World

ബ്രക്‌സിറ്റ്: ഉടമ്പടികള്‍ക്ക് ഏകദേശ ധാരണ

ലണ്ടന്‍: യൂറോപ്യന്‍ യൂനിയനും ബ്രിട്ടനും ബ്രക്‌സിറ്റ് സംബന്ധിച്ച് ഏകദേശ ധാരണയിലെത്തിയതായി റിപോര്‍ട്ട്. യൂറോപ്യന്‍ യൂനിയനില്‍ നിന്നു പുറത്തുവരുമ്പോള്‍ യൂനിയനുമായുള്ള ഭാവി ബന്ധങ്ങളും വ്യാപാരവും രാജ്യത്തെ എങ്ങനെ ബാധിക്കുമെന്നതിനെക്കുറിച്ച് കഴിഞ്ഞ ദിവസം യൂറോപ്യന്‍ യൂനിയനിലെ ഉന്നത നേതാക്കളുമായി ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മെയ് ചര്‍ച്ച നടത്തിയിരുന്നു. യൂറോപ്യന്‍ യൂനിയന്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ബ്രക്‌സിറ്റിലെ തടസ്സങ്ങള്‍ നീങ്ങിത്തുടങ്ങിയത്. ചര്‍ച്ച ബ്രക്‌സിറ്റ് നടപടികള്‍ എളുപ്പമാക്കിയതായാണ് വിവരം.ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മെയ് യൂറോപ്യന്‍ യൂനിയനില്‍ നിന്നു പുറത്തുവന്നാലുള്ള ബ്രിട്ടന്റെ ഭാവിയെക്കുറിച്ചു നേതാക്കളുമായി സംസാരിച്ചു. ബന്ധങ്ങള്‍ അവസാനിപ്പിക്കുന്നതിനെക്കാള്‍ പ്രയാസകരമാണ് പുതിയ ബന്ധങ്ങള്‍ക്ക് ശ്രമിക്കുന്നതെന്നു യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌ക് ബ്രക്‌സിറ്റ് സംബന്ധിച്ച് പറഞ്ഞു. ബ്രിട്ട—ന്റെ നഷ്ടപരിഹാര ചര്‍ച്ചകള്‍ ഭാവിയിലെ ബന്ധങ്ങളിലേക്കുള്ള ചവിട്ടുപടിയാവുമെന്നും അദ്ദേഹം പറഞ്ഞു.ബ്രസ്സല്‍സില്‍ എത്തിയ തെരേസാ മെയ് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജങ്കറിനെ ഐറിഷ് അതിര്‍ത്തിത്തര്‍ക്കത്തില്‍ തീരുമാനം അറിയിച്ചുവെന്നാണ് റിപോര്‍ട്ട്. ബ്രിട്ടനില്‍ താമസിക്കുന്ന യൂറോപ്യന്‍ യൂനിയന്‍ പൗരന്മാരെ സംരക്ഷിക്കണമെന്നും യൂനിയന്‍ ബ്രിട്ടനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്നാണ് ഇയു എക്‌സിക്യൂട്ടീവ് അറിയിച്ചത്.
Next Story

RELATED STORIES

Share it