ഭാര്യമാരുടെ പീഡനം ചെറുക്കാന്‍ സമിതി വേണമെന്ന് ബിജെപി എംപിമാര്‍

ന്യൂഡല്‍ഹി: ഭാര്യമാര്‍ പുരുഷന്‍മാരെ പീഡിപ്പിക്കുന്നതു തടയുന്നതിനായി ദേശീയ വനിതാ കമ്മീഷന്റെ മാതൃകയില്‍ പുരുഷ ആയോഗ് രൂപീകരിക്കണമെന്നു ബിജെപി എംപിമാര്‍. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എംപിമാരായ ഹരിനാരായണ്‍ രാജ്ബര്‍, അന്‍ഷുല്‍ വര്‍മ എന്നിവരാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. നിയമം ദുരുപയോഗം ചെയ്ത് ഭര്‍ത്താക്കന്‍മാരെ പീഡിപ്പിക്കുന്ന ഭാര്യമാര്‍ക്കെതിരായ പരാതികള്‍ കൈകാര്യം ചെയ്യാന്‍ ഇത്തരമൊരു സംവിധാനം അത്യാവശ്യമാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.‘
പുരുഷ് ആയോഗ്’സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് ഇരുവരും ഈ ആവശ്യം ഉന്നയിച്ചത്. ഇതേ വിഷയം പാര്‍ലമെന്റിലും ഉന്നയിച്ചിട്ടുണ്ടെന്നും എംപിമാര്‍ വ്യക്തമാക്കി. ഭാര്യമാരില്‍ നിന്നു കൊടും പീഡനമേല്‍ക്കുന്ന പുരുഷന്‍മാരുടെ എണ്ണം വളരെയധികമാണ്. കോടതികള്‍ക്കു മുമ്പില്‍ പോലും ഇത്തരം കേസുകള്‍ കൂടുതലായി എത്തുന്നുണ്ട്. സ്ത്രീകള്‍ക്കു നീതി ഉറപ്പാക്കാന്‍ നിയമങ്ങളും മറ്റു സംവിധാനങ്ങളുമുണ്ട്. എന്നാല്‍, പുരുഷന്‍മാരുടെ കാര്യത്തില്‍ ഇതില്ല. ദേശീയ വനിതാ കമ്മീഷന്റെ മാതൃകയില്‍ പുരുഷന്‍മാര്‍ക്കായും ഒരു വേദി വേണമെന്നും രാജ്ബര്‍ ആവശ്യപ്പെട്ടു.
എല്ലാ സ്ത്രീകളും തെറ്റുകാരാണെന്നോ എല്ലാ പുരുഷന്‍മാരും തെറ്റുകാരാണെന്നോ താന്‍ പറയില്ല. എന്നാല്‍, മറ്റുള്ളവരെ അനാവശ്യമായി ദ്രോഹിക്കുന്ന ആളുകള്‍ രണ്ടു വിഭാഗങ്ങളിലുമുണ്ട്.
അതുകൊണ്ടു തന്നെ പുരുഷന്‍മാരുടെ വിഷമതകള്‍ കേള്‍ക്കാനും പരിഹരിക്കാനും വേദി കൂടിയേ തീരൂ. പാര്‍ലമെന്റിലും ഈ വിഷയം ഉന്നയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it