Flash News

ഭീമ കൊരേഗാവ് കലാപം: സാമൂഹികപ്രവര്‍ത്തകര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: സാമൂഹിക പ്രവര്‍ത്തകരായ റോണ വില്‍സണ്‍, അഡ്വ. സുരേന്ദ്ര ഗാഡ്‌ലിങ്, പ്രഫ. ശോമ സെന്‍, സുധീര്‍ ധാവ്‌ലെ, മഹേഷ് റാവത്ത് എന്നിവരെ പുനെ പോലിസ് അറസ്റ്റ് ചെയ്തു. ഭീമ കൊരേഗാവ് യുദ്ധത്തിന്റെ 200ാമാണ്ട് ജനുവരിയില്‍ ആചരിക്കുന്നതിനിടെ ദലിതരും ഹിന്ദുത്വരും തമ്മില്‍ നടന്ന സംഘര്‍ഷത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് ആരോപിച്ച് ഇവരുടെ വീടുകളില്‍ ഏപ്രില്‍ മാസം മഹാരാഷ്ട്ര പോലിസ് റെയ്ഡ് നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഗൂഢാലോചനാ കുറ്റമാണ് ഇവര്‍ക്കെതിരേ പോലിസ് ചുമത്തിയിരുന്നത്. എന്നാല്‍ ഇതിനു പുറമെ യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ജാമ്യം ലഭ്യമാക്കാതെ നീണ്ടകാലം ജയിലിലടയ്ക്കുക എന്ന ഉദ്ദേശ്യത്തോടെയാണു പൂനെ പോലിസ് യുഎപിഎ ചാര്‍ത്തിയിരിക്കുന്നതെന്ന് ജനാധിപത്യ അവകാശങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള സമിതിയുടെ ജനറല്‍ സെക്രട്ടറി ഡോ. ആനന്ദ് ടെല്‍റ്റുംഡെ പറഞ്ഞു.
രാജ്യത്തെ ബ്രാഹ്മണിക്കല്‍ ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണകൂടത്തിന് എതിരാണെന്നതിനാലാണു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും അഭിഭാഷകര്‍ക്കുമെതിരേ സര്‍ക്കാര്‍ ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നതെന്നു രാഷ്ട്രീയ തടവുകാരുടെ മോചനത്തിനുള്ള സമിതി ആരോപിച്ചു. ഇതിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇന്ന് വൈകീട്ട് മൂന്നിന് ജന്തര്‍മന്ദറില്‍ പ്രതിഷേധ ധര്‍ണ സംഘടിപ്പിക്കുമെന്നു സമിതിയുടെ മാധ്യമ വിഭാഗം സെക്രട്ടറി എം ടി ഹാനി ബാബു അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31നു കബീര്‍ കലാമഞ്ച് പ്രവര്‍ത്തകര്‍ നടത്തിയ പ്രകോപനപരമായ പ്രസംഗമാണ് അക്രമത്തിനു കാരണമായതെന്ന് എഫ്‌ഐആറില്‍ പറയുന്നു. മാവോവാദ കേസില്‍ അറസ്റ്റിലാവുന്നവര്‍ക്കു നിയമസഹായം നല്‍കുന്നയാളാണു നാഗ്പൂരിലെ അഭിഭാഷകനായ സുരേന്ദ്രഗാഡ് ലിങ് എന്ന് പോലിസ് പറഞ്ഞു. മലയാളിയായ റോണ വില്‍സണ്‍ രാഷ്ട്രീയത്തടവുകാരുടെ മോചനത്തിനുള്ള കമ്മിറ്റിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയാണ്്.
Next Story

RELATED STORIES

Share it