Flash News

മക്കളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ത്ത് രാജേഷും ബല്‍റാമും



പാലക്കാട്: പൊതുവിദ്യാലയങ്ങളുടെ മികവിലുള്ള വിശ്വാസം ഊട്ടിയുറപ്പിച്ച് പാലക്കാട് എംപി എം ബി രാജേഷും തൃത്താല എംഎല്‍എ വി ടി ബല്‍റാമും മക്കളെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തു. സാമൂഹിക മാധ്യമമായ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രാജേഷ് ഇക്കാര്യം അറിയിച്ചത്. വ്യക്തിപരമായ വിശേഷങ്ങള്‍ അത്യപൂര്‍വമായേ ഞാന്‍ ഇവിടെ പങ്കുവയ്ക്കാറുള്ളൂ. എന്നാല്‍, ഇനി പറയാന്‍ പോവുന്ന വിശേഷം വ്യക്തിപരമാണെങ്കിലും ഒരു സാമൂഹിക ഉള്ളടക്കം കൂടി ഉള്ളതാണ് എന്നതുകൊണ്ട് ഇവിടെ പറയുന്നത് ഉചിതമാവുമെന്നു തോന്നുന്നുവെന്ന് രാജേഷ് പറഞ്ഞു. തങ്കിയെന്നു വിളിക്കുന്ന രണ്ടാമത്തെ മകള്‍ പ്രിയദത്തയെ പാലക്കാട് ഈസ്റ്റ് യാക്കര മണപ്പുള്ളിക്കാവ് ഗവ. എല്‍പി സ്‌കൂളില്‍ ഒന്നാം ക്ലാസില്‍ ചേര്‍ത്തു. കുഞ്ഞുവെന്നു വിളിക്കുന്ന മൂത്ത മകള്‍ നിരഞ്ജനയെ ഗവ. മോയന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എട്ടാം ക്ലാസിലും. കേന്ദ്രീയ വിദ്യാലയത്തില്‍ എംപിമാരുടെ മക്കള്‍ക്ക് പ്രത്യേകമായുള്ള ക്വാട്ട വേണ്ടെന്നുവച്ചാണ് സര്‍ക്കാര്‍ സ്‌കൂളില്‍ തന്നെ കുട്ടികളെ ചേര്‍ക്കാന്‍ തീരുമാനിച്ചത്. പൊതുവിദ്യാലയങ്ങളുടെ മികവിലുള്ള വിശ്വാസവും സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസത്തെ നവീകരിക്കാന്‍ നടത്തുന്ന ശ്രമങ്ങളിലുള്ള പ്രതീക്ഷയും മക്കളെ പൊതുവിദ്യാലയത്തില്‍ പഠിപ്പിക്കാന്‍ പ്രേരണയായ ഘടകങ്ങളാണ്. ഒരു കാര്യം പ്രത്യേകം ചേര്‍ക്കട്ടെ: ജാതിയും മതവും ചോദിക്കുന്ന കോളത്തിനു നേരെ “ഇല്ല’ എന്നാണ് രേഖപ്പെടുത്തിയത്. പന്തിഭോജനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ഇത്തരമൊരു കാര്യം ചെയ്യാനായതില്‍ അഭിമാനിക്കുന്നു- രാജേഷ് ഫേസ്ബുക്ക് പോസ്റ്റി ല്‍ വ്യക്തമാക്കി. പട്ടിത്തറ പഞ്ചായത്തിലെ അരീക്കാട് ജിഎല്‍പി സ്‌കൂളിലാണ് വി ടി ബല്‍റാം മകന്‍ അദൈ്വത് മാനവിനെ ഒന്നാം ക്ലാസില്‍ ചേര്‍ത്തത്. പൊതുവിദ്യാഭ്യാസ സംരക്ഷണം പ്രസംഗത്തിലൊതുക്കി സ്വന്തം മക്കളെ സ്വകാര്യ സ്‌കൂളുകളില്‍ ചേര്‍ത്ത് ഗീര്‍വാണം മുഴക്കുന്നവര്‍ക്ക് മുന്നറിയിപ്പു തരുകയാണ് എംഎല്‍എ. പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്നു പ്രസംഗിക്കുക മാത്രമല്ല അത് പ്രവൃത്തിയിലൂടെ കാണിച്ചുകൊടുക്കുക കൂടിയാണ് ബല്‍റാം. ഭാര്യയോടൊപ്പമാണ് എംഎല്‍എ എത്തിയത്. ഈ സ്‌കൂളിലേക്ക് ഉദ്ഘാടന ചടങ്ങിനാണ് താന്‍ വരാറെന്നും ഇത്തവണ രക്ഷിതാവായിട്ടാണ് എത്തിയതെന്നും എംഎല്‍എ പറഞ്ഞു.
Next Story

RELATED STORIES

Share it