kozhikode local

ഭൂനികുതി നിഷേധവും ജണ്ടകെട്ടല്‍ ഭീഷണിയും; ആത്മഹത്യ ചെയ്ത കര്‍ഷകന്റെ മൃതദേഹവുമായി കലക്ടറേറ്റിനു മുമ്പില്‍ പ്രതിഷേധം

കോഴിക്കോട്: ഭൂനികുതി നിഷേധവും ജണ്ടകെട്ടല്‍ ഭീഷണിയും കാരണം ആത്മഹത്യ ചെയ്ത കര്‍ഷകന്റെ മൃതദേഹവുമായി കലക്ടറേറ്റിനു മുന്നില്‍ വന്‍ പ്രതിഷേധം. കക്കാടംപൊയിലില്‍ വനം, റവന്യൂ വകുപ്പുകളുടെ ഭൂനികുതി നിഷേധവും ജണ്ടകെട്ടല്‍ ഭീഷണിയും മൂലം കക്കാടംപൊയില്‍ സ്വദേശി ജോസ് കണിയാറകത്തിലാണ് ആത്മഹത്യ ചെയ്തത്. ഇദ്ദേഹത്തിന്റെ മൃതദേഹവുമായി ജില്ലയിലെ സംയുക്ത കര്‍ഷക സമരസമിതി നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.
ഇന്നലെ രാവിലെ പത്തോടെയാണ് സമരസമിതി ഭാരവാഹികളും കര്‍ഷകരും കലക്ടറേറ്റിനു മുന്നില്‍ അണിനിരന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലിസ് സന്നാഹമാണ് കലക്ടറേറ്റിനു മുന്നില്‍ ക്യാംപ് ചെയ്തത്. അര മണിക്കൂറോളം മൃതദേഹം കലക്ടറേറ്റിനു മുന്നില്‍ വച്ച് പ്രതിഷേധിച്ചു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മലയോര മേഖലകളില്‍ റവന്യൂ രേഖകളുള്ളതും എഴുപതിലധികം കൊല്ലങ്ങളായി ഭൂനികുതിയടച്ചു വരുന്നതും കര്‍ഷകര്‍ വീടുവച്ചും കൃഷിചെയ്തും താമസിക്കുന്നതുമായ സ്ഥലങ്ങളുടെ നികുതി നിഷേധിച്ചും കര്‍ഷകരെ ഭീഷണിപ്പെടുത്തിയും ജണ്ടകെട്ടിയും വനം- റവന്യൂ ഉദ്യോഗസ്ഥര്‍ കര്‍ഷകരെ ദ്രോഹിക്കുകയാണെന്ന് സമരസമിതി നേതാക്കള്‍ ആരോപിച്ചു. ജോസിന് ആധാരം, പട്ടയം തുടങ്ങിയ എല്ലാ റവന്യൂ രേഖകളുമുള്ള ആറേക്കര്‍ സ്ഥലമാണുള്ളത്. ഇതില്‍ വീട് ഉള്‍പ്പെടെയുള്ള നാല് ഏക്കര്‍ സ്ഥലത്ത് ജണ്ടകെട്ടുന്നതിന് 2008ല്‍ താമരശ്ശേരി ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നിയമാനുസൃതമായ യാതൊരു മുന്‍കൂര്‍ നോട്ടിസുമില്ലാതെ ഏകപക്ഷീയമായി അളവ് നടത്തി.
ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും മറ്റും ജോസ് അപേക്ഷ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഭരണഘടനാ വിരുദ്ധമായ ഈ തീരുമാനത്തിനെതിരേ അന്വേഷണം നടത്തണമെന്ന് സംയുക്ത സമരസമിതി ആവശ്യപ്പെട്ടു. ജോസിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും ഇദ്ദേഹത്തിന്റെ കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും സമരസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
പശ്ചിമഘട്ട ജനസംരക്ഷണ സമിതി കോ ഓര്‍ഡിനേറ്റര്‍ ഫാ. ഏബ്രഹാം കാവില്‍പുരയിടത്തില്‍, കത്തോലിക്കാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ബേബി പെരുമാലില്‍, മലയോര കര്‍ഷക ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഒ ഡി തോമസ്, ഇന്‍ഫാം ദേശീയ ജനറല്‍ സെക്രട്ടറി ഫാ. ആന്റണി കൊഴുവനാല്‍, ഫാര്‍മേഴ്‌സ് റിലീഫ് ഫോറം സംസ്ഥാന ചെയര്‍മാന്‍ ബേബി സഖറിയാസ് നെല്ലിക്കാത്തെരുവില്‍, സി സി തോമസ് സംസാരിച്ചു.
Next Story

RELATED STORIES

Share it