Flash News

ബ്ലഡ് ബാങ്കുകളും ആശുപത്രികളും തമ്മില്‍ ഏകോപനമില്ല; പാഴായത് ആറുലക്ഷം ലിറ്റര്‍ രക്തം

മുംബൈ: രക്തത്തിനായി രോഗികള്‍ നെട്ടോട്ടമോടുമ്പോഴും ആശുപത്രികളും ബ്ലഡ് ബാങ്കുകളും തമ്മില്‍ ഏകോപനമില്ലാത്തതിനാല്‍ പാഴായത് ആറുലക്ഷം ലിറ്റര്‍ രക്തം. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 28 ലക്ഷം യൂനിറ്റ് രക്തവും അനുബന്ധ ഘടകങ്ങളുമാണ് ദേശീയ രക്തബാങ്ക് സംവിധാനത്തിലെ ഗുരുതര പിഴവുകള്‍ മൂലം പാഴായത്. ഇവ ഏകദേശം ആറുലക്ഷം ലിറ്റര്‍ വരും. പ്രതിവര്‍ഷം മൂന്ന് ദശലക്ഷം യൂനിറ്റ് രക്തത്തിന്റെ അപര്യാപ്തതയാണ് ഇന്ത്യ നേരിടുന്നത്. രക്തം, പ്ലാസ്മ, പ്ലേറ്റ്‌ലെറ്റ്‌സ് എന്നിവയുടെ അഭാവം പ്രസവം, അപകടം എന്നിവമൂലമുണ്ടാവുന്ന മരണനിരക്ക് വര്‍ധിക്കുന്നതിനു കാരണമാവുന്നു.
മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളാണ് രക്തം ഇത്തരത്തില്‍ ഉപയോഗിക്കാതെ പാഴാക്കുന്നതില്‍ മുന്നില്‍. നാഷനല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ വിവരാവകാശപ്രകാരം നല്‍കിയ റിപോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്. ആയിരക്കണക്കിനു രക്തദാനക്യാംപുകള്‍ സംഘടിപ്പിക്കാറുണ്ടെങ്കിലും രക്തം ഇത്തരത്തില്‍ പാഴാവുന്നതും രക്തബാങ്കുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്തതും ആരോഗ്യപ്രവര്‍ത്തകരില്‍ ആശങ്കയുളവാക്കുന്നു. ഒരേസമയം ആയിരക്കണക്കിനു ബ്ലഡ് യൂനിറ്റുകള്‍ സൂക്ഷിക്കാനുള്ള സംവിധാനത്തിന്റെ അപര്യാപ്തതയും പ്രധാന പ്രശ്‌നമാണ്.
മൂന്നുമാസം കൂടുമ്പോള്‍ രക്തം ദാനം ചെയ്യാത്തതും രക്തദാന ക്യാംപുകള്‍ വഴി ഒരേസമയം ആവശ്യത്തിലധികം രക്തം ശേഖരിക്കുന്നതും പാഴാവുന്നതിന്റെ പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

[related]
Next Story

RELATED STORIES

Share it