Sports

ബ്രസീല്‍ വീണ്ടും അങ്കത്തട്ടിലേക്ക്



പാരീസ്:  ഇടവേളയ്ക്കു ശേഷം ഫിഫ ലോക രണ്ടാം നമ്പര്‍ ടീമായ ബ്രസീല്‍ വീണ്ടും അങ്കത്തട്ടിലേക്ക്. ഇന്നു പാരിസില്‍ നടക്കുന്ന മല്‍സരത്തില്‍ ഏഷ്യന്‍ ശക്തികളും ഫിഫ റാങ്കിങ് പട്ടികയില്‍ 44-ാം സ്ഥാനത്തുമുള്ള ജപ്പാനാണ് ബ്രസീലിന്റെ എതിരാളികള്‍. ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചരക്കാണ് ഇരു ടീമുകളും മുഖാമുഖമെത്തുക.  നേരത്തേ 2018  റഷ്യന്‍ ലോകകപ്പിലേക്കുള്ള ടിക്കറ്റെടുത്ത ഇരുടീമും മൂന്നു വര്‍ഷത്തിനു ശേഷമാണ് പരസ്പരം മല്‍സരിക്കാനെത്തുന്നത്.  2014 ഒക്ടോബറില്‍ സൗഹൃദ മല്‍സരം നടത്തിയപ്പോള്‍ ജപ്പാനെ 4-0 ന് തകര്‍ത്താണ് ബ്രസീല്‍ വരവറിയിച്ചത്. യൂറോപ്യന്‍  സൂപ്പര്‍ ക്ലബ് ബാഴ്‌സലോണയില്‍ നിന്നും പി എസ് ജി യിലേക്ക് ചേക്കേറിയ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്മറിനെ നെഞ്ചോട് ചേര്‍ത്ത ഫ്രഞ്ച് ആരാധകര്‍ക്കു മുന്നിലാണ് ബ്രസീലിന്റെ പോരാട്ടമെന്നത് മല്‍സരത്തെ ആവേശക്കടലാക്കും.  പി എസ് ജി പ്രതിരോധക്കോട്ട ഭദ്രമാക്കി നിര്‍ത്തുന്ന ഡാനി ആല്‍വ്‌സും മാര്‍ക്കിനോസും കൂടിച്ചേരുമ്പോള്‍ കാണികള്‍ക്കത് മികച്ച വിരുന്നാവും. അതേ സമയം ലിവര്‍പൂള്‍ മാന്ത്രികന്‍ ഫിലിപ് കുട്ടീഞ്ഞോയുടെ തുടയെല്ലിനേറ്റ പരിക്ക് ബ്രസീല്‍ മിഡ്ഫീല്‍ഡില്‍ ടീമിന് തലവേദനയുണ്ടാക്കുന്നുണ്ട്. നെയ്മറെ തളക്കുക എന്ന ജപ്പാന്‍ പ്രധിരോധക്കോട്ടയുടെ തന്ത്രം വിജയിക്കാന്‍ ജപ്പാന്‍ ഇന്ന് വിയര്‍ത്ത് പോരാടേണ്ടി വരും. ബ്രസീലിനെ പൂട്ടാനുള്ള തന്ത്രങ്ങളില്‍ വിജയിച്ചാല്‍ അട്ടിമറിയിലൂടെ ആദ്യമായി ജപ്പാന് ബ്രസീലിന്‍മേല്‍ ആധിപത്യമുറപ്പിക്കാം. പരിചയ സമ്പന്നരായ ഷിന്‍ജി കഗാവയും കെയ്‌സുകെ ഹോണ്ടയും ഷിന്‍ജി ഒകസാകിയുമില്ലാതെയാണ് ജപ്പാന്‍ ഇന്നു അങ്കപ്പോരിനിറങ്ങുന്നത്. പക്ഷേ, യുവതാരങ്ങളെ കളത്തിലിറക്കി പരീക്ഷിക്കുന്ന ജപ്പാന്‍ ടീമില്‍ കെന്യു സുഗിമോട്ടോയും കസൂക്കി നഗസാവയുമായിരിക്കും തുറുപ്പുചീട്ട്. പി എസ് ജി യില്‍ കാലെടുത്തുവച്ച നെയ്മര്‍ അതിഗംഭിര തുടക്കമാണ് ക്ലബിനു വേണ്ടി പുറത്തെടുത്തത്.  ഇക്കഴിഞ്ഞ തെക്കെ അമേരിക്കന്‍ ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഒന്നാമതെത്തിയാണ് ബ്രസീല്‍ ലോകകപ്പിലേക്ക് യോഗ്യത നേടിയത്. അതേ സമയം, ഏഷ്യന്‍ ശക്തികളായ ജപ്പാന്‍ 2-0 ന് ആസ്‌ത്രേലിയയെ തകര്‍ത്താണ് റഷ്യന്‍ ലോകകപ്പിന് ടിക്കറ്റെടുത്തത്.
Next Story

RELATED STORIES

Share it