. കെട്ടിടത്തിന്റെ മേല്‍ക്കൂര നിര്‍മാണം വരെ പൂര്‍ത്തിയായി. വാര്‍ധക്യം വീടുകളിലെ തടവറയിലൊതുക്കാതെ മുതിര്‍ന്ന പൗരന്മാരുടെ മാനസിക ശാരീരിക ആരോഗ്യവും ഉല്ലാസവും നിലനിര്‍ത്തി ഇവരുടെ സേവനം നാടിന്റെ പുരോഗമാനത്മക പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയുക്തമാക്കും വിധം മുഖ്യധാരയിലേയ്ക്ക് ഉയര്‍ത്തിക്കൊണ്ടുവരികയാണ് പകല്‍വീട് പദ്ധതിയുടെ അടിസ്ഥാന ലക്ഷ്യം. നഗരസഭ ആവിഷ്‌കരിച്ച പദ്ധതിയില്‍ സമൂഹികനീതി വകുപ്പും പങ്കു ചേര്‍ന്നാണ് സായംപ്രഭ കേന്ദ്രം ആരംഭിക്കുന്നത്. കെട്ടിട നിര്‍മാണത്തിന് അധികമായി വേണ്ടിവരുന്ന തുക ആവശ്യമായ സമയങ്ങളില്‍ അനുവദിക്കുമെന്ന് നഗരസഭാധ്യക്ഷ വി എം സുബൈദ അറിയിച്ചു.
Next Story

RELATED STORIES

Share it