Flash News

ബ്രദര്‍ഹുഡിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാന്‍ നീക്കം



വാഷിങ്ടണ്‍: മുസ്്‌ലിം ബ്രദര്‍ഹുഡിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാന്‍ റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ കടുത്ത ഇസ്രായേല്‍ അനുകൂലികള്‍ നീക്കം നടത്തുന്നു. കടുത്ത വംശീയവാദിയായ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഈ നീക്കത്തെ അനുകൂലിക്കുന്നുവെന്നാണ് കരുതപ്പെടുന്നത്. ഈജിപ്ഷ്യന്‍ ഏകാധിപതി അല്‍സീസി ബ്രദര്‍ഹുഡിനെ ഭീകര സംഘടനയായി പ്രഖ്യാപിക്കാന്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഈജിപ്ഷ്യന്‍ റബര്‍സ്റ്റാമ്പ് പാര്‍ലമെന്റിലെ അംഗങ്ങളുടെ ഒരു പ്രതിനിധിസംഘം ഈയാവശ്യത്തിനായി ഈയിടെ യുഎസ് സന്ദര്‍ശിച്ചിരുന്നു. വൈകിയാണെങ്കിലും ഈജിപ്തിലെ ജനാധിപത്യ വിപ്ലവത്തിന് പിന്തുണ നല്‍കിയ ബ്രദര്‍ഹുഡിനെ അറബ് ഏകാധിപതികള്‍ വലിയ ശത്രുവായിട്ടാണ് കണക്കാക്കുന്നത്. അതേയവസരം, തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി പലപ്പോഴുമവര്‍ സംഘടനയെ ഉപയോഗപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഈജിപ്തിലെ ജമാല്‍ അബ്ദുന്നാസര്‍ അറബ് ലോകത്ത് വീരനായകനായുയര്‍ന്നുവന്നപ്പോള്‍ സൗദി അറേബ്യ ബ്രദര്‍ഹുഡിനെ പിന്തുണച്ചു. പല ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെയും ജയിലിലിടുകയും വിചാരണപ്രഹസനം നടത്തി വധിക്കുകയും ചെയ്തപ്പോള്‍ സൗദികളാണ് ബ്രദര്‍ഹുഡ് നേതാക്കള്‍ക്ക് അഭയം നല്‍കിയത്. എന്നാല്‍, പിന്നീട് ഇസ്്‌ലാമിക ജനാധിപത്യ സംരംഭങ്ങള്‍ പൊതുവില്‍ തങ്ങള്‍ക്കെതിരാണെന്ന് കണ്ടപ്പോള്‍ സൗദികള്‍ നിലപാട് മാറ്റി. ഇപ്പോള്‍ ഖത്തറും തുര്‍ക്കിയും മാത്രമാണ് ബ്രദര്‍ഹുഡിനോടനുഭാവം പുലര്‍ത്തുന്നത്. സംഘടനയോടുള്ള ശത്രുത ബ്രദര്‍ഹുഡിനെ ഇറാനോട് അടുപ്പിക്കുമെന്ന് നിരീക്ഷകര്‍ കരുതുന്നു. സുന്നി മുസ്്‌ലിം സംഘടനയാണെങ്കിലും വിശാലമായ കാഴ്ചപ്പാട് കാരണം ബ്രദര്‍ഹുഡ് നേതൃത്വം പൊതുവില്‍ ഇറാനോട് ശത്രുത കാണിക്കാറില്ല. മാത്രമല്ല; യുഎസ് അഫ്ഗാനിസ്താന്‍ കീഴടക്കിയപ്പോള്‍ ശിയാ വിരുദ്ധരായ അല്‍ഖാഇദയുടെ പല നേതാക്കള്‍ക്കും ഇറാന്‍ അഭയം നല്‍കിയിരുന്നു. ഈജിപ്ഷ്യന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഉടനെ മുഹമ്മദ് മുര്‍സി ആദ്യം സന്ദര്‍ശിച്ച രാജ്യങ്ങളിലൊന്ന് ഇറാനായിരുന്നു.
Next Story

RELATED STORIES

Share it