Flash News

ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിലെ പീഡനം: എന്‍സിഎച്ച്ആര്‍ഒ പരാതി നല്‍കി

ന്യൂഡല്‍ഹി: കമ്മീഷന്റെ ഇടപെടലുകള്‍ക്കു ശേഷവും ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലില്‍ നടമാടുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരേ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ജസ്റ്റിസ് എച്ച് എല്‍ ദത്തുവിന് എന്‍സിഎച്ച്ആര്‍ഒ പരാതി നല്‍കി. ജസ്റ്റിസ് ദത്തുവിന്റെ ഇടപെടലുണ്ടായിട്ടും പരിതാപകരമായി തുടരുന്ന തടവുകാരുടെ അവസ്ഥ വിശദീകരിച്ചു കൊണ്ടുള്ളതാണ് പരാതി.
വായുസഞ്ചാരമില്ലാത്ത ഇടുങ്ങിയ സെല്ലുകളിലാണ് തടവുകാരെ പാര്‍പ്പിച്ചിരിക്കുന്നത്.
പീഡനം ദിനചര്യയായി മാറി. ബന്ധുക്കളെയും അഭിഭാഷകരെയും കാണാന്‍ തടവുകാരെ അനുവദിക്കുന്നില്ല. മര്‍ദനം, ഉറങ്ങാന്‍ അനുവദിക്കാതിരിക്കല്‍, വൈദ്യസഹായം നല്‍കാതിരിക്കല്‍ തുടങ്ങിയവ തുടര്‍ക്കഥയായതോടെ തടവുകാര്‍ മാനസികമായും ശാരീരികമായും തകര്‍ന്നിരിക്കുകയാണ്. ജയിലില്‍ ജുഡീഷ്യറിയുടെയോ മറ്റോ നിരീക്ഷണമില്ലാത്തത് സ്ഥിതി വഷളാക്കിയതായും പരാതിയില്‍ പറയുന്നു.
ദേശീയ മനുഷ്യാവകാശ കമ്മീഷനും മനുഷ്യാവകാശ സംഘടനകളും ഇടപെട്ടതോടെ ജയില്‍ അധികൃതര്‍ തടവുകാര്‍ക്കെതിരായ പീഡനങ്ങളുടെ ശൈലി മാറ്റിയിരിക്കുകയാണ്. നിരീക്ഷണമില്ലാത്ത ഏരിയയിലേക്കു കൊണ്ടുപോയാണ് തടവുകാരെ ക്രൂരമര്‍ദനത്തിനിരയാക്കുന്നത്. കൂടാതെ, ജയില്‍ ബോസുമാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ജയില്‍ തടവുപുള്ളികളെ ഉപയോഗിച്ചും തടവുകാരെ ക്രൂരമര്‍ദനത്തിനിരയാക്കുകയാണ്.
മുഴുവന്‍ മനുഷ്യാവകാശങ്ങളും കാറ്റില്‍പറത്തി തടവുകാര്‍ക്കെതിരേ വ്യവസ്ഥാപിതമായി നടക്കുന്ന പീഡനങ്ങള്‍ക്കെതിരേ മനുഷ്യാവകാശ കമ്മീഷന്‍ കര്‍ശന നടപടി സ്വീകരിക്കണം.
തടവുകാര്‍ക്ക് സുരക്ഷയൊരുക്കുകയും കുറ്റക്കാര്‍ക്കെതിരേ കേസെടുക്കുകയും ചെയ്യുക, ജയിലുകളില്‍ ആവശ്യമായ നിരീക്ഷണം ഏര്‍പ്പെടുത്തുക, ജയിലിലെ മനുഷ്യാവകാശ ലംഘനങ്ങളെ പരസ്യമായി അപലപിക്കുക, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, മനുഷ്യാവകാശ സംഘടനകള്‍, ജഡ്ജിമാര്‍ എന്നിവരടങ്ങുന്ന സമിതി രൂപീകരിച്ച് ജയില്‍ സന്ദര്‍ശിച്ച് നിരീക്ഷണത്തിനു സൗകര്യമൊരുക്കുക തുടങ്ങിയ ആവശ്യങ്ങളും എന്‍സിഎച്ച്ആര്‍ഒ പരാതിയില്‍ ഉന്നയിച്ചു.
Next Story

RELATED STORIES

Share it