kozhikode local

ബൊട്ടാണിക്കല്‍ മരങ്ങള്‍ മുറിച്ചുമാറ്റുന്ന സംഭവം; പ്രതിഷേധം ശക്തമാവുന്നു

വടകര: മടപ്പള്ളി ഗവ.കോളജിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ വിദ്യാര്‍ഥികളടക്കമുള്ള സംഘടനകളുടെ പ്രതിഷേധം ശക്തമാവുന്നു. കോളജ് യൂനിയന്‍, എസ്എഫ്‌ഐ, റവല്യൂഷണറി യൂത്ത്, വടകരയിലെ ജനകീയ മുന്നണി സംഘടനകള്‍ സമരരംഗത്താണ്.
സ്റ്റേഡിയം സ്ഥാപിക്കുമ്പോള്‍ 38 മരങ്ങളാണ് വെട്ടി മാറ്റേണ്ടി വരുന്നത്. മുറിക്കേണ്ട മരങ്ങള്‍ക്ക് കഴിഞ്ഞ ദിവസം നമ്പറിട്ടിരുന്നു. ഇതോടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കേന്ദ്ര സര്‍ക്കാറിന്റെ റൂസ പദ്ധതി പ്രകാരമാണ് കോളജില്‍ ഇന്‍ഡോര്‍ സ്റ്റേഡിയെ നിര്‍മിക്കുന്നത്. മൊത്തം രണ്ടു കോടി രൂപയോളം ഫണ്ടാണ് ഇതിനായി നീക്കിവച്ചിട്ടുള്ളത്.
ആദ്യഘട്ടമായി 35 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഇതുപ്രകാരം സ്റ്റേഡിയെ നിര്‍മിക്കാനുള്ള പദ്ധതി പഡബ്ല്യുഡിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. നേരത്തെ കോളജ് മൈതാനത്തിനു സമീപം തന്നെ സ്റ്റേഡിയെ നിര്‍മ്മിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും ഇവിടെ മണ്ണടിക്കേണ്ടി വരുമെന്നതിനാലാണ് സ്ഥലം മാറ്റിയത്.
ബൊട്ടാണിക്കല്‍ ഗാര്‍ഡന് മധ്യത്തിലായി നേരത്തെ തന്നെ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടും, ടെന്നിസ് കോര്‍ട്ടുമുണ്ട്. ഇതിനോടു ചേര്‍ന്നു തന്നെ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കുന്നത് ഗുണപ്രദമാകുമെന്ന വാദത്തിലാണ് ഇവിടെ സ്ഥലം നിശ്ചയിച്ചത്. എന്നാല്‍ ഇതിന് മരങ്ങള്‍ മുറിച്ച് മാറ്റേണ്ടി വരും. കുറച്ചു മരം മാത്രമേ മുറിക്കേണ്ടി വരൂ എന്നാണ് ആദ്യം കണക്കാക്കിയത്. എന്നാല്‍ പിഡ്ബ്ല്യുഡി അടയാളപ്പെടുത്തിയ ശേഷമാണ് 38 മരങ്ങള്‍ മുറിക്കേണ്ടി വരുമെന്ന് വ്യക്തമായത്. 20 ഇനം മരങ്ങളാണ് ഇങ്ങനെ മുറിക്കേണ്ടി വരിക. ചമത, വാക, ഊങ്ങ്, മഹാഗണി, അക്കേഷ്യ, മന്ദാരം, പ്ലാവ് തുടങ്ങിയ മരങ്ങളെല്ലാം ഇതില്‍പെടും.
1980കളിലാണ് അധ്യാപകന്‍ തോമസിന്റെ നേതൃത്വത്തില്‍ കോളജില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തുടങ്ങിയത്. പിന്നീട് ഇത് വിപുലീകരിച്ചു. നൂറിലേറെ സസ്യഇനങ്ങള്‍, ഒട്ടേറെ പക്ഷികള്‍, പൂമ്പാറ്റകള്‍, പറക്കുംപാമ്പ് ഉള്‍പ്പടെയുള്ള ജീവികള്‍ തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്. ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ മരം മുറിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് പ്രിന്‍സിപ്പാള്‍ പറയുന്നത്. അനുയോജ്യമായ സ്ഥലമായി പഡബ്ല്യുഡി നിര്‍ദേശിച്ച സ്ഥലമാണിത്. മുറിക്കേണ്ട മരങ്ങള്‍ അധികൃതര്‍ അടയാളപ്പെടുത്തിയിട്ടുമുണ്ട്. ഇതിന് സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ അനുമതി വേണം.
ഇവര്‍ അനുമതി നല്‍കിയാളും മരം മുറിക്കില്ല. കോളജ് കൗണ്‍സില്‍ യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്യും. എല്ലാവരുടെയും അഭിപ്രായം തേടിയ ശേഷം മാത്രമെ തുടര്‍നടപടികള്‍ ഉണ്ടാകൂ എന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്നും പ്രിന്‍സിപ്പാള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it