ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ തിരിച്ചുകൊടുക്കാനൊരുങ്ങി മഹാരാഷ്ട്ര പോലിസ്

മുംബൈ: ഗുണനിലവാരമില്ലെന്ന കാരണത്താല്‍ 1430 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ തിരിച്ചുകൊടുക്കാനൊരുങ്ങി മഹാരാഷ്ട്ര പോലിസ്. 2008ലെ മുംബൈ ആക്രമണത്തിനു ശേഷമാണു കൂടുതല്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വാങ്ങാന്‍ മഹാരാഷ്ട്ര പോലിസ് തീരുമാനിച്ചത്. ഇങ്ങനെ വാങ്ങിച്ച ജാക്കറ്റുകളാണ് എകെ 47 ബുള്ളറ്റ് വച്ചുള്ള പരീക്ഷണത്തില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നു നിര്‍മാതാക്കള്‍ക്ക് തിരിച്ചുകൊടുക്കാനൊരുങ്ങുന്നതെന്നു മഹാരാഷ്ട്ര എഡിജിപി വി വി ലക്ഷ്മി നാരായണ പറഞ്ഞു. കാണ്‍പൂര്‍ ആസ്ഥാനമായുള്ള മൂന്നു കമ്പനികളുടേതാണു ജാക്കറ്റുകള്‍. 5000 ജാക്കറ്റുകള്‍ക്കാണ് സേന ഓര്‍ഡര്‍ കൊടുത്തിരുന്നത്. ഇതില്‍ 4600 എണ്ണമാണ് കമ്പനി നല്‍കിയത്. ഇതില്‍ 1430 എണ്ണവും ചണ്ഡീഗഡിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലെ പരീക്ഷണത്തില്‍ പരാജയപ്പെടുകയായിരുന്നു. ഇവ തിരിച്ചെടുത്തു പുതിയവ നല്‍കണമെന്നു കമ്പനികളോട് ആവശ്യപ്പെടും. സുരക്ഷാസേനയുടെ സുരക്ഷയില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നു ലക്ഷ്മി നാരായണ വ്യക്തമാക്കി. മുംബൈ ആക്രമണത്തിനു ശേഷം ബുള്ളറ്റ്് പ്രൂഫ് ജാക്കറ്റുകള്‍ പോലുള്ള സുരക്ഷാ ഉപകരണങ്ങള്‍ നല്‍കാന്‍ മിക്ക കമ്പനികളും തയ്യാറായിരുന്നില്ല. ഇതു വന്‍ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരുന്നത്. പിന്നീട് ജാക്കറ്റ് വിതരണത്തിനു തയ്യാറായ കമ്പനികള്‍ കഴിഞ്ഞ വര്‍ഷം അവസാനത്തിലാണു ജാക്കറ്റുകള്‍ നല്‍കിയത്.
Next Story

RELATED STORIES

Share it