Flash News

ഭരണഘടനാ സ്ഥാപനങ്ങളുടെ അവകാശങ്ങള്‍ ജുഡീഷ്യറി നിഷേധിക്കരുത് : മുഖ്യമന്ത്രി



കൊച്ചി: ഭരണഘടനാ സ്ഥാപനങ്ങളുടെ അവകാശങ്ങള്‍ ഹനിക്കുന്ന വിധത്തില്‍ ജുഡീഷ്യറി പ്രവര്‍ത്തിക്കരുതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള ഹൈക്കോടതിയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജുഡീഷ്യറി, എക്‌സിക്യൂട്ടീവ്, ലെജിസ്ലേച്ചര്‍ എന്നിവ ഭരണഘടനയുടെ മൂന്നു തൂണുകളാണ്. ഓരോ ഭരണഘടനാ സ്ഥാപനങ്ങള്‍ക്കുമുള്ള അധികാരങ്ങളും അവകാശങ്ങളും പ്രത്യേകമായി വിഭജിച്ചിട്ടുണ്ട്. ഇവ തമ്മിലുള്ള പരിശോധനയും സന്തുലനാവസ്ഥയുമാണ് ഭരണഘടന വിവക്ഷിക്കുന്നത്. എന്നാല്‍, ഒന്നിന്റെ അധികാരത്തിനു മേല്‍ മറ്റൊന്ന് അതിലംഘിക്കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന സന്തുലനാവസ്ഥയ്ക്കു വിരുദ്ധമായി കണക്കാക്കേണ്ടി വരും. കേന്ദ്രത്തിനു കീഴില്‍ സംതൃപ്തമായ സംസ്ഥാനങ്ങള്‍ സഹകരിച്ച് മുന്നോട്ടുപോവുന്ന കോ-ഓപറേറ്റീവ് ഫെഡറലിസം വ്യവസ്ഥയാണ് ഭരണഘടന നിര്‍ദേശിക്കുന്നത്. വിവിധ ജാതി, മത, ലിംഗ, ഭാഷ വിഭാഗങ്ങള്‍ രാജ്യത്തുണ്ട്. ഈ വൈവിധ്യങ്ങള്‍ അംഗീകരിച്ചു വേണം കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ നടപ്പാക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമങ്ങളുമായി ജുഡീഷ്യറി ആരോഗ്യകരമായ ബന്ധം സൂക്ഷിക്കണമെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം പറഞ്ഞു. ലോക് അദാലത്ത് പോലുള്ള ജുഡീഷ്യറിയുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി കാര്യക്ഷമമായ വാര്‍ത്താ പ്രചാരണ സംവിധാനം ഉണ്ടായിരിക്കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ കാര്യക്ഷമമായി സംവിധാനം ഉണ്ടായിരിക്കണമെന്നു സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു. നീതി ലഭിക്കാനുള്ള താമസം സാധാരണക്കാര്‍ക്ക് നിയമവ്യവസ്ഥയില്‍ വിശ്വാസം നഷ്ടപ്പെടാന്‍ കാരണമാവുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it