wayanad local

ഭീഷണിയുയര്‍ത്തുന്ന കൊമ്പനെ 10 ദിവസത്തിനകം പന്തിയിലാക്കും

സുല്‍ത്താന്‍ ബത്തേരി: വടക്കനാട് കൊമ്പനെ പത്തുദിവസത്തിനകം പിടികൂടി പന്തിയിലാക്കാന്‍ തീരുമാനം. ഇതുസംബന്ധിച്ച് പാലക്കാട് വന്യജീവിസങ്കേതം മുഖ്യ വനപാലകന്‍ ബി എന്‍ അഞ്ചന്‍കുമാര്‍ ഐഎഫ്എസ് സുല്‍ത്താന്‍ ബത്തേരി ഫോറസ്റ്റ് ഗജയില്‍ വടക്കനാട് ഗ്രാമസംരക്ഷണ സമിതിയുമായി ചര്‍ച്ച നടത്തി.
വടക്കനാട് വനംവകുപ്പ് ചെയ്യുന്ന പ്രതിരോധ മാര്‍ഗങ്ങളില്‍ പൊതുജനാഭിപ്രായം ഉള്‍ക്കൊള്ളുമെന്നും സിസിഎഫ് ഉറപ്പ് നല്‍കി. കൂടുണ്ടാക്കുന്നതുള്‍പ്പെടെ മറ്റു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനാണ് പത്തു ദിവസം ആവശ്യപ്പെടുന്നത്.
കഴിഞ്ഞദിവസം ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മഹേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കും. ആദ്യഘട്ടമായി അമ്പതിനായിരം രൂപ നല്‍കിയിട്ടുണ്ട്. ബാക്കി തുക നല്‍കുന്നതിനായി കടലാസ് ജോലികള്‍ നടക്കുകയാണ്. വടക്കനാട് മേഖലയില്‍ നടപ്പാക്കുന്നതിനായി വനംവകുപ്പ് തയ്യാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ച റിപോര്‍ട്ടിനെക്കുറിച്ച് പഠിച്ച് വേണ്ട തുടര്‍നടപടികള്‍ കൈക്കൊള്ളും.
നിലവില്‍ വടക്കനാട് മേഖലയില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പൊതുജനഭിപ്രായം കൂടി ആരായുമെന്നും അദ്ദേഹം പറഞ്ഞു.
വടക്കനാട് പ്രശ്‌നവുമായി ബന്ധപ്പെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പക്കല്‍നിന്നു വീഴ്ചവന്നിട്ടുണ്ടോ എന്നു പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. ചര്‍ച്ചയില്‍ ഡിഎഫ്ഒമാരായ എന്‍ ടി സാജന്‍, പി ധനേഷ്‌കുമാര്‍, റേഞ്ച് ഓഫിസര്‍മാര്‍, ഡോ. അരുണ്‍ സക്കറിയ, വടക്കനാട് ഗ്രാമസംരക്ഷണ സമിതി ഭാരവാഹികളായ ഫാ. ജോബി മുക്കാട്ടുകാവുങ്കല്‍, കരുണാകരന്‍ വെള്ളകെട്ട്, ബെന്നി കൈനിക്കല്‍, കെ ടി കുര്യാക്കോസ്, പ്രേമന്‍ പൂതിയോണി പങ്കെടുത്തു.
Next Story

RELATED STORIES

Share it