World

ഭക്ഷണം പാഴാക്കുന്നവരില്‍ ഒന്നാമത് അറബികളെന്നു പഠനം

ജിദ്ദ: ലോകത്തു ഭക്ഷണം പാഴാക്കുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തു സൗദി അറേബ്യയെന്നു റിപോര്‍ട്ട്. പരിസ്ഥിതി, ജല, കാര്‍ഷിക മന്ത്രാലയം പ്രസിദ്ധീകരിച്ച റിപോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. രാജ്യത്ത് ഉല്‍പാദിപ്പിക്കുന്ന ഭക്ഷണങ്ങളില്‍ 30 ശതമാനവും പാഴാക്കിക്കളയുകയാണ്. ഒരു വര്‍ഷം 4900 കോടി റിയാലിന്റെ ഭക്ഷണമാണു സൗദി പാഴാക്കുന്നത്.
സൗദി അറേബ്യയിലാണു ലോകത്ത് ഏറ്റവും കൂടുതല്‍ ധാന്യങ്ങള്‍ ഭക്ഷിക്കുന്നത്. ഇവിടെ ഒരു വര്‍ഷം ശരാശരി ഒരാള്‍ 158 കിലോ ധാന്യങ്ങള്‍ ഭക്ഷിക്കുന്നുണ്ടെങ്കില്‍ ലോക ശരാശരി ഒരാള്‍ക്ക് 145 കിലോയാണ്. 2017 ലെ കണക്കു പ്രകാരം ജിദ്ദ റെഡ് സീ മാളിലെ ഫുഡ് കോര്‍ട്ട് റസ്‌റ്റോറന്റുകള്‍ പാഴാക്കിയതു 49 ടണ്‍ ഭക്ഷണമാണ്. 1,44,000 പേര്‍ക്കുള്ള ഭക്ഷണം വരുമിത്. അത്താഴവിരുന്നുകള്‍, കല്യാണങ്ങള്‍, റസ്‌റ്റോറന്റുകള്‍, ഹോട്ടല്‍ ബുഫെകള്‍ എന്നിവിടങ്ങളിലാണു വലിയൊരു ഭാഗം ഭക്ഷണവും പാഴാക്കുന്നത്. ഒരു വര്‍ഷം ആഗോളതലത്തില്‍ പാഴാക്കുന്ന ഭക്ഷണത്തിന്റെ ശരാശരി 115 കിലോ ആണെങ്കില്‍ സൗദിയില്‍ അത് 250 കിലോയാണ്.
അതിഥികള്‍ക്കു മുന്നില്‍ മേനിനടിക്കുന്നതിനു റസ്‌റ്റോറന്റുകളിലും ഹോട്ടലുകളിലും വലിയ പാര്‍ട്ടികള്‍ നടത്തുന്ന പ്രവണത പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഭക്ഷണം പാഴാക്കുന്നതിനും ധൂര്‍ത്തിനുമെതിരേ നിയമനിര്‍മാണത്തിന് ഒരുങ്ങുകയാണു സൗദി ശൂറാ കൗണ്‍സില്‍. ഇതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഈ മാസം അവസാനത്തോടെ ശൂറാ കൗണ്‍സിലിന്റെ പരിഗണനയ്ക്കുവരുമെന്നു സൗദി ഗസറ്റ് റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it