Flash News

ഭൂമാഫിയയുടെ കൂടുതല്‍ തട്ടിപ്പുകള്‍ വെളിച്ചത്ത്



ടി എസ് നിസാമുദ്ദീന്‍

ഇടുക്കി: ഇടുക്കി എംപി അഡ്വ. ജോയ്‌സ് ജോര്‍ജിന്റെയും കുടുംബത്തിന്റെയും കൊട്ടക്കാമ്പൂരിലെ ഭൂമിയുടെ പട്ടയം റദ്ദാക്കിയതിനു പിന്നാലെ കൂടുതല്‍ കൈയേറ്റങ്ങള്‍ വെളിച്ചത്തുവരുന്നു. കൊട്ടക്കാമ്പൂരില്‍ പട്ടികജാതിക്കാരുടെ പേരില്‍ വ്യാജരേഖ ചമച്ച് സിപിഎം നേതാക്കള്‍ ഉള്‍പ്പെടുന്ന ഭൂമാഫിയ 52 ഏക്കര്‍ സ്ഥലം സ്വന്തമാക്കിയെന്ന രേഖകളിന്‍മേലാണു വിവാദം കൊഴുക്കുന്നത്. പെരുമ്പാവൂര്‍ മുനിസിപ്പല്‍ കൗണ്‍സിലറും സിപിഎം നേതാവുമായ ജോണ്‍ ജേക്കബ് വ്യാജരേഖകള്‍ ചമച്ചും ആള്‍മാറാട്ടം നടത്തിയും 52 ഏക്കര്‍ ഭൂമിയാണ് സ്വന്തമാക്കിയത്. കൊട്ടക്കാമ്പൂരിലെ ഭൂമിയുടെ രജിസ്‌ട്രേഷന്‍ എറണാകുളം ജില്ലയിലെ കുറുപ്പംപടി സബ് രജിസ്ട്രാര്‍ ഓഫിസില്‍ നടത്തിയായിരുന്നു തട്ടിപ്പ്. രജിസ്‌ട്രേഷനായി യഥാര്‍ഥ ഉടമകളെന്ന വ്യാജേന തന്റെ ജീവനക്കാരെയാണ് ജോണ്‍ ജേക്കബ് കളത്തിലിറക്കിയത്. 13 പട്ടികജാതിക്കാരായ കര്‍ഷകരുടെ പേരില്‍ വ്യാജ പട്ടയമുണ്ടാക്കി 52 ഏക്കര്‍ ഭൂമി ജോണ്‍ ജേക്കബും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേര്‍ന്ന് കൈവശപ്പെടുത്തിയെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ജോണ്‍ ജേക്കബ് എംഡിയായ റോയല്‍ അഗ്രികള്‍ച്ചറല്‍ കമ്പനിയാണ് ഭൂമിയുടെ അവകാശികള്‍. പട്ടികജാതിക്കാരില്‍ നിന്ന് മുക്ത്യാര്‍ എഴുതിവാങ്ങിയശേഷം ജോണ്‍ ജേക്കബും സംഘവും ഭൂമി തങ്ങളുടെ പേരിലേക്ക് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഇതേ രീതി സ്വീകരിച്ചാണ് ജോയ്‌സ് ജോര്‍ജ് എംപിയും കുടുംബവും കൊട്ടക്കാമ്പൂരില്‍ 28 ഏക്കര്‍ ഭൂമി സ്വന്തമാക്കിയത്. 2004 ജൂണ്‍ 28ന് രജിസ്‌ട്രേഷന്‍ നടത്തിയെന്നാണു രേഖകള്‍. കൊട്ടക്കാമ്പൂരിലെ ഭൂമിയുടെ മുക്ത്യാര്‍ രജിസ്‌ട്രേഷന്‍ എറണാകുളത്തെ കുറുപ്പംപടി സബ് രജിസ്ട്രാര്‍ ഓഫിസിലാണു നടന്നത്. ജോണ്‍ ജേക്കബിന്റെ 13 ജോലിക്കാരെ പട്ടികജാതി വിഭാഗമാണെന്നു രേഖകള്‍ ചമച്ച് ഭൂമി കൈവശമാക്കുകയും പിന്നീട് മുക്ത്യാര്‍ എഴുതിവാങ്ങി ആധാരം രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. ദേവികുളത്തെ രജിസ്‌ട്രേഷന്‍ തട്ടിപ്പ് പിടികൂടുമെന്നതിനാല്‍ കുറുപ്പംപടി സബ് രജിസ്ട്രാര്‍ ഓഫിസിനെ തട്ടിപ്പിന് ഉപയോഗിച്ചു. പെരുമ്പാവൂര്‍ സ്വദേശിയായതിനാല്‍ ജോണ്‍ ജേക്കബിന് കുറുപ്പംപടി സബ് രജിസ്ട്രാര്‍ ഓഫിസില്‍ കൂടുതല്‍ ബന്ധങ്ങളുമുണ്ട്. ഭൂമി രജിസ്റ്റര്‍ ചെയ്യാന്‍ ഈ ഓഫിസിലെ ചില ഉദ്യോഗസ്ഥര്‍ വഴിവിട്ട് പ്രവര്‍ത്തിച്ചതായും സൂചനയുണ്ട്. ഒരുദിവസംകൊണ്ടാണ് പട്ടയത്തിന്റെ മുക്ത്യാര്‍ സിപിഎം നേതാവിന്റെ ബിനാമികളുടെ പേരിലേക്കു മാറ്റിയത്. 2004 ജൂണ്‍ 30നു ദേവികുളം രജിസ്ട്രാര്‍ ഓഫിസില്‍ വച്ച് പട്ടികജാതിക്കാരായി വേഷമിട്ട ജോലിക്കാര്‍ ഭൂമി ജോണ്‍ ജേക്കബിന്റെയും ഭാര്യയുടെയും പേരിലുള്ള റോയല്‍ അഗ്രികള്‍ച്ചറല്‍ കമ്പനിക്ക് തീറാധാരമാക്കി നല്‍കിയിട്ടുമുണ്ട്. സമാനമായ രീതിയില്‍ ജോണ്‍ ജേക്കബിന്റെ സഹോദരങ്ങളും പിതാവും നൂറേക്കറില്‍ അധികം ഭൂമി കൊട്ടക്കാമ്പൂരില്‍ സ്വന്തമാക്കിയെന്ന രേഖകളും പുറത്തുവന്നിട്ടുണ്ട്. ഈ ഭൂമികൈയേറ്റം യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തുതന്നെ കണ്ടെത്തിയിരുന്നെങ്കിലും അന്വേഷണം അട്ടിമറിക്കപ്പെട്ടിരുന്നു. ജോയ്‌സ് ജോര്‍ജിന്റെയും കുടുംബത്തിന്റെയും ഭൂമിയുടെ പട്ടയം റദ്ദാക്കിയ പശ്ചാത്തലത്തിലാണ് സിപിഎം നേതാവിന്റെ തട്ടിപ്പും വെളിച്ചത്തുവന്നത്. അതേസമയം, തിരുവനന്തപുരം, കൊല്ലം, മലപ്പുറം തുടങ്ങിയ ജില്ലകളിലുള്ള നിരവധിപേരും ചെന്നൈ ആസ്ഥാനമായ കമ്പനിയും വരെ കൊട്ടക്കാമ്പൂരില്‍ വ്യാജരേഖകള്‍ ചമച്ച് നൂറുകണക്കിന് ഏക്കര്‍ ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it