palakkad local

മംഗലം ഡാമില്‍ നിന്ന് ഇടതു കനാലിലേക്ക് വെള്ളം തുറന്നുവിടും



വടക്കഞ്ചേരി: കര്‍ഷകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് രണ്ടാംവിള കൃഷിയ്ക്കായി മംഗലംഡാമില്‍ നിന്ന് ഇടതുകനാലിലേക്ക് 15 മുതല്‍ വെള്ളം തുറന്നുവിടാന്‍ ഉദ്യോഗസ്ഥര്‍ തീരുമാനിച്ചു. വെള്ളം തുറന്ന് വിടണമെന്ന ആവശ്യവുമായി വടക്കഞ്ചേരി ജലസേചന വകുപ്പ് ഓഫിസില്‍ കഴിഞ്ഞ ദിവസം കര്‍ഷകരെത്തിയിരുന്നു. ചെറുകുന്നം, വക്കാല, മൂലങ്കോട്, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് പാടശേഖരങ്ങളിലെ പ്രതിനിധികള്‍ ജലസേചന വകുപ്പ് ഓഫിസിലെത്തി പരാതി നല്‍കി. നവംബര്‍ ഒന്നിന് തുറക്കേണ്ട കനാല്‍ 15നെങ്കിലും തുറന്നില്ലെങ്കില്‍ രണ്ടാംവിള കൃഷി അവതാളത്തിലാവുമെന്ന് കര്‍ഷകര്‍ അറിയിച്ചു.എന്നാല്‍ വലതുകര കനാലിന്റെ വണ്ടാഴി പഞ്ചായത്തിന്റെ ഭാഗത്തുള്ള 14 കിലോമീറ്ററോളം കനാല്‍ ഭാഗങ്ങള്‍ വൃത്തിയാക്കുന്നത് സംബന്ധിച്ച് അനുമതി ഇനിയും ലഭിച്ചിട്ടില്ല. തൊഴിലുറപ്പ് തൊഴിലാളികളെ ഉള്‍പ്പെടുത്തി പണി തുടങ്ങാന്‍ ജില്ലാ പഞ്ചായത്തില്‍ നിന്നുള്ള അനുമതി ലഭിച്ചതായും പഞ്ചായത്ത് ബോര്‍ഡ് മീറ്റിങ് കൂടി ബ്ലോക്ക് പഞ്ചായത്തിന്റെ അനുമതിക്ക് അപേക്ഷിച്ചതായും പഞ്ചായത്ത് പ്രസിഡന്റ് സുമാവലി മോഹന്‍ദാസ് പറഞ്ഞു. മംഗലംഡാം മുതല്‍ ചെല്ലുപടി വരെയുള്ള 14 കിലോമീറ്റര്‍ വൃത്തിയാക്കാന്‍ ആഴ്ചകളെടുക്കും. ഇതോടൊപ്പം ഉപ കനാലുകളുടെയും കാഡ കനാലുകളിലേയും തകര്‍ന്ന ഭാഗങ്ങളും പൊട്ടിക്കിടക്കുന്ന ബണ്ടുകളും നന്നാക്കണം. മംഗലംഡാം ഇടതുകര കനാലിന്റെ വടക്കഞ്ചേരി, കിഴക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട് പഞ്ചായത്തുകളിലെ കാടു മൂടിക്കിടക്കുന്ന ഭാഗങ്ങള്‍ വൃത്തിയാക്കല്‍ അവസാന ഘട്ടത്തിലാണ്. ഇടതുകര കനാല്‍ പറശ്ശേരിയില്‍ തുടങ്ങി പുതുക്കോട് മണപ്പാടം വഴി 23 കിലോമീറ്റര്‍ താണ്ടി കണക്കന്നൂരിലാണ് അവസാനിക്കുന്നത്. ഇവിടുത്തെ കനാല്‍ വൃത്തിയാക്കല്‍ 15ന് മുന്‍പ് കഴിയും.
Next Story

RELATED STORIES

Share it