malappuram local

മഞ്ചേരിയിലെ മാലിന്യപ്രശ്‌നത്തിന് താല്‍ക്കാലിക പരിഹാരമാവുന്നു

മഞ്ചേരി: ജനാരോഗ്യത്തിനു വെല്ലുവിളിയായി മഞ്ചേരി നഗരമധ്യത്തില്‍ നിരത്തു വക്കില്‍ മലിനജലം പരന്നൊഴുകുന്നതു പരിഹരിക്കാന്‍ നടപടിയായി. തേജസ് വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഓടകള്‍ വൃത്തിയാക്കാന്‍ തീരുമാനമാവുകയായിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പ്രവൃത്തികള്‍ ആരംഭിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നഗരത്തിലെ അഴുക്കു ചാലുകള്‍ അടഞ്ഞിരിക്കുകയാണ്. ഇതു പരിഹരിക്കാനാണ് ഇപ്പോള്‍ ശ്രമങ്ങള്‍ നടക്കുന്നത്. നഗരമധ്യത്തിലെ ഓടകള്‍ നിറഞ്ഞു മലിനജലം റോഡില്‍ പരന്നൊഴുകുന്ന നിലയാണ്. മലപ്പുറം റോഡില്‍ ഗവ. മെഡിക്കല്‍ കോളജിനു സമീപമാണ് പ്രശ്‌നം രൂക്ഷമായത്. രോഗികളടക്കമുള്ള കാല്‍നടയാത്രക്കാര്‍ സഞ്ചരിക്കുന്ന വഴികളില്‍ വന്‍തോതിലാണ് മലിനജലം പരന്നൊഴുകുന്നത്. എലിപ്പനിയടക്കമുള്ള രോഗങ്ങള്‍ ജനാരോഗ്യത്തിനു വെല്ലുവിളി തീര്‍ക്കുമ്പോള്‍ ഇക്കാര്യത്തില്‍ നടപടി വേണമെന്ന ആവശ്യം ശക്തമായിരുന്നു.
സ്ലാബുകള്‍ മാറ്റി ഓടകള്‍ ശുചീകരിക്കുന്ന പ്രവൃത്തികളാണ് ആരംഭിച്ചിരിക്കുന്നത്. മലിനജല സംസ്‌കരണത്തിന് ശാസ്ത്രീയ പദ്ധതികളേതുമില്ലാത്ത നഗരസഭയില്‍ ഈ പ്രവൃത്തിയെങ്കിലും സമയബന്ധിതമായി നടപ്പാക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. എലിപ്പനിയടക്കമുള്ള രോഗങ്ങള്‍ പടരുമ്പോള്‍ ഓടകളിലെ മാലിന്യവും മലിനജലവും നടപ്പാതകളില്‍ ഒഴുകുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ജനവാസകേന്ദ്രങ്ങളിലേക്കാണ് നഗര മാലിന്യം മഞ്ചേരിയില്‍ ഒഴുകിയെത്തുന്നത്. ഇക്കാര്യം കാലവര്‍ഷാരംഭത്തില്‍തന്നെ ചര്‍ച്ചയായിരുന്നെങ്കിലും മഴക്കാല പൂര്‍വ ശുചീകരണം വാക്കില്‍ മാത്രമായിരുന്നു.
Next Story

RELATED STORIES

Share it