palakkad local

ബ്രാഞ്ച് സെക്രട്ടറിയെയും കുടുംബശ്രീ ചെയര്‍പേഴ്‌സനെയും സിപിഎം പുറത്താക്കി

നെന്മാറ: കുടുംബശ്രീ വായ്പ തിരിമറിയില്‍ ഉള്‍പ്പെട്ടെ സിപിഎം ഭാരവാഹികളെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കി. സിപിഎം മാട്ടുപ്പാറ ബ്രാഞ്ച് സെക്രട്ടറി അനിലിനേയും പേഴുംപാറ വനിത ബ്രാഞ്ച് കമ്മിറ്റിയംഗവും നെന്മാറ ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ ചെയര്‍പേഴ്‌സനുമായ റീനാ സുബ്രഹ്മണ്യനെയുമാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
നെന്മാറ ഗ്രാമപ്പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലെ ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ക്ക് (ജെഎല്‍ജി) കനറാ ബാങ്ക് മുഖേന വായ്പ നല്‍കിയതില്‍ തുക തിരിമറി നടത്തിയതായി ‘തേജസ് ‘വാര്‍ത്ത ന ല്‍കിയിരുന്നു. ഈ സംഭവത്തി ല്‍ പാര്‍ട്ടി കമ്മീഷനെ നിയമിച്ച് അന്വേഷണം നടത്തിയിരുന്നു. ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുറത്താക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം കൊല്ലങ്കോട് ഏരിയ കമ്മിറ്റി തീരുമാനിച്ചത്.
വിവിധ വാര്‍ഡുകളില്‍ സി പിഎം അംഗങ്ങള്‍ ഉള്‍പ്പെട്ട ജെഎല്‍ജികള്‍ രൂപീകരിച്ച് കനറാ ബാങ്ക് മുഖേന നാലു ലക്ഷം രൂപ വായ്പ വാങ്ങി നല്‍കിയിരുന്നു. ഇത്തരത്തില്‍ വായ്പ കിട്ടിയ ഗ്രൂപ്പുകളില്‍ നിന്നാണ് 74 ലക്ഷം തിരിമറിയിലൂടെ തട്ടിയെടുത്തുവെന്നാണ് ആരോപണം. ഇതു സംബന്ധിച്ച് പാര്‍ട്ടിക്ക് ചില യൂനിറ്റുകള്‍ പരാതി നല്‍കിയിരുന്നു. കൂടാതെ രണ്ടു ജെഎല്‍ജി യൂനിറ്റ്  പോലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പാര്‍ട്ടി സമ്മര്‍ദത്തെ തുടര്‍ന്ന് പോലിസില്‍ നല്‍കിയ പരാതി പിന്നീട് പിന്‍വലിക്കുകയും ചെയ്തു. ഇത് വിവാദമായതിനെ തുടര്‍ന്നാണ് സിപിഎം കൊല്ലങ്കോട് ഏരിയാ കമ്മിറ്റി മൂന്നംഗ അന്വേഷണ കമ്മീഷനെ വെച്ചത്.
നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ഏരിയാ കമ്മിറ്റിയംഗവുമായ പി വി രാമകൃഷ്ണന്‍, സിയാവുദ്ദീന്‍, നാരായണനുണ്ണി എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. വക്കാവിലെ വിവിധ ജെഎല്‍ജി ഗ്രൂപ്പുകളില്‍ നിന്നും, വക്കാവ് ബ്രാഞ്ച് കമ്മിറ്റിയില്‍ നിന്നും, വിവാദവുമായി ബന്ധപ്പെട്ട പാര്‍ട്ടി അംഗങ്ങളില്‍ നിന്നും കമ്മീഷന്‍ വിവരങ്ങള്‍ ശേഖരിച്ച്  റിപോര്‍ട്ട് നല്‍കി. ഈ റിപോര്‍ട്ടിലാണ് പാര്‍ട്ടിയ്ക്ക് നിരക്കാത്ത രീതിയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതും കുറ്റക്കാരായ ഇരുവരെയും പുറത്താക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. പുറത്താക്കല്‍ സംബന്ധിച്ച് തീരുമാനം പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് കനത്ത തിരിച്ചടിയായിട്ടുണ്ട്.
പാര്‍ട്ടി ഭാരവാഹികള്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് അറിഞ്ഞിട്ടും നെന്മാറ ലോക്കല്‍ കമ്മിറ്റി ജാഗ്രത പാലിച്ചില്ലെന്നും  ഗ്രാമപ്പഞ്ചായത്ത് ഭരണസമിതി വായ്പ വിതരണത്തില്‍ അനാസ്ഥ കാണിച്ചതായും റിപോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് വായ്പ ക്രമക്കേട് സംബന്ധിച്ച് വാര്‍ത്ത തേജസ് പുറത്തുകൊണ്ടുവന്നത്. ഇതിനുശേഷം നടന്ന കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പില്‍ ആരോപണ വിധേയായ ചെയര്‍പേഴ്‌സണെതിനെ പാര്‍ട്ടി നടപടിയുണ്ടാവുമെന്നറിഞ്ഞിട്ടും വീണ്ടും ചെയര്‍പേഴ്‌സണാക്കാന്‍ ലോക്കല്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
കുടുംബശ്രീ വായ്പ തിരിമറിയിലൂടെ പണം തട്ടിയെടുത്തതു സംബന്ധിച്ച പാര്‍ട്ടിയുടെ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് ഏരിയാ കമ്മിറ്റി അംഗീകരിച്ചു. ഇത് മേല്‍ക്കമ്മിറ്റിയായ ജില്ലാ കമ്മിറ്റിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ട്. ജില്ലാ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചുകഴിഞ്ഞാല്‍ അത് നെന്മാറ ലോക്കല്‍ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യുകയും അത് പ്രകാരം നടപടിയ്ക്ക് വിധേയരായവര്‍ ഉള്‍പ്പെട്ട ബ്രാഞ്ച് കമ്മിറ്റി നടപടി സ്വീകരിക്കുകയും ചെയ്യുന്നതോടെയാണ് പുറത്താക്കല്‍ നടപടി പൂര്‍ത്തിയാകുക.
Next Story

RELATED STORIES

Share it