malappuram local

ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന യുവാവിനെ അറസ്റ്റ് ചെയ്തു

പൊന്നാനി: ബൈക്കിലെത്തി സ്ത്രീകളുടെ മാല പൊട്ടിച്ച് കടന്നുകളയുന്ന യുവാവിനെ പോലീസ് അറസ്റ്റുചെയ്തു. പൊന്നാനി കാഞ്ഞിരമുക്ക് സ്വദേശി നെടുമ്പുറത്ത് വീട്ടില്‍  റിബിന്‍രാജി (27) നെയാണ് പൊന്നാനി എസ്‌ഐ കെ നൗഫല്‍ അറസ്റ്റ് ചെയ്തത്. പെരുമ്പടപ്പ് പൊന്നാനി, ചങ്ങരംകുളം സ്റ്റേഷന്‍ പരിധികളില്‍ നിന്നായി 2013 മുതല്‍ 2017 വരെ ബൈക്കിലെത്തി 14 സ്ത്രീകളുടെ കഴുത്തിലെ സ്വര്‍ണ്ണാഭരണങ്ങളാണ് റിബിന്‍രാജ് പൊട്ടിച്ചിട്ടുള്ളത്. ഇങ്ങനെ നാല്‍പത്തിഅഞ്ചോളം പവന്‍ സ്വര്‍ണ്ണാഭരണമാണ് ഇയാള്‍ പൊട്ടിച്ചെടുത്തിട്ടുള്ളതെന്ന് പോലിസ് പറഞ്ഞു.
പിടിച്ചുപറിക്കുന്ന ആഭരണങ്ങള്‍ പൊന്നാനി എടപ്പാള്‍ മേഖലകളിലെ ജ്വല്ലറികളിലാണ് റിബിന്‍രാജ് വില്‍പ്പന നടത്തുന്നത്. അവസാനമായി മാലപിടിച്ചുപറിച്ചത്  ഒരുമാസം മുമ്പാണ്. വിജയമാതാ ഇംഗ്ലീഷ്മീഡിയം സ്‌കൂള്‍ അധ്യാപികയും പുഴമ്പ്രം ചാലിയത്ത്  സന്തോഷിന്റെ ഭാര്യയുമായ സ്മിതയുടെ അഞ്ച് പവന്റെ സ്വര്‍ണ്ണാഭരണം കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തില്‍ പോയിവരുന്നതിനിടയില്‍ പുഴമ്പ്രം ഗ്രാമം റോഡില്‍വെച്ച് റിബിന്‍രാജ് ബൈക്കിലെത്തി പൊട്ടിച്ചുകടന്നത്.
സ്വര്‍ണ്ണാഭരണങ്ങള്‍ വിറ്റുകിട്ടുന്ന പണം ആഡംബരജീവിതം നയിക്കാനാണ് പ്രതി ഉപയോഗിക്കുന്ന്. ആഴ്ചകള്‍ക്ക് മുമ്പ് ഇയാള്‍ പുതിയ ഹോണ്ട അമേസ് കാര്‍ വാങ്ങിയിട്ടുണ്ട്. റിബിന്‍രാജ് ഇടക്കിടെ ബൈക്കിന്റെ നമ്പര്‍ മാറ്റുന്നതായി രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ കോടതിയില്‍ ഹാജരാക്കി. റിബിന്‍രാജിനെ പിന്നീട് കസ്റ്റഡയില്‍ വാങ്ങി വിവിധസ്ഥലങ്ങളില്‍ കൊണ്ടുപോയി തെളിവെടുപ്പ് നടത്തുമെന്നും കൂടുതല്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും പോലിസ് പറഞ്ഞു. ഇയാളുടെ കൂട്ടുപ്രതിയെക്കുറിച്ച് പോലിസ് അന്വേഷിച്ചുവരികയാണ്.
Next Story

RELATED STORIES

Share it