Flash News

ഭൂരഹിതരില്ലാത്ത കേരളം : ജില്ലാതല പട്ടയമേള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു



കാഞ്ഞങ്ങാട്: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു നടപ്പാക്കിയ ഭൂരഹിതരില്ലാത്ത കേരളം പദ്ധതി ലക്ഷ്യം കണ്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംസ്ഥാനത്തെ ആദ്യത്തെ ജില്ലാതല പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. പട്ടയമേള രാഷ്ട്രീയ മേളയാക്കാന്‍ സര്‍ക്കാരിന് ഉദ്ദേശ്യമില്ല. മുന്‍കാലങ്ങളില്‍ തിരഞ്ഞെടുപ്പിനു മുമ്പ് തട്ടിക്കൂട്ടി പട്ടയമേള നടത്തുന്ന രീതിയാണു നിലവിലുണ്ടായിരുന്നത്. എന്നാല്‍, ഇപ്പോള്‍ ഒരു പൊതുതിരഞ്ഞെടുപ്പും മുന്നിലില്ല. ഭൂമിയില്ലാത്ത അര്‍ഹരായ എല്ലാവര്‍ക്കും ഭൂമി നല്‍കണമെന്നാണ് ഇടതു മുന്നണി സര്‍ക്കാരിന്റെ നിലപാട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഏറെ പണം ചെലവഴിച്ചു നടത്തിയ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ ഭൂരഹിത ജില്ലയായി കാസര്‍കോടിനെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ 2,247 പേര്‍ക്കാണ് സര്‍ക്കാര്‍ പട്ടയം നല്‍കിയത്. ഇനിയും എത്രയോ പേര്‍ക്ക് പട്ടയം നല്‍കാനുണ്ട്. പരാതികളില്ലാതെയും സമയബന്ധിതമായും അര്‍ഹരായ മുഴുവന്‍ ഭൂരഹിതര്‍ക്കും വാസയോഗ്യമായ ഭൂമി നല്‍കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പട്ടയ വിതരണവുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ ഉയര്‍ന്നുവരാറുണ്ട്. ലഭിച്ച ഭൂമി എവിടെയാണെന്നു കണ്ടെത്താന്‍ സാധിക്കാത്തവര്‍, പട്ടയ ഭൂമിയില്‍ പ്രവേശിക്കാന്‍ പറ്റാത്തവര്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് കഴിഞ്ഞകാലത്തുണ്ടായത്. എന്നാല്‍, ഇത്തവണ പട്ടയം നല്‍കുന്ന മുഴുവന്‍ ആളുകള്‍ക്കും അതിര്‍ത്തി നിശ്ചയിച്ച് ഭൂമി പതിച്ചു നല്‍കും. വിവര സാങ്കേതിക വിദ്യ ഇതിന് പ്രയോജനപ്പെടുത്തും. പട്ടയവുമായുള്ള പ്രശ്‌നങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇടുക്കി ജില്ലയില്‍ ഈ മാസം 21ന് പട്ടയം വിതരണം ചെയ്യും. സമയബന്ധിതമായി എല്ലാ ജില്ലകളിലും പട്ടയ വിതരണം നടത്തും. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയില്‍ പാവപ്പെട്ടവര്‍ക്കു നല്‍കാനായി പിടിച്ചെടുത്ത മിച്ചഭൂമി ഏഴര ലക്ഷം ഏക്കറായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് അതു നടന്നില്ല. പിന്നീട് മിച്ചഭൂമി രണ്ടരലക്ഷം ഏക്കറായി കുറയുകയായിരുന്നു. അന്ന് യഥാസമയം ഭൂമി വിതരണം ചെയ്യാനുള്ള സാഹചര്യമുണ്ടായിരുന്നുവെങ്കില്‍ അര്‍ഹതപ്പെട്ട എല്ലാവര്‍ക്കും ഭൂമി ലഭിക്കുമായിരുന്നു. അര്‍ഹതപ്പെട്ട മുഴുവനാളുകള്‍ക്കും ഭൂമി നല്‍കുന്നതിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിന്റെ ആദ്യപടിയായാണ് സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന് മുന്നോടിയായി പറഞ്ഞ വാക്ക് പാലിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. പി കരുണാകരന്‍ എംപി മുഖ്യാതിഥിയായിരുന്നു.
Next Story

RELATED STORIES

Share it