thrissur local

ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് കുടിവെള്ളം നിഷേധിച്ച് വാട്ടര്‍ അതോറിറ്റി

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ നഗരസഭാ പരിധിയില്‍പ്പെട്ട കാവില്‍കടവില്‍ ആറാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഭിന്നശേഷിക്കാരായ നിരവധി കുട്ടികള്‍ പഠിക്കുന്ന പ്രത്യാശഭവനിലെ കുട്ടികള്‍ക്ക് കുടിവെള്ളം നിഷേധിച്ച് വാട്ടര്‍ അതോറിറ്റി അധികൃതര്‍ ക്രൂരത കാട്ടുന്നു. കഴിഞ്ഞ ഒരാഴ്ചയായി വാട്ടര്‍ അതോറിറ്റി അധികൃതര്‍ കണക്ഷന്‍ വിഛേദിച്ചതിനാല്‍ കുടിവെള്ളമില്ലാതെ കുട്ടികള്‍ വലയുകയാണ്.
1999 മെയ് മാസത്തില്‍ വാടക കെട്ടിടത്തില്‍ ആരംഭിച്ച ഭിന്നശേഷിക്കാരുടെ ഈ വിദ്യാലയം സുമനസുകളുടെ സഹായം കൊണ്ടാണ് മുന്നോട്ടുപോകുന്നത്. 2002ല്‍ നാലുമാക്കല്‍ വല്‍സ എന്ന സ്ത്രീ സൗജന്യമായി നല്‍കിയ 10 സെന്റ് സ്ഥലത്ത് പിന്നീട് നഗരസഭ കെട്ടിടം നിര്‍മിച്ച് നല്‍കുകയായിരുന്നു.
വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്ക് നഗരസഭ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ സൗജന്യമായാണ് ഈ സ്ഥാപനത്തിന് കുടിവെള്ളം നല്‍കിയിരുന്നത്. എന്നാല്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ പണം അടയ്ക്കുന്നില്ല എന്ന കാരണം പറഞ്ഞ് വാട്ടര്‍ അതോറിറ്റി അധികൃതര്‍ കണക്ഷന്‍ വിഛേദിക്കുകയായിരുന്നു.
ഭിന്നശേഷിക്കാരായ വിദ്യാര്‍ഥികളോട് വാട്ടര്‍ അതോറിറ്റി അധികൃതര്‍ കാണിച്ച ക്രൂരതയ്‌ക്കെതിരേ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കുമെന്ന് മുന്‍നഗരസഭ വൈസ് ചെയര്‍മാനും പൊതുപ്രവര്‍ത്തകനുമായ പി എച്ച് അബ്ദുല്‍ റഷീദ് പറഞ്ഞു.
മുന്‍നഗരസഭ ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ആയിരുന്ന എ രവീന്ദ്രനാണ് ഈ സ്ഥാപനത്തിനു തുടക്കം കുറിച്ചത്. ഇപ്പോഴും ഈ സ്ഥാപനത്തിന്റെ മേല്‍നോട്ടം ഇദ്ദേഹത്തിന്റെ കീഴിലാണ് നടക്കുന്നത്. കൊടുങ്ങല്ലൂര്‍ ജനമൈത്രി പോലിസ്, ലക്ഷ്മി ജ്വല്ലറി, കൊടുങ്ങല്ലൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകര്‍ എന്നിവരുടെ സഹായത്തോടെയാണ് സ്ഥാപനം മുന്നോട്ടു പോകുന്നത്.
Next Story

RELATED STORIES

Share it