Flash News

ഭീകരവാദത്തിലേക്ക് വഴിതെളിക്കുന്നത് വ്യാജ ആത്മീയത : മുഖ്യമന്ത്രി



തിരുവനന്തപുരം: വ്യാജ ആത്മീയതയാണ് ഭീകരവാദത്തിലേക്കു വഴിതെളിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാജ ആത്മീയതയ്‌ക്കെതിരേ നാം ജാഗരൂകരാവണം. നാലാഞ്ചിറ ഗിരിദീപം കണ്‍വന്‍ഷന്‍ സെന്ററില്‍ ഫാ. ടോം ഉഴുന്നാലിനു നല്‍കിയ സ്വീകരണപരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭീകരരുടെ തടങ്കലില്‍ നിന്നു മോചിതനായ ഫാ. ടോം ഉഴുന്നാലിലിന്റെ മനക്കരുത്ത് ഇരുട്ടില്‍ കൊളുത്തിവച്ച വിളക്കുപോലെയാണ്. ഒന്നരവര്‍ഷം ഭീകരരുടെ തടങ്കലിലായിരുന്നിട്ടും മാനസികമായി അദ്ദേഹം തളര്‍ന്നില്ല. മോചിതനായ ശേഷവും ഭീകരരെ കുറിച്ചു ദേഷ്യത്തോടെ ഒരു വാക്കുപോലും അദ്ദേഹം പറഞ്ഞിട്ടില്ല. ശത്രുവിനെ പോലും സ്‌നേഹിക്കണമെന്ന ക്രിസ്തുവചനം ഉള്‍ക്കൊള്ളുന്നുവെന്നു വ്യക്തമാക്കിത്തരുകയായിരുന്നു ഇതിലൂടെ അദ്ദേഹം. ശത്രുക്കളില്‍ പോലും സ്‌നേഹം കാണുന്ന മനസ്സ് ഏവര്‍ക്കും മാതൃകയാണ്. പ്രതിസന്ധിയിലകപ്പെട്ടവര്‍ക്കുള്ള വലിയ പാഠമായി ഉഴുന്നാലിലിന്റെ മോചനം നിലനില്‍ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യമനിലെ വൃദ്ധസദനത്തിലേക്കു ഭീകരര്‍ ആക്രമണം നടത്തിയപ്പോള്‍ വെടിയുണ്ടകളേറ്റു മരിച്ചുവീണവര്‍ക്കും അതിനിടയാക്കിയവര്‍ക്കും വേണ്ടി പ്രാര്‍ഥിച്ചിരുന്നെന്നു ഫാ. ടോം ഉഴുന്നാലില്‍ പറഞ്ഞു. ഒരിക്കലും അവര്‍ എന്നെ ബന്ധിച്ചിരുന്നില്ല. തടവറയില്‍ റമദാന്‍ കാലത്തുപോലും മൂന്നു നേരം ഭക്ഷണം നല്‍കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, പാളയം ഇമാം വി പി ശുഐബ് മൗലവി, ഉമ്മന്‍ചാണ്ടി, എംഎല്‍എമാരായ എം വിന്‍സന്റ്, കെ എസ് ശബരീനാഥന്‍, മാര്‍ത്തോമസഭ തിരുവനന്തപുരം ഭദ്രാസന്ന അധിപന്‍ ബര്‍ണബാസ്, ശിവഗിരിമഠത്തിലെ സ്വാമി സാന്ദ്രാനന്ദ, തിരുവനന്തപുരം ലത്തീന്‍ കത്തോലിക്ക സഹായമെത്രാന്‍ ആര്‍ ക്രിസ്തുദാസ്, സെലേഷ്യന്‍ സഭ ബംഗളൂരു പ്രൊവിന്‍സിലെ ജോയ്‌സ് തോണിക്കുഴി സംസാരിച്ചു.
Next Story

RELATED STORIES

Share it